kancha1

മുക്കം: വീണ്ടുമൊരു കാത്തിരിപ്പിലാണ് കാഞ്ചനമാല. ഇരുവഞ്ഞിപ്പുഴ കവർന്നെടുത്ത പ്രിയതമൻ ബി.പി. മൊയ്തീൻ തിരിച്ചുവരുന്ന നിമിഷത്തിനുവേണ്ടിയല്ല ഈ കാത്തിരിപ്പ്. ദീർഘകാലത്തെ കാത്തിരിപ്പെല്ലാം ഫലമില്ലാതെ പോയെങ്കിലും, കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞതും കടവൊഴിഞ്ഞതും കാലം കടന്നുപോയതുമെല്ലാം മലയാളികൾ പാടി നടക്കുന്ന കാലം വന്നു. ഇനി ഒരാഗ്രഹമേ ഉള്ളൂ കാഞ്ചനമാലയ്ക്ക്.

മൊയ്തീന്റെ വേർപാട് സൃഷ്ടിച്ച ദുഃഖത്തിൽ നിന്ന് കരകയറാൻ ഒരുക്കിയ സേവാമന്ദിരത്തിന്റെ ഉദ്ഘാടനം നടക്കണം. അതിന് ചിങ്ങമാസം പിറക്കണം.

കാഞ്ചനമാലയുടെ പ്രണയം പോലെ ഇതിനുമുണ്ടായി കടുത്ത വെല്ലുവിളികൾ. പല കോണുകളിൽ നിന്ന് എതിർപ്പുകൾ. കേസും കോടതിയും വ്യവഹാരവുമായി വർഷങ്ങൾ. സ്വന്തക്കാരും ബന്ധുക്കളും കൈവിട്ടു. കോടതിയെ സമീപിച്ചവർ സേവാമന്ദിരം പ്രവർത്തിക്കുന്ന കെട്ടിടവും സ്ഥലവും കൊണ്ടുപോയി.

അതോടെ 10 വർഷത്തോളം അഭയകേന്ദ്രമില്ലാതെ അലച്ചിൽ. പിന്നീട് മുക്കം ബസ് സ്റ്റാൻഡ് പരിസരത്തെ ഒരു കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ ഒരു മുറി കിട്ടി.

ഇതിനിടെ 'എന്ന് നിന്റെ മൊയ്തീൻ' സിനിമയിലൂടെ ഇൗ വിരഹകഥ ലോകമറിഞ്ഞു. സ്നേഹവും കാരുണ്യവും ഒഴുകിയെത്താൻ അത് നിമിത്തമായി. സ്വദേശത്തും വിദേശത്തും സഞ്ചരിച്ചുകൂടി സ്വരുക്കൂട്ടിയ 70 ലക്ഷത്തോളം രൂപ ചെലവിട്ട് ബഹുനില കെട്ടിടം പണിതുയർത്തി. എട്ടു സെന്റ് സ്ഥലത്ത് നിർമ്മിച്ച മന്ദിരത്തിന്റെ ഒരു നില നടൻ ദിലീപിന്റെ സംഭാവനയാണ്.

ലൈബ്രറിയും തൊഴിൽ പരിശീലനകേന്ദ്രവും വൃദ്ധസദനവുമെല്ലാമുള്ള കെട്ടിടം. ഒറ്റമുറിയിലെ സേവാമന്ദിരം അതിലേക്ക് പറിച്ചുനടണം. നടൻ ദിലീപ് ഉൾപ്പെടെയുള്ളവരെയും പല ഘട്ടങ്ങളിലും സഹായിച്ച മന്ത്രി കെ.ടി. ജലീലിനെയും പങ്കെടുപ്പിച്ച് ഒരു ചടങ്ങ് നടത്തണമെന്നുണ്ട്. അതിനാണ് കർക്കടകം കടന്നുകിട്ടാൻ കാത്തിരിക്കുന്നത്.

പിന്നെ പുഴ മെലിഞ്ഞാലും കടവൊഴിഞ്ഞാലും ഈ കൈകളിലെ വള ഉൗർന്നുപോവില്ല.