ayodhya-

ന്യൂഡൽഹി: അയോദ്ധ്യ രാമജന്മഭൂമി - ബാബ്റി മസ്ജിദ് ഭൂമി തർക്കത്തിൽ തുറന്ന കോടതിയിൽ ആഗസ്റ്റ് 2 മുതൽ അന്തിമ വാദം കേൾക്കാൻ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് തീരുമാനിച്ചു. രേഖകൾ തയാറാക്കാൻ ഓഫീസിന് നിർദ്ദേശം നൽകി. മദ്ധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കാൻ നിയോഗിച്ച മൂന്നംഗ സമിതിക്ക് ആഗസ്റ്റ് 15 വരെ അനുവദിച്ചിരുന്ന സമയപരിധി ജൂലായ് 31 വരെയായി കുറയ്‌ക്കുകയും ചെയ്‌തു. സമിതി അന്തിമ റിപ്പോർട്ട് ആഗസ്റ്റ് ഒന്നിന് സമർപ്പിക്കണം. രണ്ടിന് ഉച്ചയ്ക്ക് 2ന് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ്‌മാരായ എസ്. എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്.അബ്ദുൽ നസീർ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ച് ഈ റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടികളിലേക്ക് കടക്കും.

ജൂലായ് 18ന് തത്‌സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ റിട്ട.ജസ്റ്റിസ് ഫക്കീർ മുഹമ്മദ് ഇബ്രാഹീം ഖലീഫുള്ള ചെയർമാനായ സമിതിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇന്നലെ ഈ റിപ്പോർട്ട് പരിശോധിച്ചശേഷമാണ് അന്തിമവാദത്തിന് തീയതി തീരുമാനിച്ചത്. മദ്ധ്യസ്ഥശ്രമം വിജയകരമല്ലെന്ന നിഗമനത്തിൽ കോടതി എത്തിയാൽ ജൂലായ് 25 മുതൽ ദൈനംദിനാടിസ്ഥാനത്തിൽ വാദം തുടങ്ങുമെന്നായിരുന്നു ജൂലായ് 11ന് കോടതി പറഞ്ഞത്.

മദ്ധ്യസ്ഥ ശ്രമങ്ങളിൽ പുരോഗതി ഇല്ലെന്നും കേസ് എത്രയും വേഗം പരിഗണിച്ച് തീർപ്പുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് കക്ഷികളിലൊരാളായ ഗോപാൽസിംഗ് വിശാര നൽകിയ ഹർജി അംഗീകരിച്ചാണ് വാദം തുടങ്ങാനുള്ള തീയതി നിശ്ചയിച്ചത്. 2.77 എക്കർ തർക്കഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും രാംലല്ലയ്ക്കുമായി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരെയുള്ള 14 അപ്പീൽ ഹർജികളാണ് സുപ്രീംകോടതിയിലുള്ളത്.

തർക്കം മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കാൻ മാർച്ച് എട്ടിനാണ് സുപ്രീംകോടതി മുൻ ജസ്റ്റിസ് ഫക്കീർ മുഹമ്മദ് ഇബ്രാഹീം ഖലീഫുള്ള ചെയർമാനും ആത്മീയാചാര്യനും ആർട്ട് ഒഫ് ലിവിംഗ് സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകനും പ്രശസ്ത മദ്ധ്യസ്ഥനുമായ ശ്രീറാം പഞ്ചു എന്നിവർ അംഗങ്ങളുമായി സമിതി രൂപീകരിച്ചത്. അന്ന് എട്ടാഴ്‌ചയാണ് അനുവദിച്ചത്.

പിന്നീട് സമിതി അദ്ധ്യക്ഷന്റെ ആവശ്യം അംഗീകരിച്ച് ആഗസ്റ്റ് 15വരെ കാലാവധി നീട്ടി നൽകി. ഇതാണ് ഇന്നലെ ജൂലായ് 31വരെ പുനർനിശ്ചയിച്ചത്. രാംലല്ലയുൾപ്പെടെ പ്രധാന ഹിന്ദുകക്ഷികളും ഉത്തർപ്രദേശ് സർക്കാരും മദ്ധ്യസ്ഥതയെ എതിർത്തിരുന്നെങ്കിലും സുന്നി വഖഫ് ബോർഡ് അനുകൂലനിലപാടാണെടുത്ത്. അപ്പീലിൽ എത്രയും വേഗം തീർപ്പ് കൽപ്പിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെയും ആർ.എസ്.എസിന്റെയും നിലപാട്. ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നവംബറിൽ വിരമിക്കുന്നതിനാൽ അതിന് മുൻപ് കേസിൽ വിധിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.