പ്രേതനോവലുകൾക്കും സിനിമകൾക്കും ആരാധകരേറെയാണ്. സൈക്കോ, ഡ്രാക്കുള, ഹാനിബാൾ സീരിസ്, ഈവിൾ ഡെഡ് മുതൽ ഇങ്ങ് കോൺജുറിംഗ് സിരീസിലെ സിനിമകൾ വരെ ആരാധകർ കാത്തിരുന്ന കാണുന്നവയാണ്. കോൺജുറിംഗ് സീരീസിലെ സിനിമകളാണ് സമീപകാലത്ത് ആരാധകരെ ഏറ്റവുമധികം പേടിപ്പിച്ചത്. എന്നാൽ ഇപ്പോൾ കോൺജുറിംഗ് സീരിസിലെ സിനിമയ്ക്ക് ആസ്പദമായ വീടാണ് ചർച്ചകളിൽ നിറയുന്നത്.
1971 മുതൽ 1980 വരെ അഞ്ചു പെൺമക്കളോടൊപ്പം ആർനോൾഡ് എസ്റ്റേറ്റ് എന്ന വീട്ടിൽ താമസിച്ച പെറൻ കുടുംബത്തിലെ അനുഭവങ്ങളാണ് സിനിമയ്ക്ക് പ്രചോദനമായത്. റോഗർ, കരോലിൻ, മക്കളായ ആൻഡ്രിയ, ക്രിസ്റ്റിൻ, നാൻസി, ഏപ്രിൽ, സിൻഡി എന്നിവരുടെ അനുഭവങ്ങളാണ് സിനിമയ്ക്ക് പിന്നിൽ.
ഈ വീട്ടിൽ താമസിച്ച് ഇനി നിങ്ങൾക്കും ആ സംഭവങ്ങൾ നേരിട്ട് അനുഭവിച്ചറിയാം. അടച്ചിട്ട മുറിക്കുള്ളിൽ നിന്നുള്ള ശബ്ദങ്ങൾക്കായി കാതോർക്കാം, കട്ടിലിനടിൽ ആരോ ഒളിച്ചിരിക്കുന്നുവെന്ന അവസ്ഥ നേരിട്ട് അനുഭവിച്ചറിയാം. ഈ വീട് വാങ്ങിയ കോറി, കെയ്ൻസൻ ദമ്പതികൾ വീട് വിനോദഗ സഞ്ചാരികൾക്കായി തുറന്നുകൊടുക്കാാൻ പോകുകയാണ്.
റോഡ് ഐലൻഡിലെ ഹാരിസ്‌വില്ലയിലെ പ്രസിദ്ധമായ ഈ വീട് കോറി, ജെന്നിഫർ ഹെയ്ൻസെൻ ദമ്പതികൾ ഈയിടെയാണ് വാങ്ങിയത്. ജൂൺ 21ന് ഇവർ വീട്ടിൽ താമസം തുടങ്ങുകയും ചെയ്തു പാരാനോർമൽ ആക്റ്റിവിറ്റികളോടുള്ള താത്പര്യമാണ് വീട് വാങ്ങാൻ പ്രേരിപ്പിച്ചതെന്ന് ദമ്പതികൾ പറയുന്നു. പെറൻ കുടുംബത്തിന് നേരിട്ട അസാധാരണ സംഭവങ്ങളെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞു തന്നെയാണ് വീട് വാങ്ങാൻ തീരുമാനിച്ചതെന്നും ഇവർ പറയുന്നു. വീട്ടിൽ വച്ചിരുന്ന സാധനങ്ങൾ അപ്രത്യക്ഷമാകുന്നതായും ആളില്ലാത്ത മുറികളിൽ നിന്ന് അജ്ഞാത ശബ്ദങ്ങൾ പുറപ്പെടുന്നതായുമാണ് പെറൻ കുടുംബത്തിന്റെ പരാതികൾ വാതിലുകൾ തുറക്കാൾ കഴിയാതിരിക്കുകയും തനിയെ അടയുകയുമൊക്കെ ചെയ്യുന്നുവെന്നും ദുർഗന്ധം പരക്കുന്നതായും പെറൻ കുടുംബം പറഞ്ഞിരുന്നു. വീടിന്റെ പഴയകാല ചരിത്രം അന്വേഷിച്ചതോടെ ആർണോൾഡ് എസ്റ്റേറ്റിൽ എട്ടോളം തലമുറകൾ കഴിഞ്ഞിട്ടുണ്ടെന്നും അവരെല്ലാം സമാന അനുഭവം നേരിട്ടിട്ടുണ്ടെന്നും വ്യക്തമായിരുന്നു.
രാത്രിയാകുമ്പോൾ വീടിന്റെ വാതിലുകൾ തനിയെ അടയുന്നതായും കാലടി ശബ്ദം കേൾക്കുന്നതായും അവ്യക്തമായ ശബ്ദങ്ങൾ
കേൾക്കുന്നതായുമൊക്കെ അനുഭവപ്പെട്ടതായി ദമ്പതികൾ പറയുന്നു. തങ്ങൾ ഉണർന്നിരുന്ന് റെക്കോർഡ് ചെയ്യുമ്പോൾ ഒന്നും സംഭവിക്കാറില്ലെങ്കിലും തങ്ങളുടെ അസാന്നിദ്ധ്യത്തിൽ റെക്കോർഡ് ചെയ്യപ്പെട്ടവതിൽ അവ്യക്തമായ ശബ്ദങ്ങൾ ഉണ്ടായിരുന്നതായി ഇവർ വ്യക്തമാക്കുന്നു.
വീട്ടിലെ അസാധാരണ സംഭവങ്ങൾ പരമാവധി ശേഖരിക്കുക എന്നതാണ് തങ്ങളുടെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്ന് കോറിയും ജെന്നിഫറും പറയുന്നു.