ആദ്യ രണ്ടു സ്ഥാനങ്ങളിൽ നിന്ന് ഗേറ്ര്‌സ് പുറത്താകുന്നത് ചരിത്രത്തിൽ ആദ്യം
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ മൈക്രോസോഫ്‌റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് ചരിത്രത്തിൽ ആദ്യമായി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫ്രഞ്ച് ശതകോടീശ്വരനും ആഡംബര വസ്‌തുക്കളുടെ നിർമ്മാണ കമ്പനിയായ എൽ.വി.എം.എച്ചിന്റെ തലവനുമായ ബെർണാഡ് അർണോൾട്ടാണ് ഗേറ്ര്‌സിനെ പിന്നിലാക്കി രണ്ടാംസ്ഥാനം സ്വന്തമാക്കിയത്.
ബ്ളൂംബെർഗാണ് ആഗോള ശതകോടീശ്വര പട്ടിക തയ്യാറാക്കുന്നത്. ബ്ളൂംബെർഗിന്റെ ഏഴുവർഷത്തെ ചരിത്രത്തിൽ ഇതുവരെ ബിൽ ഗേറ്റ്‌സ് രണ്ടാംസ്ഥാനത്തിന് താഴെ എത്തിയിട്ടില്ല. ഇന്നലെ ഫ്രഞ്ച് ഓഹരി വിപണിയിൽ എൽ.വി.എം.എച്ചിന്റെ ഓഹരിമൂല്യം 0.7 ശതമാനം ഉയർന്നതോടെയാണ് അർണോൾട്ടിന് രണ്ടാംസ്ഥാനം ലഭിച്ചത്. 10,760 കോടി ഡോളറിന്റെ ആസ്‌തിയാണ് 70കാരനായ അൺണോൾട്ടിന് ഇപ്പോഴുള്ളത്.
2019ൽ മാത്രം 3,900 കോടി ഡോളറിന്റെ വർദ്ധന അർണോൾട്ടിന്റെ ആസ്‌തിയിലുണ്ടായി. ബ്ലൂംബെർഗിന്റെ 500 പേരുടെ പട്ടികയിൽ ഒരാൾ കുറിച്ച ഏറ്റവും വലിയ വർദ്ധനയാണിത്.
ഒന്നാമൻ
ബെസോസ്
ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ആമസോൺ തലവൻ ജെഫ് ബെസോസ് ആണ്. 12,500 കോടി ഡോളറാണ് അദ്ദേഹത്തിന്റെ സമ്പത്ത്.
$10,760 കോടി
ബിൽ ഗേറ്ര്‌സിനെ പിന്നിലാക്കി രണ്ടാംസ്ഥാനം നേടിയ ബെർണാഡ് അർണോൾട്ടിന്റെ ആസ്‌തി 10,760 കോടി ഡോളറാണ്. ഗേറ്റ്‌സിന്റെ ആസ്‌തിയേക്കാൾ 20 കോടി ഡോളർ മാത്രം കൂടുതൽ.