കൊച്ചി: മ്യൂച്വൽഫണ്ട് നിക്ഷേപത്തിൽ ദക്ഷിണേന്ത്യയിൽ ഏറ്റവും വേഗം വളരുന്നത് കേരളം. ഉയർന്ന തൊഴിൽസാന്ദ്രത, നഗരവത്‌കരണം എന്നിവയാണ് കേരളത്തിന്റെ അനുകൂലഘടകമെന്നും തവണവ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന എസ്.ഐ.പികൾക്കാണ് ഇവിടെ ഏറെ പ്രിയമെന്നും യു.ടി.ഐ മ്യൂച്വൽഫണ്ട് ഇക്വിറ്റി ഹെഡ് വെട്രി എം. സുബ്രഹ്‌മണ്യം പത്രസമ്മേളനത്തിൽ പറഞ്ഞു.

25 ലക്ഷം കോടിയോളം രൂപയാണ് ഇന്ത്യൻ മ്യൂച്വൽഫണ്ട് മേഖലയുടെ മൂല്യം. 30,000 കോടി രൂപയാണ് കേരളത്തിന്റെ പങ്ക്. യു.ടി.ഐ മ്യൂച്വൽഫണ്ട് 1.57 ലക്ഷം കോടി രൂപയുടെ ആസ്‌തി (എ.യു.എം) കൈകാര്യം ചെയ്യുന്നു. ഒരുകോടിയിലേറെ നിക്ഷേപകരുമുണ്ട്. കേരളത്തിൽ നിന്നുള്ള നിക്ഷേപം ഏകദേശം 2,500 കോടി രൂപയാണ്.

മോശം ജി.ഡി.പി വളർച്ച, കയറ്റുമതി ഇടിവ്, കേന്ദ്രസർക്കാരിന്റെ കുറഞ്ഞ പദ്ധതിച്ചെലവുകൾ എന്നിവ കഴിഞ്ഞവർഷം ഓഹരി വിപണിയുടെ മുന്നേറ്റത്തിന് ക്ഷീണമായിരുന്നു. എന്നാൽ, നടപ്പുവർഷം സമ്പദ്‌വളർച്ച ഉണർവ് പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ദീർഘകാലത്തിൽ ഓഹരി സൂചികകൾ മികച്ച റിട്ടേൺ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ. സാധാരണ നിക്ഷേപകർക്കിടയിൽ ആഗോള-ആഭ്യന്തര സമ്പദ്‌സ്ഥിതി സംബന്ധിച്ചുള്ള ആശങ്കകൾ പരിഹരിക്കാനായി യു.ടി.ഐ ഫണ്ട് മാനേജർമാർ 25 നഗരങ്ങൾ സന്ദർശിക്കും.

യു.ടി.ഐ മ്യൂച്വൽഫണ്ടിന്റെ മുഖ്യ ഇക്വിറ്റി ഫണ്ടുകളെ 'യു.ടി.ഐ പവർ ഒഫ് ത്രീ" എന്ന പേരിൽ അവതരിപ്പിച്ചിട്ടുണ്ട്. ലാർജ് ക്യാപ് ഓഹരികളിൽ നിക്ഷേപിക്കാവുന്ന യു.ടി.ഐ മാസ്‌റ്റർഷെയർ യൂണിറ്റ് സ്‌കീം, ലാർജ്, മിഡ്, സ്‌മോൾ ക്യാപ് ഓഹരികളെ ലക്ഷ്യമിടുന്ന യു.ടി.ഐ ഇക്വിറ്റി ഫണ്ട്, മൾട്ടി ക്യാപ് ഫണ്ടായ യു.ടി.ഐ വാല്യൂ ഓപ്പർച്യൂണിറ്റീസ് ഫണ്ട് എന്നിവയാണ് അവയെന്നും അദ്ദേഹം പറഞ്ഞു. സോണൽ ഹെഡ് (സൗത്ത്) വിജയ് കെ. ജയിൻ, റീജിയണൽ ഹെഡ് (തമിഴ്‌നാട് ആൻഡ് കേരള) വി. ജയശങ്കർ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.