ബാങ്കോക്ക്: അധ്യാപകർ പഠിപ്പിക്കുമ്പോൾ പരസ്പരം സംസാരിക്കുകയും ഉറങ്ങുകയുമൊക്കെ ചെയ്യുന്ന ധാരാളം വിദ്യാർത്ഥികളെ നമ്മൾ കാണാറുണ്ട്. ക്ലാസ് മുറികളിൽ വിദ്യാർത്ഥികളെ ശ്രദ്ധയോടെ ഇരുത്താൻ അധ്യാപകർ പഠിച്ച പണി പതിനെട്ടും തേടും. മിക്കപ്പോഴും ഫലം നിരാശയായിരിക്കും. എന്നാൽ വിദ്യാർത്ഥികളെ ശ്രദ്ധാലുവാക്കാൻ തായ്‌ലന്റിലെ ഇംഗ്ലീഷ് അധ്യാപകനായ തിരഫോങ് മിസറ്റ് ഒരു വഴി കണ്ടെത്തിയിരിക്കുകയാണ്.
ബാലി എന്ന് വിളിപ്പേരുള്ള അധ്യാപകൻ ഫാൻസി ഡ്രസിലെത്തിയാണ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. ഇങ്ങനെ ക്ലാസ് എടുക്കുന്നതിനാൽ കുട്ടികളുടെ ഉറക്കം പോകുമെന്നും കുട്ടികൾ ക്ലാസിൽ കൂടുതൽ ശ്രദ്ധിക്കുമെന്നും ഈ 29കാരനായ അദ്ധ്യാപകൻ പറയുന്നു. ഇത്തരത്തിൽ ഫാൻസി ഡ്രസിൽ ക്ലാസെടുക്കാൻ കാരണം ഒരു സംഭവമാണ്.
കുറച്ച് കാലം മുമ്പ് ബാലി ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയി. തിരിച്ച് വന്നപ്പോൾ വേഷം മാറാൻ സമയം കിട്ടിയില്ല. അതേ വേഷത്തിൽ ക്ലാസിൽ കയറി. ഇത് കണ്ട് വിദ്യാർത്ഥികൾ ആദ്യം അമ്പരക്കുകയും പേടിക്കുകയുമൊക്കെ ചെയ്‌തെങ്കിലും പിന്നെ ക്ലാസിൽ ശ്രദ്ധിച്ചിരിക്കാൻ തുടങ്ങിയെന്ന് ബാലി പറയുന്നു. അതിന് ശേഷം ഈ രീതി തുടരുകയും ചെയ്തു.