nose-stud

പണ്ട് മൂക്കുത്തി ഗ്രാമീണ സുന്ദരികളുടെ കുത്തകയായിരുന്നു. എന്നാലിന്ന് കഥമാറി. ഇപ്പോൾ ഗ്രാമ നഗര വ്യത്യാസങ്ങളൊന്നും മൂക്കുത്തിയുടെ കാര്യത്തിലില്ല. മുൻപൊക്കെ പട്ടുപാവാടയും സെറ്റുസാരിയുമൊക്കെ ധരിക്കുമ്പോൾ മാത്രമാണ് മുക്കുത്തി അണിഞ്ഞിരുന്നത്. ഇപ്പോൾ ജീൻസിനും ടോപ്പിനുമൊപ്പം മൂക്കുത്തി അണിയുന്നതാണ് ഫാഷൻ ട്രെൻഡ്.


ഫാഷന്റെ സൗന്ദര്യ വേലിയേറ്റമാണ് മുക്കുത്തിയിൽ നിറയെ. ധരിക്കുന്ന വസ്ത്രങ്ങൾക്കനുസരിച്ചുള്ള മുക്കുത്തികൾ ലഭിക്കുമ്പോൾ പിന്നെന്തിന് ജീൻസിനും ടോപ്പിനും ചുരിദാറിനും ഒപ്പം മുക്കുത്തികൾ ധരിക്കാതിരിക്കണം എന്നാണ് ന്യൂജെൻ ചോദ്യം.

പിസ്‌ത ഗ്രീൻ, ലെമൺ യെല്ലോ, ലൈലാക്ക് ബ്ലൂ എന്നിങ്ങനെ വിവിധ നിറങ്ങളിൽ കല്ലുപതിപ്പിച്ച മുക്കുത്തികളോടാണ് കൗമാരക്കാരികൾക്ക് ഇഷ്‌ടക്കൂടുതൽ. ചെറിയ കല്ലുകളുള്ള വെള്ളി മുക്കുത്തികളും ന്യൂജെൻകാർക്കു വേണ്ടിയുണ്ട്.

ഫാൻസി ടൈപ്പിന്റെ ശ്രേണിയിൽ സ്റ്റാർ, കാർട്ടൂൺ കാരക്‌ടേഴ്‌സ്, പൂച്ച, പട്ടി, പക്ഷികൾ എന്നിവ ധാരാളമുണ്ട്. കറുപ്പും വെളുപ്പും നിറങ്ങളിലുള്ള പേൾ മുക്കുത്തികളും റിംഗ് ടൈപ്പ് മുക്കുത്തികളുമാണ് മറ്റ് ആകർഷണങ്ങൾ. സിംപിൾ റിംഗ്, റിംഗുകളിൽ കല്ലും നക്ഷത്രവും പതിപ്പിച്ചവ, തൊങ്ങലുള്ളവ... മുക്കുത്തിയിലെ സൗന്ദര്യ ഭ്രമം നിറഞ്ഞ പട്ടിക ഇങ്ങനെ നീളുന്നു.


മുമ്പ് മൂക്ക് കുത്തുന്നത് വേദന നിറഞ്ഞ അനുഭവമായിരുന്നു. അതിനാൽ പലരും അതിൽ നിന്ന് പിൻമാറിയിരുന്നു. എന്നാൽ മൂക്ക് കുത്താതെ തന്നെ മൂക്കിൽ ഒട്ടിച്ച് നിറുത്താൻ കഴിയുന്ന പ്രസിംഗ് ടൈപ്പ് മൂക്കുത്തികൾ വിപണി കീഴടക്കിയതോടെ ഇത്തരം മൂക്കുത്തികൾക്ക് ആവശ്യക്കാരേറി. പെൺകുട്ടികൾക്കിടയിൽ ഹിറ്റായ പ്രസിംഗ് ടൈപ്പ് മൂക്കുത്തികളിൽ ഒറ്റക്കല്ലു മുതൽ ഏഴ് കല്ലുകൾ വരെ പതിപ്പിച്ച് മൂക്കുത്തികളുണ്ട്. 15 രൂപ മുതൽ പ്രസിംഗ് ടൈപ്പ് മൂക്കുത്തികൾ ലഭിക്കും.

അടുത്തിടെ സിനിമയിലും മൂക്കുത്തി തരംഗമാണ്. മൂക്കുത്തി അണിഞ്ഞ നായികമാർ സിനിമയിൽ നിറഞ്ഞതോടെ പെൺകൊടികളുടെ മൂക്കുത്തി പ്രേമം വീണ്ടും കൊടുമുടി കയറി. സ്വർണ്ണത്തിൽ തുടങ്ങിയ മൂക്കുത്തിയുടെ സൗന്ദര്യ പരീക്ഷണം ഡയമണ്ടും കഴിഞ്ഞ്‌ ഇപ്പോൾ വെള്ളിയിലും പ്ലാസ്റ്റിക്കിലും വരെയെത്തി.

മുൻപ് ചെറിയ മൂക്കുത്തികളായിരുന്നു ഫാഷൻ രംഗത്തെ താരങ്ങളെങ്കിൽ ഇപ്പോൾ അൽപ്പം വലിയ മൂക്കുത്തികൾ തിരഞ്ഞെടുക്കാനും താൽപ്പര്യം കാട്ടുന്നവരുണ്ട്. സാധാരണ മൂക്കുത്തികൾ പത്ത് രൂപ മുതൽ വിപണിയിൽ ലഭിക്കും. അണിയുന്ന വസ്ത്രത്തിന്റെ നിറത്തിനും ഫാഷനും അനുസരിച്ചുള്ള മുക്കുത്തികളും വിപണിയിലുണ്ട്. ഇത്തരം ഒരു ഡസൻ സ്റ്റോൺ 15 രൂപ മുതൽ ലഭിക്കും.