sim

 എയർടെൽ മൂന്നാമതായി

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയെന്ന പട്ടം ഇനി റിലയൻസ് ജിയോയ്ക്ക് സ്വന്തം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയുടെ (ട്രായ്) മേയിലെ കണക്കുപ്രകാരം 32.3 കോടി ഉപഭോക്താക്കളാണ് ജിയോയ്ക്കുള്ളത്. ഭാരതി എയർടെൽ 32.03 കോടി വരിക്കാരുമായി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 38.75 കോടി വരിക്കാരുമായി വൊഡാഫോൺ-ഐഡിയ ഒന്നാംസ്ഥാനം നിലനിറുത്തി.

വൊഡാഫോണും ഐഡിയയും തമ്മിൽ ലയിക്കുന്നതിന് മുമ്പ് 33 ശതമാനം വിപണി വിഹിതവുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായിരുന്നു എയർടെൽ. കഴിഞ്ഞവർഷം ജൂലായിലാണ് ഇരു കമ്പനികളും ലയിച്ചത്. ഇക്കഴിഞ്ഞ മേയിലെ കണക്കനുസരിച്ച് 33.36 ശതമാനമാണ് വൊഡാഫോൺ-ഐഡിയയുടെ വിപണിവിഹിതം. 27.80 ശതമാനം വിപണി വിഹിതമാണ് ജിയോയ്ക്കുള്ളത്. എയർടെല്ലിന്, 27.58 ശതമാനം.

മേയിൽ ജിയോ 81 ലക്ഷം വരിക്കാരെ പുതുതായി നേടി. അതേസമയം, വൊഡാഫോൺ-ഐഡിയയ്ക്ക് 56 ലക്ഷം പേരെയും എയർടെല്ലിന് 15 ലക്ഷം പേരെയും നഷ്‌ടമായി. ബ്രോഡ്‌ബാൻഡ് വിഭാഗത്തിൽ 55.54 ശതമാനം വിപണി വിഹിതവുമായി മുന്നിൽ ജിയോയാണ്.

കൂടുതൽ സജീവം

എയർടെൽ

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയെന്ന പട്ടം വിപണിവിഹിത അടിസ്ഥാനത്തിൽ നഷ്‌ടപ്പെട്ടെങ്കിലും, ഏറ്റവുമധികം സജീവ വരിക്കാരുള്ളത് (ആക്‌ടീവ് സബ്‌സ്‌ക്രൈബേഴ്‌സ്) എയർടെല്ലിനാണ്; 99.86%. വൊഡാഫോൺ-ഐഡിയയ്ക്ക് ഇത് 86 ശതമാനവും ജിയോയ്ക്ക് 83 ശതമാനവുമാണ്.

116.18കോടി

ട്രായിയുടെ കണക്കനുസരിച്ച് മേയിൽ 116.18 കോടി മൊബൈൽ വരിക്കാർ ഇന്ത്യയിലുണ്ട്. ഏപ്രിലിൽ ഇത് 116.2 കോടിയായിരുന്നു. ഇടിവ് 0.04 ശതമാനം. ഗ്രാമീണ മേഖലകളിലാണ് വരിക്കാർ കുറഞ്ഞത്.

വിപണിവിഹിതം

 വൊഡാ-ഐഡിയ : 33.36%

 റിലയൻസ് ജിയോ : 27.80%

 ഭാരതി എയർടെൽ : 27.58%