university-college

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥി അഖിലിനെ കുത്താനുപയോഗിച്ച കത്തി കോളേജ് വളപ്പിലെ മൺകൂനയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. വധശ്രമക്കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിനെയും നസീമിനെയും വിശദമായി ചോദ്യം ചെയ്തശേഷം സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ കോളേജ് കാമ്പസിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെത്തിയത്. മുഖ്യപ്രതി ശിവരഞ്ജിത്താണ് തൊണ്ടിമുതൽ പൊലീസിന് കാണിച്ചുകൊടുത്തത്. ആക്രമണത്തിന് ഒരാഴ്ച മുൻപ് ഓൺ​ലൈൻ വഴി​യാണ് കത്തി വാങ്ങിയതെന്ന് ശിവരഞ്ജിത്തും നസീമും പൊലീസിനോട് പറഞ്ഞു.

അക്രമി​ക്കാനുപയോഗി​ച്ച ഇരുമ്പു പൈപ്പും വടി​യും കണ്ടെത്തി​. എസ്.എഫ്‌.ഐ യൂണിറ്റ് കമ്മിറ്റി ഓഫീസിലാണ് കത്തി സൂക്ഷിച്ചതെന്നും അഖിലിനെ കൊല്ലുകയായിരുന്നു ഉദ്ദേശ്യമെന്നും പ്രതികൾ വെളിപ്പെടുത്തി. കത്തി കണ്ടെത്തിയ സാഹചര്യത്തിൽ മെഡിക്കൽ കോളേജിൽ അഖിലിനെ ചികിത്സിച്ച ഡോക്ടർമാരെയും അന്വേഷണ സംഘം ഇന്ന് കാണും. ഈകത്തി ഉപയോഗിച്ചാണോ ആക്രമിച്ചതെന്ന് മുറിവിന്റെ സ്വഭാവം പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്. ഇരുവരുടെയും വീടുകളിലും രണ്ട് ദിവസം ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലും പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. സംഭവവുമായി ബന്ധപ്പെട്ട് അഖിലിന്റെ മൊഴികൾ ശരിവയ്ക്കും വിധമാണ് ശിവരഞ്ജിത്തിന്റെയും നസീമിന്റെയും വെളിപ്പെടുത്തലുകൾ.

ഇന്നുരാവിലെ യൂണിവേഴ്‌സിറ്റി കോളേജിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴും പ്രതികൾക്ക് ഒരു കൂസലുമില്ലായിരുന്നു. തങ്ങൾ രാജാവായി വാണിരുന്ന കലാലയത്തിൽ നെഞ്ചുവിരിച്ചുതന്നെയാണ് പ്രതികൾ വീണ്ടുമെത്തിയത്. പൊലീസുകാരുടെ ചോദ്യങ്ങൾക്ക് ഒരു കൂസലുമില്ലാതെ മറുപടിയും നൽകി. അഖിലിനെ അക്രമിച്ച കേസിൽ നേരിട്ട് പങ്കെടുത്ത രണ്ട് പ്രതികളെയും അക്രമിസംഘത്തിലുൾപ്പെട്ട മറ്റ് ഏഴ് പ്രതികളെയും കൂടി പൊലീസിന് പിടികൂടാനുണ്ട്. മുപ്പതംഗ സംഘത്തിലെ പതിനാല് പ്രതികളെ പൊലീസിന് ഇനിയും തിരിച്ചറിയേണ്ടതുണ്ട്. ഇവർക്കായിതെരച്ചിൽ തുടർന്ന് വരികയാണെന്ന് പൊലീസ് പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജിലെ ഉത്തരക്കടലാസുകൾ വീട്ടിൽ നിന്ന് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ശിവരഞ്ജിത്തിന്റെ വീട്ടിലും പൊലീസ് തെളിവെടുപ്പിന് എത്തുമെന്ന് സൂചനയുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അന്വേഷണ സംഘം കൂട്ടാക്കിയിട്ടില്ല. തെളിവെടുപ്പ് പൂർത്തിയാക്കി ഇരുവരെയും ഇന്ന് വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.