സൗന്ദര്യസംരക്ഷണത്തിന്റെ കാര്യം വരുമ്പോൾ ആദ്യം പറയുന്നത് സ്ത്രീകളെക്കുറിച്ചാണ്. കാലം മാറി, സൗന്ദര്യബോധത്തിന്റെ കാര്യത്തിൽ പുരുഷൻമാരും ഒട്ടും പിന്നിലല്ല. ആണായാലും പെണ്ണായാലും ഒരു വ്യക്തിയുടെ വ്യക്തിത്വം പൂർണ്ണതയോടെ വെളിപ്പെടുന്നത് അതിന് അർഹിക്കുന്ന സംരക്ഷണവും പരിചരണവും ലഭിക്കുമ്പോഴാണ്. അത്ര പ്രാധാന്യമില്ല എന്നു നാം കരുതുന്ന പലതും ചിലപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരിക്കും. മുഖം കഴുകി വൃത്തിയാക്കിയതുകൊണ്ടു മാത്രമായില്ല. കൈകൾക്കും കാലുകൾക്കുമെല്ലാം മുഖത്തെപ്പോലെ വേണ്ടത്ര ശ്രദ്ധ നൽകേണ്ടതാണെന്നും ഓർക്കണം.
കൈകൾ സൂക്ഷിക്കണം
മുഖം കഴുകുന്നതുപോലെ കൈകളും ശ്രദ്ധയോടെ കഴുകി വൃത്തിയാക്കേണ്ടതുണ്ട്. കൈകളിൽ പലതരം അഴുക്കുകളും പലതരം അണുക്കളും പറ്റിപ്പിടിക്കാനുള്ള സാദ്ധ്യതയേറെയാണ്. അണുനാശിനികളായ സോപ്പുകൾ ഉപയോഗിച്ച് കൈകൾ നിത്യവും കഴുകണം, വൃത്തിയായി സൂക്ഷിക്കുകയും വേണം.
മോയ്സ്ചറൈസർ
പലതരം ജോലികൾ ചെയ്യുന്നതു മൂലം വിരലുകളും പ്രതലവും കട്ടിയുള്ളതായി മാറുന്നു. ഈ പരുക്കൻ കൈകളുടെ പരുക്കൻ സ്വഭാവം മാറ്റാൻ ഗുണനിലവാരമുള്ള ഏതെങ്കിലും മോയ്സ്ചറൈസർ കൈകളിൽ പുരട്ടണം. വേണ്ടി വന്നാൽ ഒരു പ്രൊഫഷണൽ മാനിക്യൂർ ചെയ്യാം. നല്ലൊരു ഹാന്റ് വാഷ് വാങ്ങി കൈകൾ കഴുകുകയും നഖങ്ങൾ വൃത്തിയാക്കുകയും ചെയ്യുക. അതിന് ശേഷം നെയിൽകട്ടർ ഉപയോഗിച്ച് നഖങ്ങൾ ഷെയ്പ്പിനൊത്ത് വെട്ടണം. ഇനി നെയിൽ ഫൈലർ ഉപയോഗിച്ച് നഖത്തിന്റെ അരിക് ഭാഗങ്ങൾ തേച്ച് മിനുസപ്പെടുത്താം. അടുത്തതായി ഗുണനിലവാരമുള്ള ഒരു ഹാന്റ് ക്രീം കൈവിരലുകളിലും സന്ധിബന്ധങ്ങളിലും തേച്ച് പിടിപ്പിക്കണം.
കാൽപ്പാദങ്ങൾക്കായി
കാൽപാദങ്ങളുടെ സൗന്ദര്യം സംരക്ഷിക്കുക എന്നുള്ളത് കൈപ്പത്തിയുടെയും കൈവിരലുകളുടെയും സംരക്ഷണം പോലെ തന്നെ പ്രധാനമാണ്. കൃത്യതയോടെ കാൽനഖങ്ങൾ മുറിക്കുകയും പാദങ്ങൾ 'മോയ്സചറൈസ് 'ചെയ്യുകയും വേണം. നഖങ്ങളുടെ അടിഭാഗത്തുള്ള ത്വക്കിന്റെ ഭാഗത്തിന് ക്യൂട്ടിക്കിൾ എന്നാണ് പറയുന്നത്. ശരീരത്തിലെ മറ്റേത് ഭാഗത്തേക്കാളും വിയർപ്പ് ഗ്രന്ഥികൾ ധാരാളമായിട്ടുള്ളത് കാൽപ്പാദങ്ങളിലാണ്. ഇങ്ങനെ വരുമ്പോൾ കാൽപ്പാദങ്ങളിൽ ദുർഗന്ധമുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ കാൽപ്പാദങ്ങളും വിരലിടുക്കുകളും നന്നായി തേച്ച് കഴുകണം. ഷൂസുകൾ നന്നായി ഉണക്കി ഫൂട്ട് പൗഡറുകൾ വിതറിയതിനു ശേഷമേ ഷൂവിടാവൂ. കാല്പാദങ്ങളിൽ ചൂടുവെള്ളവും സോപ്പും കൊണ്ട് കഴുകി വൃത്തിയാക്കണം. ഇതിനുശേഷം പാദങ്ങൾ ഉണക്കണം.
അത് ലറ്റിക് ഫൂട്ട്
കാൽപ്പാദങ്ങളിൽ ചുവന്ന കുരുക്കൾ കാണുന്നതാണ് ഇതിന്റെ പ്രഥമ ലക്ഷണം. തുടർന്ന് ത്വക്ക് പൊട്ടുകയും ചെയ്യുന്നു. ഇതൊരുതരം ഫംഗസ്സ് രോഗമാണ്. കാലുകൾ വൃത്തിയായും ഉണക്കിയും സൂക്ഷിക്കുക എന്നതാണ് ഇതിനെ നേരിടാനുള്ള ആദ്യ മാർഗ്ഗം. ദിവസവും പലതവണ വൃത്തിയാക്കണം. ഫംഗസിനെ തടയുന്ന ഫൂട്ട് പൗഡർ വ്രണമുള്ള ഭാഗത്ത് വിതറാം. പൊതുസ്ഥലങ്ങളിൽ പാദരക്ഷയില്ലാതെ സഞ്ചരിക്കരുത്. ചിലരുടെ നഖങ്ങൾക്ക് നിറം മാറ്റം സംഭവിക്കാറുണ്ട്. ഇതും ഫംഗസിന്റെ പ്രവർത്തനം മൂലം സംഭവിക്കുന്നതാണ്. കാൽപ്പാദങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിനും സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും താഴെപ്പറയുന്ന നടപടികൾ സ്വീകരിക്കുന്നതാണ്.
കുതിർക്കുക
* കാൽപ്പാദങ്ങൾ ഒരു പാത്രത്തിൽ നിറച്ച ചൂടുവെള്ളത്തിൽ അഞ്ചുമിനിട്ട് സമയം മുക്കിവയ്ക്കുക.
* പാദങ്ങളുടെ അടിഭാഗം പ്യൂമിക് സ്റ്റോൺ കൊണ്ട് ഉരച്ച് നേർപ്പിക്കുക. കട്ടിയുള്ള ത്വക്ക് നേർത്തതാകാൻ പലതവണ ഇത് ചെയ്യേണ്ടിവരും.
* തുടർന്നു നഖങ്ങൾ നന്നായി കഴുകി വൃത്തിയാക്കുകയും നന്നായി വെട്ടി ശരിപ്പെടുത്തുകയും ചെയ്യുക
* ഏതെങ്കിലും മോയ്സ്ചറൈസിംഗ് ക്രീം തേച്ച് പിടിപ്പിക്കുക.
സൗന്ദര്യത്തിന് നഖകാന്തി
ആരോഗ്യം നല്ലതാണോ എന്ന് നഖങ്ങളിലേക്ക് നോക്കിയാലറിയാം. പലപ്പോഴും നഖസംരക്ഷണം അത്ര ശ്രദ്ധയുള്ള കാര്യമല്ല. എന്നാൽ നഖങ്ങൾക്ക് കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ പ്രശ്നമാവും. സൗന്ദര്യത്തിന്റെ പൂർണത തന്നെ നഖങ്ങളുടെ ഭംഗി കണ്ട് അറിയണമെന്ന് സാരം. നഖംകടിയാണ് പലപ്പോഴും അവയുടെ സൗന്ദര്യം കെടുത്തുന്നത്. പിന്നെ വെള്ളയും മഞ്ഞയും കലർന്ന നഖങ്ങളും. അവയോടൊപ്പം അഴുക്കും ആവരണമായി എത്തുമ്പോൾ കാണുന്നവരുടെ മുഖം ചുളിയും.
നഖം കടിക്കുന്നത് അനാരോഗ്യം വിളിച്ചു വരുത്തും. പലർക്കും നഖംകടി ഒഴിവാക്കാൻ പ്രയാസമാണ്. പലരുടെയും ശീലമാണ് ഈ നഖം കടി. അതേ പോലെ ഏറിയും കുറഞ്ഞും നഖങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മഞ്ഞനിറവും സൗന്ദര്യം കെടുത്തും. അമിതമായ പുകവലിയാണ് ഇതിന് കാരണം. പുകവലി ഉപേക്ഷിക്കാൻ തയ്യാറാണെങ്കിൽ നഖങ്ങൾക്ക് സ്വാഭാവികമായ നിറം ലഭിക്കും.
വീട്ടിൽ നാരങ്ങാ വെള്ളം തയ്യാറാക്കുകയാണെങ്കിൽ ഒരു സ്പൂൺ നീര് നഖങ്ങൾക്കായി മാറ്റിവെക്കുക. അതിൽ അരസ്പൂൺ പഞ്ചസാരയും അൽപ്പം വെള്ളവും ചേർത്ത ശേഷം നഖങ്ങൾ നന്നായി മസാജ് ചെയ്യുക. പിന്നീട് തണുത്ത വെള്ളത്തിൽ കഴുകണം. ഒലിവ് ഓയിൽ ചൂടാക്കിയ ശേഷം നഖങ്ങൾ അൽപ്പനേരം അതിൽ മുക്കിവയ്ക്കുന്നതും നല്ലതാണ്.
നഖങ്ങളിൽ വെള്ളപ്പൊട്ടുങ്കിൽ വിശ്വാസവും അതിരുകടക്കും. അമിതമായി മധുരം ഉപയോഗിക്കുന്നതു കൊണ്ടോ ഭക്ഷണത്തിൽ സിങ്കിന്റെ അഭാവം കൊണ്ടോ ആയിരിക്കും ഇങ്ങനെ സംഭവിക്കുന്നതെന്നും അറിയണം. ധാന്യങ്ങളും ഇലക്കറികളും നന്നായി കഴിക്കണം. കാൽപാദങ്ങളിൽ നനവ് തട്ടുന്നത് ഫംഗസ് ബാധയ്ക്ക് കാരണമാകാം. പാദങ്ങൾ നനയുകയാണെങ്കിൽ വൃത്തിയാക്കിയ ശേഷം നല്ല ടവൽ കൊണ്ട് തുടയ്ക്കണം. നീട്ടി വളർത്തുന്ന നഖങ്ങളും ആകൃതി വരുത്തണം. ഇരുവശങ്ങളിൽ നിന്നും മദ്ധ്യത്തിലേക്കാണ് നഖങ്ങൾ ആകൃതി വരുത്തേണ്ടതെന്നും ഓർക്കുക.