ബംഗളൂരു: കുമാരസ്വാമി സർക്കാർ ആയുസ്സിന്റെ മണിക്കൂറുകൾ എണ്ണിക്കഴിയുന്നതിനിടെ, വിശ്വാസവോട്ടെടുപ്പ് പൂർത്തിയാക്കാൻ ഗർവണർ നൽകിയ അന്ത്യശാസനം മുഖ്യമന്ത്രി തള്ളുകയും, കർണാടക പ്രതിസന്ധി ഗവർണറും സർക്കാരും തമ്മിലുള്ള അധികാരത്തർക്കത്തിലെത്തുകയും ചെയ്തു. ഭൂരിപക്ഷം തെളിയിക്കാൻ ഇന്നലെ രണ്ടു തവണ സമയം നീട്ടിനൽകിയ ഗവർണറുടെ നടപടി മുഖ്യമന്ത്രി മുഖവിലയ്ക്കെടുത്തില്ല.
അതിനിടെ, വിശ്വാസപ്രമേയ ചർച്ച അനന്തമായി നീണ്ടുപോകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച സ്പീക്കർ, സഭാ നടപടികൾ തിങ്കളാഴ്ച വരെ നിറുത്തിവയ്ക്കുന്നതായി രാത്രി എട്ടു മണിക്ക് പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യത്തിൽ തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നാൽ സർക്കാർ നിലംപതിക്കും
സഭയിൽ ഇന്നലെ:
മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വ്യാഴാഴ്ച അവതരിപ്പിച്ച വിശ്വാസ പ്രമേയത്തിൽ അംഗങ്ങളുടെ ചർച്ച.
വോട്ടെടുപ്പ് നടപടിക്രമങ്ങൾ ഉച്ചയ്‌ക്ക് ഒന്നരയോടെ പൂർത്തിയാക്കണമെന്ന് സ്പീക്കർക്ക് ഗവർണറുടെ കത്ത്.
ചർച്ച അവസാനിക്കാതിരുന്നതോടെ, അന്ത്യശാസനം വൈകിട്ട് ആറു വരെ നീട്ടി വീണ്ടും ഗവർണറുടെ കത്ത്.
ഗവർണറുടെ കത്ത് രണ്ടാമത്തെ പ്രണയലേഖനമെന്ന് കുമാരസ്വാമിയുടെ ആക്ഷേപം.
ചർച്ച നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും, വോട്ടെടുപ്പ് നടത്തുന്നതാണ് അഭികാമ്യമെന്നും സ്പീക്കർ
ഗവർണറുടെയും സ്പീക്കറുടെയും നിർദ്ദേശം തള്ളിയ കുമാരസ്വാമി, ചർച്ച തിങ്കളാഴ്ച തുടരുമെന്ന് പ്രഖ്യാപിക്കുന്നു.
വോട്ടെടുപ്പ് സംബന്ധിച്ച് തന്റെ തീരുമാനം എട്ടു മണിക്ക് പറയാമെന്ന് വൈകിട്ട് ഏഴു മണിയോടെ സ്പീക്കർ
സഭയുടെ എല്ലാ നടപടിക്രമങ്ങളും തിങ്കളാഴ്ച വരെ നിറുത്തിവയ്ക്കുന്നതായി സ്പീക്കറുടെ പ്രഖ്യാപനം
വിശ്വാസ വോട്ടെടുപ്പ് നടപടി തിങ്കളാഴ്ച തന്നെ പൂർത്തിയാക്കാൻ നിർദ്ദേശം
വോട്ടെടുപ്പ് തിങ്കളാഴ്ച തന്നെ നടത്താമെന്ന് സ്പീക്കർക്ക് മുഖ്യമന്ത്രി ഉറപ്പു നൽകുന്നു, സഭ പിരിയുന്നു.