അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ യസീദി പെൺകുട്ടി നാദിയ മുറാദിനോട് വിചിത്രമായ ഒരു ചോദ്യം ചോദിച്ചു നിങ്ങൾക്ക് എന്തിനാണ് നോബൽ സമ്മാനം കിട്ടിയതെന്നായിരുന്നു ആ ചോദ്യം. ഒരുപക്ഷേ നാദിയ മുറാദിന്റെ ലാസ്റ്റ് ഗോൾ എന്ന ആത്മകഥ വായിച്ചിരുന്നെങ്കിൽ ഡൊണാൾഡ് ട്രംപ് ആ ചോദ്യം ചോദിക്കില്ലായിരുന്നു.
ഐസിസ് എന്ന മതതീവ്രവാദ സംഘടനയുടെ അടിമയാക്കപ്പെട്ട നാദിയ മുറാദ് എന്ന പെൺകുട്ടിയിൽ നിന്ന് യസീദി എന്ന മത വിഭാഗത്തെ കുറിച്ചും യസീദിയായി ജനിച്ചതുകൊണ്ടു മാത്രം അനുഭവിക്കേണ്ടി വന്ന നരകയാതനകളെ കുറിച്ചും ലോകമറിഞ്ഞു. യസീദികളോട് എത്രത്തോളം ക്രൂരത കാട്ടാമോ അത്രത്തോളം ദൈവപ്രീതി തങ്ങള്‍ക്കു ലഭിക്കുമെന്ന് ഐസിസ് കരുതുന്നു. അമ്മയും ആറു സഹോദരങ്ങളെ അടക്കമുള്ള കുടുംബത്തെയാണ്ഐസിസിന്റെ കൊടിയ പീഡനത്തിൽ നാദിയക്ക് നഷ്ടമായത്.
1993ൽ ഇറാഖിലെ കോച്ചോ ഗ്രാമത്തിലാണ് നാദിയ ജനിച്ചത് സമാധാനപൂർണമായ അവരുടെ ജീവിതം 2014ൽ ആണ് പൊടുന്നനെ മാറുന്നത്. 2014ൽ സിറിയൻ അതിർത്തിയോടു ചേർന്നുള്ള ഇറാഖിലെ സിൻജാർ പ്രവിശ്യയിലുള്ള കൊച്ചോ എന്ന ചെറുഗ്രാമത്തിലേക്ക് ഭീകരർ ഇരച്ചെത്തിയത്. കുട്ടികളെയും സ്ത്രീകളെയും അവർ തടവുകാരാക്കി. കുട്ടികളെ ഐസിസ് പോരാളികളാക്കി പരിശീലിപ്പിക്കുകയും സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയും ചെയ്തു. ഐസിസിന്റെ ലൈംഗിക അടിമയായി നാദിയ അനുഭവിച്ചത് നരക തുല്യമായ പീഡനമായിരുന്നു. ആയിരക്കണക്കിന് സ്ത്രീകളെയാണ്ഐസിസ് ബലാത്സംഗം ചെയ്തത്. നാദിയയെ പോലെ അപൂർവ്വം ചില പെൺകുട്ടികൾക്കു മാത്രമേ ഐസിസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനായിട്ടുള്ളു.
കൊച്ചു പെൺകുട്ടികളെ പോലും ഐസിസ് ഭീകരർ ലൈംഗികവൃത്തികൾക്കായി ഉപയോഗിച്ചിരുന്നു. കന്യകകളായ പെൺകുട്ടികളെ ഓരോ പുരുഷൻമാർ ലൈംഗിക അടിമകളാക്കി ഉപയോഗിക്കും .അടിമപ്പെൺകുട്ടികളെ ചങ്ങലയിൽ കെട്ടി ചന്തയിൽ വിൽക്കാൻ വെച്ചിരിക്കും.
ഹാജി സൽമാനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച് പിടിക്കപ്പെട്ട നാദിയയെ ലൈംഗിക പൊതുമുതൽ ആക്കി മാറ്റുകയായിരുന്നു. അതിന്റെ അനന്തരഫലമായി ഏല്‍ക്കേണ്ടി വന്ന ശരീര പീഢകൾ അവളെ തളർത്തി..എന്നിട്ടും രക്ഷപ്പെടാനുള്ള മോഹം അവൾ ഉപേക്ഷിച്ചില്ല.. അതിനായി നാദിയ നടത്തിയ സഹനങ്ങളും പോരാട്ടങ്ങളുമാണ് ഞാൻ നാദിയ മുറാദിൽ പ്രതിപാദിക്കുന്നത്. കുർദിസ്ഥാനിൽ നിന്ന് ജർമനിയിലെത്തിയ ശേഷം ഇംഗ്ലണ്ടിലെ മനുഷ്യാവകാശ പ്രവർത്തകയും അഭിഭാഷകയുമായ അമാൽ ക്ലൂണിയെ കണ്ടുമുട്ടുന്നതോടെയാണ് നാദിയ മുറാദിന്റെ ജീവിതം പൂർണമായും മാറുന്നത്. നാദിയയ്ക്കു വേണ്ടി അമാൽ ക്ലൂണി അന്താരാഷ്ട്ര കോടതിയിൽ കേസ് വാദിക്കാൻ തുടങ്ങിയതോടെ യസീദികളുടെ യാതനകൾ ലോകമറിഞ്ഞു. ഇപ്പോൾ യുദ്ധക്കെടുതികൾക്കെതിരായ യസീദികളെ സഹായിക്കാനായി രൂപവത്കരിച്ച യസ്ദ എന്ന സന്നദ്ധ സംഘടനയുടെ സജീവ പ്രവർത്തകയാണ് നാദിയ
ഐസിസിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരുക, ഭൂപടത്തിൽ നിന്നു തന്നെ തുടച്ചു നീക്കപ്പെടുന്ന ജനതയ്ക്ക് അതിജീവന സാദ്ധ്യത നൽകുക. അതാണ് നാദിയയുടെ ലക്ഷ്യം. തന്റെയും തന്നെപ്പോലെ ദുരിതമനുഭവിക്കുന്നവരുടെയും കഥകൾ ലോകത്തിന് മുന്നിൽ ലോകത്തിനു മുന്നിൽ തുറന്നു കാണിക്കാൻ അവർ തയ്യാറായി. അവരുടെ ജീവിതത്തിലെ പ്രധാന അദ്ധ്യയങ്ങളാണ് രാകേഷ് പി.എസ്. എഴുതിയ ഞാൻ നാദിയ മുറാദ് എന്ന പുസ്തകം സത്യസന്ധമായി ആവിഷ്‌കരിക്കുന്നുണ്ട്. സഹിഷ്ണുതയും സഹവർത്തിത്വവും നിറഞ്ഞ ഒരു ലോകം സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന പുസ്തകമാണിതെന്ന് നിസംശയം പറയാം.