heavy-rain-sea

കൊല്ലം: സംസ്ഥാനത്ത് പലയിടങ്ങളിലായി കനത്ത മഴ. റെഡ് അലർട്ട് പ്രഖ്യാപിച്ച കോട്ടയം,​ പത്തനംതിട്ട,​ ഇടുക്കി ജില്ലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. പലയിടങ്ങളിലും മണ്ണിടിച്ചിലും ഗതാഗത തടസവും രൂക്ഷമാണ്. അതിനിടയിൽ കൊല്ലം നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് പേരെ കാണാതായി. രാജു,​ ജോൺ ബോസ്‌കോ,​ സഹായ രാജു എന്നിവരെയാണ് കാണാതായത്. അഞ്ചു പേരുള്ള സംഘത്തിലെ രണ്ട് പേർ നീന്തി രക്ഷപ്പെടുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന മേരി മാതാ എന്നു പേരുള്ള ബോട്ടാണ് അപകടത്തിൽ പെട്ടത്.


പമ്പയിൽ ജലനിരപ്പ് ഉയർന്നു. ശബരിമലയിലും കനത്ത മഴയാണ്. വടക്കൻ ജില്ലകളിലും വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നുണ്ട്.

വാഗമൺ തീക്കോയി റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. മണിക്കൂറുകൾക്ക് ശേഷം മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. പ്ളാംബ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയിട്ടുണ്ട്.

കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കും മധ്യഭാഗത്തും മാലദ്വീപ് ഭാഗങ്ങളിലും മൽസ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്‌.