കൊൽക്കത്ത: പശ്ചിമബംഗാളിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചലച്ചിത്രതാരങ്ങൾ അടക്കമുള്ള വൻ താരനിരയെയാണ് തൃണമൂൽ കോൺഗ്രസിനായി മുഖ്യമന്ത്രി മമത ബാനർജി രംഗത്തിറക്കിയത്. നുസ്രത് ജഹാൻ, മിമി ചക്രബർത്തി, ശതാബ്ദി റോയി, ദീപക് അധികാർ തുടങ്ങിയവരായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ പ്രധാന താര സ്ഥാനാർത്ഥികൾ.
ഇതിൽ നുസ്രത് ഹാനും മിമി ചക്രബർത്തിയും പാർലമെന്റിലും താരങ്ങളായിരുന്നു.
ഇപ്പോഴിതാ തൃണമൂൽ കോൺഗ്രസിന്റെ വഴിയെ സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വവും എത്തിയിരിക്കുകയാണ്. പന്ത്രണ്ട് സിനിമ-ടെലിവിഷൻ താരങ്ങളാണ് ഇന്ന് ബി.ജെ.പിയിൽ ചേർന്നത്. പ്രമുഖ സിനിമ നടി പർണോ മിത്ര, ഋഷി കൗശിക്, കാഞ്ചന മൊയിത്ര, രൂപാഞ്ജന മിത്ര തുടങ്ങി 12പേരാണ് ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പി പശ്ചിമ ബംഗാൾ സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇവർ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
സിനിമ - സീരിയൽ താരങ്ങളെ പാർട്ടി അംഗങ്ങളാക്കി തിരഞ്ഞെടുപ്പിൽ വലിയ നേട്ടം കൊയ്യുന്ന രീതി ബംഗാളിൽ തൃണമൂൽ കോൺഗ്രസാണ് കൊണ്ടുവന്നത്. ഇതേ പാതയിലാണ് ബി.ജെ.പിയും ഇപ്പോൾ നീങ്ങുന്നത്.