karnataka-crisis

ബംഗളൂരു: മുഖ്യമന്ത്രി കുമാരസ്വാമിക്ക് വീണ്ടും അന്ത്യശാസനയുമായി ഗവർണർ വാജുഭായ് വാല രംഗത്തെത്തി. ഇന്ന് ആറ് മണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ നിർദ്ദേശം നൽകി. അതേസമയം, ഗവർണറുടെ നടപടിയെ മഹാരാഷ്ട്ര മുൻ ഗവർണർ കെ.ശങ്കരനാരായണൻ തള്ളി. ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ നിശ്ചയിച്ച സമയം ശരിയല്ലെന്ന് അദ്ദേഹം ആരോപിച്ചു. നിയമസഭയിലെ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശം സ്പീക്കർക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം എം.എൽ.എമാർക്കു മേൽ വിപ്പ് ചുമത്താനുള്ള പാർട്ടിയുടെ അവകാശത്തെ ലംഘിക്കുന്നതാണ് വിഷയത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെന്ന് ചൂണ്ടിക്കാണിച്ച് കർണാടക പി.സി.സി അദ്ധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി ഉത്തരവിൽ വ്യക്തത തേടി കുമാരസ്വാമിയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

എന്നാൽ,​ ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവർണറുടെ ആവശ്യം നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ തന്നെ തള്ളിയ സ്പീക്കർ വിശ്വാസ പ്രമേയത്തിലുള്ള ചർച്ചയാണ് ഇന്നത്തെ അജണ്ട എന്ന് നിയമസഭയെ അറിയിച്ചിരുന്നു. പ്രതിപക്ഷം ഇതിനോട് സഹകരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടിരുന്നു. പക്ഷം പിടിക്കാതെ തീരുമാനം എടുക്കാൻ കരുത്തുണ്ടെന്ന് പറഞ്ഞ സ്പീക്കർ രമേഷ് കുമാർ മറിച്ചുള്ള ആരോപണങ്ങൾ ഒന്നും കാര്യമാക്കുന്നില്ലെന്നും പ്രതികരിച്ചു.

കർണാടക നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് ഇന്ന് നടക്കാനിടയില്ലെന്ന്‌ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി. വിശ്വാസ പ്രമേയത്തിന്മേൽ അംഗങ്ങൾക്ക് സംസാരിക്കാനുള്ള സമയം നൽകിയ ശേഷമേ വോട്ടെടുപ്പ് നടക്കൂവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി എം.എൽ.എമാർഎന്തിനാണ് തിടുക്കം കാണിക്കുന്നതെന്നും എച്ച്.ഡി കുമാരസ്വാമി ചോദിച്ചു. കൂറുമാറാൻ ഒരു എം.എൽ.എക്ക് അമ്പത് കോടി രൂപവരെ വാഗ്ദാനം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു കുമാരസ്വാമിയുടെ പ്രസംഗം. സർക്കാരിന് വിശ്വാസം നഷ്ടപ്പെട്ടുവെന്ന ബിജെപി പരാതിയെ തുടര്‍ന്ന്‌ ഗവർണർ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഈ സാഹചര്യത്തിൽ വിശ്വാസം നേടുന്നത് വൈകിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.

ഇന്നലെ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ഗവർണറുടെ നിർദ്ദേശം സ്പീക്കർ അംഗീകരിച്ചിരുന്നില്ല. അതേസമയം, ഗവർണർ ഇന്നലെ നൽകിയ നിർദേശം സർക്കാർ തള്ളി. കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കർണാടകയിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾ. തുടർന്ന് ഇന്ന് 11 മണിയ്ക്ക് വീണ്ടും സഭ ചേർന്നു. അതേസമയം വിശ്വാസവോട്ടെടുപ്പ് നടത്താത്തതിൽ പ്രതിഷേധിച്ച് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ബി.ജെ.പി സഭയ്ക്കുള്ളിൽ ധർണ നടത്തി. ഇന്നലെ രാത്രി​ മുതൽ ബി.ജെ.പി എം.എൽ.എമാർ വിധാൻ സൗധയിലാണ് കഴിഞ്ഞത്.


എന്നാൽ ഗവർണറുടെ കത്തിനെതിരെ നടപടിയ്‌ക്കൊരുങ്ങുകയാണ് കോൺഗ്രസ്. വോട്ടെടുപ്പ് തിങ്കളാഴ്ചയ്ക്ക് മുമ്പ് നടത്തേണ്ട എന്നാണ് ഭരണപക്ഷം. കുമാരസ്വാമി മന്ത്റിസഭ ന്യൂനപക്ഷമാണെന്ന് വ്യക്തമായ സാഹചര്യത്തിൽ വിശ്വാസവോട്ടെടുപ്പ് നീളാൻ പാടില്ലെന്നാണ് ഗവർണറുടെ നിലപാട്. വോട്ടെടുപ്പ് നടന്നില്ലെങ്കിൽ ഭരണഘടനാ പ്രതിസന്ധിയുണ്ടാകുമെന്നും ഗവർണറുടെ നിർദ്ദേശം അംഗീകരിക്കണമെന്നുമാണ് കേന്ദ്ര സർക്കാർ നിലപാട്.


വിമത എം.എൽ.എമാരുടെ വിപ്പിനെ സംബന്ധിച്ച് അവ്യക്തത നിലനില്ക്കുന്നുണ്ടെന്നും അതിൽ വ്യക്തത വരുത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സർക്കാർ ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും. അതേ സമയം വിശ്വാസ വോട്ടെടുപ്പ് നീട്ടുന്നതിനെതിരെ ബി.ജെ.പിയും സുപ്രീം കോടതിയെ സമീപിക്കും. ഇന്നലെ നടന്ന ചർച്ചയിൽ രാജിവച്ച 15 വിമത എം.എൽ.എമാരുൾപ്പടെ 20 പേർ സഭയിലെത്തിയില്ല. മുതിർന്ന വിമത എം.എൽ.എ രാമലിംഗ റെഡ്ഡി രാജി പിൻവലിച്ച് സഭയിലെത്തിയിരുന്നു.