donkey-case

മാഡ്രിഡ്: വിവാഹം തീരുമാനിക്കുമ്പോൾ മുതൽ എങ്ങനെ തങ്ങളുടെ ബിഗ് ഡേ വെറൈറ്റി ആക്കാമെന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. സേവ് ദ ഡേറ്റും, ഫോട്ടോഗ്രഫിയുമൊക്കെ വ്യത്യസ്തമാക്കാൻ നോക്കും. അത്തരത്തിൽ വിവാഹം കളറാക്കാൻ കഴുതയെ കളറടിച്ച് സീബ്രയാക്കാൻ ശ്രമിച്ച സ്‌പെയിനിലെ നവദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

എൽപാമർ എന്ന ബീച്ചിൽ വച്ചായിരുന്നു വിവാഹം. തങ്ങളുടെ വിവാഹത്തിന് സഫാരി തീമായിരുന്നു ഇവർ തീരുമാനിച്ചിരുന്നത്. വിവാഹ വേദിക്ക് ചുറ്റും പല മൃഗങ്ങളെയും അണിനിരത്തി. അതിഥികൾക്ക് കാട്ടിൽ എത്തിയ പ്രതീതി ഉണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. സീബ്രയെ കിട്ടാത്തതിനാൽ കഴുതയെ പെയിന്റടിച്ച് സീബ്രയാക്കി. കറുപ്പും വെളുപ്പും പെയിന്റടിച്ച സീബ്രകളെ വിവാഹ വേദിക്ക് ചുറ്റും മേയാൻ വിട്ടു.

ഒരു അതിഥി പെയിന്റടിച്ച കഴുതകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. മൃഗങ്ങളോട് എന്തിനാണ് ഈ ക്രൂരത എന്ന് ചോദിച്ച് നിരവധി പേർ രംഗത്തെത്തി. മൃഗസംരക്ഷണ വകുപ്പും സന്നദ്ധ സംഘടനകളും കാര്യം അറിഞ്ഞു. അഗ്രിക്കൾച്ചറൽ ആൻഡ് കൊമേഴ്‌സ്യൽ ഓഫീസും സ്‌പെയിനിലെ ദേശീയ പ്രകൃതി സംരക്ഷണ വകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.