സെൻസെക്സ് 560 പോയിന്റ് ഇടിഞ്ഞു
കൊച്ചി: കേന്ദ്രസർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 'സൂപ്പർ റിച്ച് ടാക്സി"ൽ (സർചാർജ്) മാറ്റമൊന്നും വരുത്താതെ ധന ബിൽ പാസാക്കിയതിന്റെ നിരാശയിൽ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ കനത്ത നഷ്ടത്തിലേക്ക് വീണു. സെൻസെക്സ് 560 പോയിന്റിടിഞ്ഞ് 38,337 പോയിന്റിലും നിഫ്റ്റി 177 പോയിന്റ് നഷ്ടവുമായി 11,419ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അതിസമ്പന്നർക്കുമേൽ ഏർപ്പെടുത്തിയ സർചാർജ് പിൻവലിക്കില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ആവർത്തിച്ച് വ്യക്തമാക്കുകയായിരുന്നു.
വ്യക്തികൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് വർഷത്തിൽ ഒരുകോടി രൂപയ്ക്കുമേൽ പിൻവലിക്കുന്നതി ഏർപ്പെടുത്തിയ രണ്ടു ശതമാനം നികുതിയും ഒഴിവാക്കാൻ ധനമന്ത്രി വിസമ്മതിച്ചു. സർചാർജ് പിൻവലിക്കണമെന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) ധനമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. കോർപ്പറേറ്റ് കമ്പനികളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ഒന്നാംപാദ പ്രവർത്തനഫലം, മോശം മൺസൂൺ, ക്രൂഡോയിൽ വില വർദ്ധന എന്നിവയും നിക്ഷേപകരെ ആശങ്കപ്പെടുത്തി.
കഴിഞ്ഞ രണ്ടു വ്യാപാര സെഷനുകളിലായി സെൻസെക്സിലെ നിക്ഷേപകർക്കുണ്ടായ നഷ്ടം 3.75 ലക്ഷം കോടി രൂപ. ഇന്നലെ മാത്രം 2.12 ലക്ഷം കോടി രൂപ കൊഴിഞ്ഞു.