മുഖലക്ഷണങ്ങൾ നോക്കി ഒരാളുടെ മനസിലിരിപ്പുവരെ പറയാൻ കഴിയുമത്രേ... കണ്ണിനും ചുണ്ടിനും പുരികത്തിനും മാത്രമല്ല, ശരീരത്തിലെ മറുകുകൾക്കും പറയാനുണ്ടാവും നിങ്ങളെപ്പറ്റി കുറേ കാര്യങ്ങൾ. സാമുദ്രികശാസ്ത്രമനുസരിച്ച് ശരീരത്തിലെ ഓരോ സ്ഥാനത്തെ മറുകിനും ഓരോ ലക്ഷണങ്ങളാണ്.
തല
തലയോട്ടിയിലെ മറുകുകൾ കണ്ടുപിടിക്കാൻ കുറച്ച് പ്രയാസമാണ്. മുടി മുഴുവനായും കളയുമ്പോൾ മാത്രമേ പലപ്പോഴും തലയോട്ടിയിലെ മറുക് കാണാൻ കഴിയൂ. തലയുടെ വലതുഭാഗത്താണ് മറുക് എങ്കിൽ രാഷ്ട്രീയത്തിൽ ശോഭിക്കാൻ കഴിവുണ്ടെന്നാണ് ശാസ്ത്രം. ഏത് മേഖലയിലാണെങ്കിലും സ്വന്തം കഴിവുകൊണ്ട് ശോഭിക്കാൻ കഴിയും. രാഷ്ട്രീയത്തിൽ മാത്രമല്ല, കമ്പനികളിൽ ഉന്നതപദവികളിൽ എത്തിച്ചേരാനും കഴിയും.
നെറ്റി
വീതികൂടിയ നെറ്റിയും നെറ്റിയുടെ വലതുഭാഗത്ത് ഒരു മറുകും ഉള്ളവർ ജീവിതത്തിൽ നല്ല സമ്പാദ്യശീലമുള്ളവരായിരിക്കും.സമൂഹത്തിൽ പേരും പ്രശസ്തിയുമുള്ളവരായിരിക്കും ഇവർ. മറ്റുള്ളവരെ സഹായിക്കാൻ താത്പര്യമുണ്ടാകും. വലിയ ഈശ്വരവിശ്വാസികളാണ് എന്നതും ഇവരുടെ പ്രത്യേകതയാണ്.
കൺപുരികങ്ങൾ
കൺപുരികത്തിന്റെ നടുവിലുള്ള മറുകുകൾ സൂചിപ്പിക്കുന്നത് നേതൃത്വഗുണത്തെയാണ്. ജീവിതത്തിൽ ഉയർന്ന പദവിയിവിയിലെത്താൻ ആഗ്രഹിക്കുന്നവരായിരിക്കും ഇവർ. വലത് കൺപുരികത്തിന്റെ മുകളിൽ മറുകുള്ള പുരുഷന്മാരുടെ വിവാഹം പെട്ടെന്ന് നടക്കാൻ സാധ്യതയുണ്ട്. വിവാഹശേഷമായിരിക്കും ഇക്കൂട്ടർക്ക് ഭാഗ്യത്തിന്റെ നാളുകൾ.
കണ്ണ്
കണ്ണിനകത്ത് മറുകുള്ളവർ പൊതുവിൽ ശാന്തസ്വഭാവക്കാരായിരിക്കും. വളരെ വിരളമായേ കണ്ണിനകത്ത് മറുകുണ്ടാവാറുള്ളൂ. ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും അനുഭവിക്കാൻ ഭാഗ്യമുള്ളവരായിരിക്കും ഇവർ.
മൂക്ക്
വളരെ പെട്ടെന്ന് ചിന്തിക്കുന്നവരും വളരെ പെട്ടെന്ന് തീരുമാനങ്ങളെടുക്കുന്നവരുമായിരിക്കും. മൂക്കിന്റെ തുമ്പിൽ മറുകുള്ളവർ. മറ്റുള്ളവരുടെ ശ്രദ്ധയും ബഹുമാനവും ആഗ്രഹിക്കുന്നവരായിരിക്കും ഇവർ. കുടുംബത്തോടും കൂട്ടുകാരോടും വളരെ നല്ല ബന്ധം പുലർത്തുന്നവരായിരിക്കും.
ചുണ്ട്
മേൽചുണ്ടിൽ മറുകുള്ളവർ പൊതുവെ, വളരെ നല്ല സ്വഭാവക്കാരായിരിക്കും. കീഴ്ചുണ്ടിലാണ് മറുക് എങ്കിൽ അവർ ഭക്ഷണപ്രിയരായിരിക്കും എന്നാണ് പറയപ്പെടുന്നത്. കൂടാതെ കലാകാരന്മാരായിരിക്കും. തനിക്ക് താത്പര്യമുള്ള മേഖലകളിൽ മാത്രം നിലകൊള്ളാൻ ആഗ്രഹിക്കുന്നവരായിരിക്കും ചുണ്ടിൽ മറുകുള്ളവർ.
കവിൾ
ഉത്തരവാദിത്തബോധത്ത സൂചിപ്പിക്കുന്നു കവിളിലെ മറുക്. വളരെ സ്‌നേഹമുള്ള പ്രകൃതക്കാരായിരിക്കും ഇവർ. ഒരു വ്യക്തിയുടെ ഭാഗ്യത്തെ സൂചിപ്പിക്കുന്നതാണ് കവിളിലെ മറുക്. ബന്ധുക്കളും സുഹൃത്തുക്കളുമായി വളരെ നല്ല ബന്ധം പുലർത്തുന്നവരായിരിക്കും ഇക്കൂട്ടർ.
കഴുത്ത്
കഴുത്തിൽ മറുകുള്ളവർ പൊതുവെ പെട്ടെന്ന് ദേഷ്യം വരുന്നവരായിരിക്കും. കൂടുതൽ ചിന്തിക്കാതെ കാര്യങ്ങളോട് പ്രതികരിക്കുന്നവരായിരിക്കും ഇവർ. പൊതുവിൽ ലളിത ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവരും ജന്മനാ കലാവാസനയുള്ളവരുമാണിവർ. ഏത് കാര്യത്തിലും ഭാഗ്യമുള്ളതുകൊണ്ട് ജീവിതത്തിൽ വലിയ പ്രശ്നങ്ങളൊന്നും നേരിടേണ്ടിവരില്ല.
കാൽപാദം
കാലിലെ മറുക് വളരെ നല്ല ലക്ഷണമാണ്. കാലിൽ മറുകുള്ളവർക്ക് നല്ല ജീവിതപങ്കാളിയെ ലഭിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വളരെ നല്ല കുടുംബജീവിതമായിരിക്കും. സാമ്പത്തിക ബാധ്യതകൾ തളർത്തുമെങ്കിലും സ്വന്തം കഴിവുകൊണ്ട് അതിൽ നിന്നൊക്കെ രക്ഷപ്പെടാൻ സാധിക്കും.
ചുമൽ
ചുമലിൽ മറുകുള്ളവർ പൊതുവെ വളരെ ധൈര്യശാലികളായിരിക്കും. ചെയ്യുന്ന ജോലിയിൽ പൂർണ അർപ്പണബോധമുള്ളവരായിരിക്കും. വലിയ ദേഷ്യക്കാരായതുകൊണ്ടുതന്നെ സുഹൃത്തുക്കൾ ഇവരുമായി അടുക്കാൻ കുറച്ച് പ്രയാസമായിരിക്കും. സ്‌നേഹസമ്പന്നരായിരിക്കും ഇവർ.