lu

നാസ: അമേരിക്ക മനുഷ്യനെ ചന്ദ്രനിൽ ഇറക്കിയതിന്റെ അൻപതാം വാർഷികത്തിൽ ഇന്ത്യ ചന്ദ്രയാൻ ഇറക്കാൻ ഒരുങ്ങുമ്പോൾ, ചന്ദ്രന്റെ ഭ്രമണപഥത്തിൽ ഒരു സ്ഥിരം ഔട്ട്പോസ്റ്റ് സ്ഥാപിക്കാനും ചന്ദ്രനിൽ ഒരു പുരുഷനെയും ഒരു സ്‌ത്രീയെയും ഒരാഴ്ച താമസിപ്പിക്കാനുമുള്ള പദ്ധതികൾ നാസയുടെ നേതൃത്വത്തിൽ ഒരുങ്ങുന്നു.

2024ൽ പുരുഷ, വനിതാ സഞ്ചാരികളെ ചന്ദ്രനിൽ ഒരാഴ്‌ച താമസിപ്പിക്കാനുള്ള നാസയുടെ 'ആർട്ടിമിസ്' പദ്ധതിയുടെ മുന്നോടിയാണ് ലൂണാർ ഗേറ്റ്‌ വേ അഥവാ ലൂണാർ ഔട്ട്പോസ്റ്റ്. 2020 മദ്ധ്യത്തോടെ ഔട്ട് പോസ്റ്റിന്റെ നിർമ്മാണം പൂർത്തിയാക്കും. ഭാവിയിൽ ചാന്ദ്രദൗത്യങ്ങളുടെ ഗേറ്റ്‌വേ ആയിരിക്കും ഇത്. ചന്ദ്രനിലേക്ക് സഞ്ചാരികളെയും റോബോട്ടുകളെയും മറ്റ് സാമഗ്രികളും ഇതിൽ നിന്ന് അയയ്‌ക്കാം.

അമേരിക്ക, യൂറോപ്പ്, കാനഡ, റഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ബഹിരാകാശ ഏജൻസികളും സ്വകാര്യ ഏജൻസികളും സംയുക്തമായാണ് ഗേറ്റ്‌ വേ സ്ഥാപിക്കുന്നത്. ഭൂമിയെ ചുറ്റുന്ന അന്താരാഷ്‌ട്ര ബഹിരാകാശ നിലയം പോലെ ചന്ദ്രനിൽ നിന്ന് ഭൂമിയിലേക്ക് നീണ്ടു വരുന്ന അതി ദീർഘ വൃത്താകാര ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന സ്ഥിരം നിലയമായിരിക്കും ലൂണാർ ഗേറ്റ്‌വേ.

ലൂണാർ ഗേറ്റ്‌വേ

യാത്രികർക്ക് താമസിക്കാം

പരീക്ഷണശാല

അവശ്യ സാധന സ്റ്റോർ

 ഇന്ധന ഡിപ്പോ

വാർത്താവിനിമയ കേന്ദ്രം

ചന്ദ്രനോട് അടുത്തും ഭൂമിയിൽ നിന്ന് അധികം അകലെയല്ലാതെയുമുള്ള അതി ദീർഘ ഭ്രമണപഥം (നിയർ റെക്‌ടി ലീനിയർ ഹാലോ ഓർബിറ്റ് )

ചന്ദ്രനിലേക്ക് പെട്ടെന്ന് എത്താം. ഭൂമിയിൽ നിന്ന് അധികം സഞ്ചരിക്കാതെ സാധനങ്ങളും യാത്രികരെയും എത്തിക്കാം

ചന്ദനോട് 3000 കിലോമീറ്റർ അടുത്തും (പെരി ല്യൂൺ) 70,000 കിലോമീറ്റർ അകന്നും (അപോ ല്യൂൺ) ആയിരിക്കും ഭ്രമണപഥം.

ഒരു ഭ്രമണത്തിന് ഏഴ് ദിവസം

നാസയുടെ അവസാനത്തെ അപ്പോളോ 17 ദൗത്യത്തിൽ യാത്രികർ മൂന്ന് ദിവസമാണ് ചന്ദ്രനിൽ തങ്ങിയത്.

ദീർഘ ഭ്രമണപഥമായതിനാൽ ഗ്രഹണങ്ങളുടെ നിഴൽ കൂടുതൽ സമയം ഗേറ്റ് വേയിൽ പതിയില്ല. അതിനാൽ സൗരോർജ്ജം തടസപ്പെടില്ല

ഭൂമിയിൽ നിന്ന് ഔട്ട് പോസ്റ്റിൽ എത്താൻ അഞ്ച് ദിവസം വേണ്ടിവരും. അപ്പോളോ യാത്രികർക്ക് ചന്ദ്രനിൽ എത്താൻ മൂന്ന് ദിവസം മതിയായിരുന്നു. അതിനെക്കാൾ രണ്ട് ദിവസം കൂടുതലാണെങ്കിലും ദീർഘഭ്രമണ പഥമായതിനാൽ ഊർജ്ജം ലാഭിക്കാം

വർഷങ്ങൾ എടുത്തായിരിക്കും ഗേറ്റ് വേ പൂർത്തിയാക്കുന്നത്. ഓരോ മോഡ്യൂളും ഭൂമിയിൽ നിർമ്മിച്ച് ബഹിരാകാശത്ത് എത്തിച്ച് നിലയം അസംബിൾ ചെയ്യും.

2020 - 2021ൽ നാസ ആദ്യ മോഡ്യൂളുകൾ എത്തിക്കും.

ഗേറ്റ് വേ പൂർത്തിയായ ശേഷം ചന്ദ്രനിലും സ്ഥിരം വീട്. യാഥാർത്ഥ്യമാകുന്ന ഒരു സ്വപ്നമാണ് അതും.

ആർട്ടിമിസ്

അമേരിക്കയുടെ മുൻ ചാന്ദ്ര ദൗത്യങ്ങൾ ഗ്രീക്ക് ദേവനായ അപ്പോളോയുടെ പേരിലായിരുന്നു. അപ്പോളോ ദേവന്റെ ഇരട്ട സഹോദരിയായ ആർട്ടിമിസിന്റെ പേരിലാണ് പുതിയ ദൗത്യം. ചന്ദ്രന്റെയും ധനുർവിദ്യയുടെയും ദേവതയാണ് ആർട്ടിമിസ്. സീയൂസ് ദേവന്റെ മക്കളാണ് അപ്പോളോയും ആർട്ടിമിസും.