മുംബയ്: ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസ് നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 6.82 ശതമാനം വർദ്ധനയോടെ 10,104 കോടി രൂപയുടെ ലാഭം നേടി. കഴിഞ്ഞവർഷത്തെ സമാനപാദത്തിൽ ലാഭം 9,459 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം വരുമാനം 21.25 ശതമാനം വർദ്ധിച്ച് 1.61 ലക്ഷം കോടി രൂപയായി. 2018 ജൂൺപാദത്തിൽ വരുമാനം 1.33 ലക്ഷം കോടി രൂപയായിരുന്നു.
റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ടെലികോം വിഭാഗമായ ജിയോ 891 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 2018-19ലെ ജൂൺപാദത്തിൽ ലാഭം 612 കോടി രൂപയായിരുന്നു. 45.60 ശതമാനമാണ് വർദ്ധന. ജിയോയ്ക്ക് പ്രതി ഉപഭോക്താക്കളിൽ നിന്നുള്ള വരുമാനം (എ.ആർ.പി.യു) 122 രൂപയാണ്. 11,679 കോടി രൂപയാണ് പ്രവർത്തന വരുമാനം. റിലയൻസ് റീട്ടെയിലിൽ നിന്നുള്ള വരുമാനം 47.5 ശതമാനം വർദ്ധിച്ച് 38,196 കോടി രൂപയിലെത്തി. റിലയൻസ് ഇൻഡസ്‌ട്രീസിന്റെ കടബാദ്ധ്യത 2.88 ലക്ഷം കോടി രൂപയാണ്.