തക്കകേട്
സായാഹ്നത്തിന്റെ നൈർമ്മല്യം കണ്ടിട്ടു ദിവസങ്ങളായി. ഈ നൂറ്റണ്ടിലെ ഏറ്റവും വലിയ മഴയുടെ ദിനങ്ങളാണ് കടന്നു പോകുന്നത്. ദൃശ്യമാദ്ധ്യമങ്ങൾ ഇന്നലെയെ വൈദ്യുതിവിച്ഛേദനത്തോടെ പ്രവർത്തനരഹിതമായി. മുട്ടറ്റം വെള്ളം മുറ്റത്തും റോഡിലും ഉള്ളതിനാൽ ജോസേട്ടൻ കവലയിലേക്ക് നടന്നാണ് പോയത്. വീടിന്റെ അരികിലൂടെ പമ്പാനദി ആർത്തട്ടഹസിച്ചൊഴുകുന്നു. ഒന്നാം നിലയിലെ തന്റെ മുറിയുടെ ജനാലയിലൂടെ വിദൂരതയിലേക്ക് കണ്ണുകൾ പായിച്ചു റാണി ടീച്ചർ കിടക്കയിൽ ചാരിയിരുന്നു. രണ്ടര വർഷമാകുന്നു അദ്ധ്യാപനത്തിൽ നിന്നും രണ്ടുപേരും ദീർഘകാല അവധിയിലായിട്ട്. ജീവിതത്തിലെ ആ കറുത്തദിനങ്ങൾ മിന്നലുകൾ പോലെ മിന്നിമറഞ്ഞു. ദിനരാത്രങ്ങൾ കീഴ്മേൽ മറിഞ്ഞു മുമ്പോട്ടുള്ള വഴികൾ അടഞ്ഞു ചുരുങ്ങിപ്പോയി. ഭിത്തിയിലുള്ള മോന്റെയും കുടുംബത്തിന്റെയും.. അല്ല മോന്റെയും കാമുകിയുടെയും ഫോട്ടോയിലേക്കൊന്നേ നോക്കിയുള്ളൂ. നെഞ്ചൊന്നു പാളി.
ആ ഇരുണ്ട രാത്രിയിലെ അപകടമരണം ഇന്നും കൺമുന്നിലുണ്ട്. ചില ദിനങ്ങൾക്കുശേഷം ആശുപത്രി കിടക്കയിൽ ജോസേട്ടൻ കാതിൽ മന്ത്രിച്ചു.
''നമ്മുടെ കർണനും ശില്പയും പോയി""...
ടീച്ചറിനെ അറിയിക്കേണ്ടെന്ന് ഡോക്ടർമാർ നിർബന്ധിച്ചു. ഒരു സന്തോഷം അവരുടെ ഉണരാത്ത ഉറക്കം ഒരു കല്ലറയ്ക്കുള്ളിലാണ്. ഹിന്ദുവായ ശില്പയെ പള്ളികല്ലറയിൽ അടക്കുന്നതിന് കുറേ ചെലവായി. എനിക്ക് കരയുവാൻ കണ്ണീരില്ലായിരുന്നു. മനസും ശരീരവും തളർന്ന നിമിഷം. വേദനകൾ നുരഞ്ഞുപൊങ്ങി കുറുകിയിരുന്നു ആശുപത്രികിടക്കയിൽ. ശിഷ്ടകാലം ജനിച്ച മണ്ണിലേക്ക് മാറാമെന്നുള്ള തീരുമാനം ജോസേട്ടന്റേതായിരുന്നു. ചെങ്ങന്നൂരിലുള്ള പമ്പാനദിയുടെ തീരത്തെ രണ്ടുനില വീടുപുതുക്കി പണിതു. ഗേറ്റുതുറക്കുന്ന ശബ്ദവും കിട്ടുണ്ണിയുടെ കുരയും കുഞ്ചി തത്തമ്മ ചിറകടിയും ഒന്നിച്ചായിരുന്നു. തണുത്തുറഞ്ഞ ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നു.
''ആകെ നനഞ്ഞു കുതിർന്നു...""
ജോസേട്ടൻ മുകളിലത്തെ മുറിയിലെത്തി; വിവരിക്കുവാൻ തുടങ്ങി.
''കേരളം മുഴുവൻ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഡാമുകൾ പലതും തുറന്നു വിടുന്നു. കേന്ദ്രസേനയും കേരളത്തിലെത്തിയിട്ടുണ്ട്. ഇരുട്ടാകുന്നതിനു മുമ്പേ അത്താഴം കഴിക്കാം. രാത്രിയായാൽ മെഴുകുതിരി വെട്ടത്തിൽ ഇരിക്കേണ്ടി വരും.""
വസ്ത്രം മാറുന്ന തിരക്കിൽ പറഞ്ഞുകൊണ്ടേയിരുന്നു.
''അവിടെയും വൈദ്യുതിയില്ല. അവറാന്റെ കടയിലെ ഇൻവേർട്ടറിൽ നിന്നും മൊബൈൽ കുറച്ചു ചാർജുചെയ്തു കിട്ടി. മഴ രണ്ടു ദിവസം കൂടെയേ കാണൂ. എത്രയോ തവണ കാലവർഷം കലിപ്പുകാണിച്ചു മടങ്ങിപോയിരിക്കുന്നു.""
ചാർജു ചെയ്ത ടീച്ചറിന്റെ മൊബൈൽ കൊടുത്തിട്ടു തുടർന്നു.
''അപ്പൻ പണ്ടു പറയുമായിരുന്നു; തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിനു പോലും നമ്മുടെ വസ്തുവിൽ വെള്ളം കേറിയിട്ടില്ലയെന്ന്.""
റാണി ടീച്ചർ ആഹാരത്തിന് മുമ്പുള്ള മരുന്നുകഴിച്ചു. രണ്ടരവർഷമായുള്ള ദിനചര്യ. ആശുപത്രിയിലേക്കായി മാസാദ്യം തിരുവനന്തപുരത്തേക്ക് പോകുന്ന യാത്രയൊഴിച്ചാൽ റാണി ടീച്ചർ എന്നും മുറിയിൽ ഒതുങ്ങികൂടും. വായനയും എഴുത്തും. പിന്നെ കൂട്ടിനായി കിട്ടുണ്ണിയും കുഞ്ചിയും.
''ഷെറി, സ്വീറ്റ് വൈൻ അല്പം എടുത്താലോ?""
അല്പാല്പം രുചിക്കുന്നതോടൊപ്പം റാണി ടീച്ചർ തന്റെ ആസ്ട്രോഫിസിക്സിലെ ഗവേഷണങ്ങൾ ജോസേട്ടന്റെ മുമ്പാകെ അവതരിപ്പിച്ചു. താഴത്തെ നിലയിലെ ഒരു മുറി രണ്ടുപേരുടേയും പഠനമുറിയും എണ്ണിയാലൊടുങ്ങാത്ത പുസ്തകങ്ങളുടെ ലൈബ്രറിയുമാണ്. ഇന്നത്തെ അത്താഴം മണിക്കൂറുകൾ എടുക്കും. വല്ലപ്പോഴും സ്വീറ്റ് വൈൻ ആസ്വദിച്ചുകൊണ്ടുള്ള സംവാദം. ഒരിക്കലും വേദനയുടെ നെരിപ്പോടുകൾ സംസാരമദ്ധ്യേ വരാതിരിക്കുവാൻ രണ്ടുപേരും ശ്രദ്ധിക്കാറുണ്ട്.
എങ്കിലും അരണ്ടവെട്ടത്തിൽ ഇന്നെന്തോ രണ്ടുപേരുടേയും കണ്ണുകൾ ഈറനണിഞ്ഞു.
''നമ്മുടെ ജീവിതത്തിൽ കുറെ കാലങ്ങളായി നടക്കുന്ന കാര്യങ്ങൾ Murphy law യിലൂടെയാണ്.'
ഒരു ദീർഘശ്വാസമെടുത്തു ജോസേട്ടൻ തുടർന്നു.
''Anything that can go wrong will go wrong.""
''ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടിങ്ങനെയാണ് ജോസേട്ടാ. ജനനത്തിനും മരണത്തിനും ഇടയിലുള്ള പളുങ്കുപാലത്തിലൂടെയുള്ള യാത്രയാണ് ജീവിതം. അവിടെ കണ്ടുമുട്ടുന്ന നമ്മളെല്ലാം എഴുതപ്പെട്ട കഥയിലെ ചില കഥാപാത്രങ്ങൾ മാത്രം. നമ്മൾ ഇപ്പോൾ ഏതെങ്കിലും കാരണത്താൽ സന്തോഷിച്ചാൽ; അതേ കാരണത്താൽ ആരെങ്കിലും ദുഃഖിക്കുന്നുണ്ടായിരിക്കും. അതാണ് പലപ്പോഴും ജീവിതം നമ്മളെ ചുട്ടുപൊള്ളിക്കുന്നത്.""
മഴയുടെ കനത്ത ഇരമ്പൽ. സൂര്യനെ കണ്ടിട്ടു ദിവസങ്ങളായി. കിട്ടുണ്ണി മയക്കത്തിലായി. ആഹാരത്തിനുശേഷമുള്ള മരുന്നുകൾ റാണി ടീച്ചർ തെറ്റാതെ കഴിച്ചു.
''ജോസേട്ടാ ഇന്നെന്തോ മനസിന് വല്ലാത്തൊരു ഭാരം പോലെ.""
''എല്ലാം തോന്നലുകളാണ് ടീച്ചറെ. സമാധാനത്തോടെ കിടക്ക്. ഇന്നു രാത്രിയോടെ മഴയൊക്കെ തീരും. മുതുകുളത്തുനിന്നും മോഴൂരെ വേണുചേട്ടനും കൂന്തോലിലെ ഗോപനൻചേട്ടനും വിളിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം നമുക്ക് ബുദ്ധിമുട്ടോണ്ടോയെന്നറിയുവാൻ വിളിക്കുന്നതാ.""
ജോസേട്ടൻ കട്ടിലിൽ ചാരിയിരുന്നു. അന്ത്യയാമത്തിലെപ്പൊഴോ കിട്ടുണ്ണി കുരയ്ക്കുന്നുണ്ടായിരുന്നു. നേരം പുലരുന്നതേയുള്ളൂ. ജനൽ തുറന്നു വെളിയിലേക്കൊന്നേ നോക്കിയുള്ളൂ. താഴത്തേനില മുക്കാൽപ്പങ്കും വെള്ളത്തിനടിയിൽ. മതിലും ഗേറ്റും എല്ലാം കവിഞ്ഞ് പമ്പാനദി മുന്നിലൂടെ ഒഴുകുന്നു. ശരീരം മുഴുവൻ മരവിച്ച നേരം. മേഘങ്ങളില്ലാത്ത ആകാശം. താഴത്തെ നിലയിലേക്കുള്ള വാതിൽ പാതിതുറന്നു പെട്ടന്നുതന്നെ അടച്ചു. കൈവരിയിൽ പാമ്പുകൾ കെട്ടുപിണഞ്ഞുകിടക്കുന്നു. വെള്ളത്തിൽ ഒഴുകിയെത്തിയവ. കിട്ടുണ്ണി കുറെനേരമായി കുരയ്ക്കുന്ന കാരണമിതാണ്. ഓടി മുറിയിലെത്തിയപ്പോൾ റാണിടീച്ചർ ഉണർന്നിരുന്നു.
''നമ്മൾ കടലിന്റെ നടുക്കു പൊങ്ങിക്കിടക്കുന്നപോലെ.""
റാണി ടീച്ചറിന്റെ മുഖത്തു മ്ളാനത.
രൗദ്രഭാവത്തോടെയുള്ള താഴത്തെ നിലയുടെ മുക്കാലും കവിഞ്ഞൊഴുകുന്ന പമ്പാനദി ഒന്നേ റാണി ടീച്ചർ നോക്കിയുള്ളൂ.
''നമ്മുടെ ലൈബ്രറി റൂം മുഴുവനും വെള്ളത്തിലായി... ഇല്ലേ ജോസേട്ടാ.""
''ഒരായുസുമുഴുവനും വായിച്ചതും എഴുതികൂട്ടിയ അറിവുകളും ഒരു നിമിഷം കൊണ്ടു അലിഞ്ഞില്ലാതെയായി.""
കുടിക്കുവാനെടുത്തുവെച്ചിരുന്ന അവസാനതുള്ളി വെള്ളവും കുടിച്ചു തീർത്തു.
''ഒരു ക്ഷീണം പോലെ. ഞാനൊന്നു കിടക്കട്ടെ. രാത്രിയിൽ ഞാൻ കർണനെ സ്വപ്നം കണ്ടു. ഇടുക്കിയിലെ നമ്മുടെ എസ്റ്റേറ്റിൽ അവനുമായി ഒത്തിരി സന്തോഷിച്ചു.""
റാണി ടീച്ചർ കട്ടിലിൽ ചാരി കിടന്നു. കിട്ടുണ്ണി ജനലിലൂടെ ദൂരേയ്ക്കു നോക്കി നിറുത്താതെ കുരയ്ക്കുന്നു.
''എല്ലാം റാണി ടീച്ചറിന്റെ തോന്നലുകളാണ്. മോനെ ഓർത്തുകൊണ്ടായിരിക്കാം ഇന്നലെ കിടന്നത്.""
ജോസേട്ടൻ ഓരത്തായി കട്ടിലിൽ ഇരുന്നു. വെളിയിൽ മഴ വീണ്ടും പെയ്യുവാൻ തുടങ്ങിയിരുന്നു. ക്ളോക്കിൽ സമയം ഏഴടിച്ചു.
''എനിക്കെന്തോ ഒരു വെപ്രാളം പോലെ. ശ്വാസം കിട്ടുന്നില്ല.""
കണ്ണുകൾ ചുവന്നിരിക്കുന്നു. അതോ തന്റെ തോന്നലോ?
''മഴയുടനെ മാറും . എങ്ങനെയും ആശുപത്രിയിൽ പോകാം.""
ഞാൻ സമാധാനിപ്പിച്ചു.
''ദാഹിക്കുന്നു...""
ബാൽക്കണിയിൽ പോയി കൈനീട്ടി മഴ വൈള്ളമെടുത്തു. തുള്ളിതുള്ളിയായി വായിലേക്കൊഴിച്ചു. കണ്ണു തുറന്നു അവസാനമായൊന്നു നോക്കി. കൺപോളകൾ താനെ അടഞ്ഞു.
കിട്ടുണ്ണി ശബ്ദമുണ്ടാക്കാതെ മുറിയിലൂടെ ഓടി നടക്കുന്നു. കണ്ണുകൾ കൈകൊണ്ടു തുടച്ചു. നിമിഷങ്ങൾ ഉറുമ്പുകളായി. കുറെ കാലൻ കാക്കകൾ കൂട്ടത്തോടെ ദൂരേയ്ക്ക് പറന്നുപോകുന്നു. റാണി ടീച്ചറിന് അനക്കമില്ലാത്ത അവസ്ഥ. കൺപോളകൾ വിടർത്തി നോക്കി. രക്തമയമില്ലാതെ വെളുത്തിരിക്കുന്നു. കരയുവാൻ കഴിയുന്നില്ലയെനിക്ക്. ചൂടാറും മുമ്പേ നെറ്റിയിൽ അന്ത്യചുംബനം കൊടുത്തു. ശാന്തമായ വിടവാങ്ങൽ. സഹിക്കാവുന്നതിനപ്പുറമുള്ള വേർപാട്. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷക്കാലം സുഖത്തിലും ദുഃഖത്തിലും നിഴലായി നിന്നവൾ. ഇന്നലെവരെ വലതുകൈ എന്റെ നെഞ്ചിൽ വച്ചുറങ്ങിയവൾ.
താഴേക്കുള്ള കതകു തുറന്നടച്ചു. പാമ്പിൻകൂട്ടം പഴയസ്ഥാനത്തുതന്നെ. വെള്ളം കൂടുതൽ പൊങ്ങിയിട്ടില്ല. ഒരു സഹായഹസ്തവും അടുത്തെങ്ങുമില്ല. എങ്ങും ഒഴുകിയൊളിക്കുന്ന നദീപ്രവാഹം. ചിന്തകൾ ഇന്നലകളെ ചികഞ്ഞെടുത്തു. നഷ്ടങ്ങളുടെ കണക്കുകൾ മാത്രമുള്ള എല്ലാം നേടിയിട്ടും ഒന്നും നേടാത്ത ജീവിതം. എന്തു ചെയ്യണമെന്നറിയില്ല. മരവിച്ച അവസ്ഥ. ആകെയുള്ളയൊരു സഹോദരൻ ദിനരാത്ര വ്യത്യാസത്തിൽ ഭൂമിയുടെ അങ്ങേ തലയ്ക്കൽ. ഒറ്റപ്പെട്ട ജീവിതത്തിൽ വല്ലപ്പോഴും വരുന്ന തങ്കപ്പൻസാർ. കിട്ടുണ്ണിയിലും കുഞ്ചിത്തത്തയിലും ഒതുങ്ങിയ ജീവിതം. കർണൻ പോയതോടുകൂടി; മനുഷ്യനുണ്ടാക്കിയ ദൈവത്തോടുള്ള ഭക്തി ഭസ്മമായിപ്പോയി. പള്ളിയും പട്ടക്കാരനുമില്ലാത്ത ജീവിതം. ഇന്നലെ രാത്രിയോടെ രണ്ടു മൊബൈലും ചത്തു.
ടീച്ചറിനെന്നും ഇഷ്ടമുള്ള കമ്പിളിപുതപ്പുകൊണ്ടു പുതപ്പിച്ചു. ചുണ്ടിന്റെയും കണ്ണിന്റെയും വശത്തുണ്ടായ നനവ് ടൗവ്വലുകൊണ്ടു തുടച്ചു നീക്കി. മൂന്നുമണിക്കൂറുകൊണ്ടു ടീച്ചറിന്റെ ശരീരം തണുത്തുമരവിച്ചിരിക്കുന്നു. സമയം ഒച്ചിഴയുംപോലെ നീങ്ങികൊണ്ടേയിരുന്നു. മഴ കുറഞ്ഞു. ജനൽ തുറന്ന് അനന്തതയിലേക്കു വീണ്ടും കണ്ണുകൾ പായിച്ചു. മനുഷ്യസാമീപ്യം എത്രയോ ദൂരെയാണ്. തിരുവനന്തപുരത്തെ ഫ്ളാറ്റിൽനിന്നും ചെങ്ങന്നൂരിലേക്കു മാറിത്താമസിച്ചതിൽ കുറ്റബോധം തോന്നി. റാണി ടീച്ചറിന് കർണന്റെ ഓർമ്മകൾ ഉറങ്ങുന്ന ഫ്ളാറ്റിൽ കഴിയുന്നതായിരുന്നു ഇഷ്ടം. തന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അപ്പനപ്പൂപ്പന്മാർ താമസിച്ച ഈ വീട്ടിലേക്ക് വന്നത്. ടീച്ചറിന്റെ മരവിച്ച ശരീരത്തിൽ മുട്ടിയിരുന്നു.
അങ്ങകലെ ഒരു ഹെലികോപ്റ്റർ പോകുന്ന ശബ്ദം രണ്ടുമണിയോടെ കേട്ടാണ് എഴുന്നേറ്റത്. കിട്ടുണ്ണി കാൽചുവട്ടിലുണ്ട്. ടീച്ചറുടെ മൂക്കിൽ നിന്നും എന്തോ ദ്രാവകം ഒലിച്ചിറങ്ങുന്നു. അലമാരിയിൽ നിന്നും കുറച്ചു പഞ്ഞിയെടുത്ത് മൂക്കിൽ തിരുകികയറ്റി. ബാൽക്കണിയിൽ പോയി കുറച്ച് മഴവെള്ളം കൈകളിലെടുത്തു കുടിച്ചു. അനക്കം കേട്ടു തിരിഞ്ഞുനോക്കിയപ്പോൾ, കിട്ടുണ്ണി. അവനും വിശക്കുന്നുണ്ടായിരിക്കും. അലമാരിയിലിരുന്ന കുറച്ചു കപ്പലണ്ടിയെടുത്തു കിട്ടുണ്ണിക്കും കുഞ്ചിക്കും കൊടുത്തു. തലച്ചോറിൽ ചിതലുകൾ അരിക്കുന്നപോലെ. എന്നെ തനിച്ചാക്കി മൺചെരാതുകളെല്ലാം കെട്ടടഞ്ഞു. എല്ലാം മറന്നു മറന്നു വരുമ്പോൾ മറന്ന ചിന്തകൾ മുളക്കുന്നു. ജീവനില്ലാത്ത മുഖത്തേക്കുനോക്കി; കരയുവാൻ ഒരു തുള്ളി കണ്ണുനീരില്ലാത്ത ദുഃഖത്തിൽ. അഞ്ചുമണിയായതോടെ പ്രകൃതിയൊന്നു ദീർഘശ്വാസം വിട്ടിട്ടു കനത്തമഴ തുടങ്ങി .
ഇരുട്ടിന്റെയും മഴയുടെയും കാഠിന്യം കൂടികൊണ്ടേയിരുന്നു. രാത്രിയുടെ ഏതോ യാമത്തിൽ ഞെട്ടിയുണർന്നു. കുറ്റാകുറ്റിരുട്ട്. മെഴുകുതിരി എപ്പോഴോ കെട്ടുപോയി. മൃതിയടഞ്ഞ റാണി ടീച്ചറിന്റെ ശരീരത്തോടു ചേർന്നു കിടന്നു. മൃതശരീരത്തെക്കുറിച്ചുള്ള അറിവുകൾ കഴുകനെപ്പോലെ തലയെ കീറിമുറിക്കുന്നു. ടീച്ചറിന്റെ ആന്തരികാവയവങ്ങൾ അഴുകുവാൻ തുടങ്ങികാണും.
ഉദയകിരണങ്ങളിൽ റാണി ടീച്ചറിനെ പുതപ്പുമാറ്റി സൂക്ഷിച്ചു നോക്കി. ശരീരം മുഴുവനും ഇരുണ്ടിരിക്കുന്നു. ശരീരകലകൾ നിർജ്ജീവമായിട്ട് നേരത്തോടു നേരമായി. കിട്ടുണ്ണി ക്ഷീണിതനായി എന്നെ ഒന്നു നോക്കി. ബാൽക്കണിയിൽ നിന്നാൽ ഗേറ്റും മതിലും കവിഞ്ഞൊഴുകുന്ന വെള്ളപ്പാച്ചിൽ. ഒഴുകിയെത്തിയ വന്മരങ്ങളുടെ അവശിഷ്ടങ്ങൾ മതിലിൽ തടഞ്ഞുയർന്നു നിൽക്കുന്നു. നനഞ്ഞ തൂവലുമായി കിളികൾ മരകൊമ്പുകളിൽ. പെട്ടന്നാണു കുഞ്ചിതത്തയുടെ കാര്യം ഓർത്തത്. കൂടു തുറന്നു കുഞ്ചിയെ ബാൽക്കണിയിൽ വെച്ചു. അടുത്ത നിമിഷം രണ്ടുവർഷത്തെ കാരാഗൃഹവാസത്തിൽ നിന്നും അനന്തതയിലേക്ക് കുഞ്ചി തത്ത പറന്നകന്നു. കിട്ടുണ്ണി തന്റെ സ്നേഹം ശരീരം ഉരസി പ്രകടിപ്പിച്ചു.
കരിമേഘങ്ങൾ ഇല്ലാത്ത ആകാശം. വെള്ളം കുറയാതെ വെളിയിലേക്കു പോകുവാൻ സാധിക്കില്ല.
ഒരു ഹെലികോപ്റ്റർ കാതടിപ്പിക്കുന്ന ശബ്ദത്തോടെ വീടിനു മുകളിലൂടെ പറന്നുപോയി. റാണിടീച്ചറിന്റെ മുഖത്തേക്കു നോക്കുവാൻ മനസ്സുവന്നില്ല. നോക്കിയാൽ തളർന്നു വീഴുമോയെന്ന തോന്നൽ. ക്ളോക്കിൽ പന്ത്രണ്ടുമണിയടിച്ചു. എവിടെ നിന്നോ കുറെ ഈച്ചകൾ മുഖത്തുവന്നിരിക്കുന്നു. പുതപ്പുകൊണ്ടു മുഖവും മൂടിയിട്ടു. അടുത്തുവരുന്ന കൂവൽ ശബ്ദം. തിരിച്ചുള്ള നേർത്ത കൂവൽ ചുമയിലവസാനിച്ചു. മോട്ടോർ ഘടിപ്പിച്ച ഒരു വള്ളം വീടിനു മുന്നിലൂടെ പോകുന്നു. ബാൽക്കണിയിൽ നിന്നും കൈവീശി; കഴിയുന്ന ശബ്ദത്തിൽ വിളിച്ചിട്ടും അവർ രണ്ടുപേരും ശ്രദ്ധിച്ചതേയില്ല. കിട്ടുണ്ണിയുടെ കുരപോലും കേട്ടില്ല. ഒരു ചെറിയ പ്രതീക്ഷ. അവർ തിരിച്ചു പോകുമ്പോൾ കാണാം. ഒരുമണിക്കൂറിനു ശേഷം കുറച്ചാളുകളുമായി ശരവേഗത്തിൽ വള്ളം തിരിച്ചു പോയി. പ്രതീക്ഷകൾ വീണ്ടും അസ്തമിച്ചു. കട്ടിലിന്റ താഴെ വെള്ളം പോലെയെന്തോ ഇറ്റിറ്റുവീഴുന്നു . അതിൽ കുറെ ഈച്ചകളും. ചിന്തിച്ചാൽ ഭ്രാന്താകും. വീണ്ടും ബാൽക്കണിയിലേക്ക്.
പ്രതീക്ഷകളുമായി ഒരു ബോട്ടിന്റെ ശബ്ദം. ഒരു ടൗവ്വൽ കൈയ്യിലെടുത്തു വീശി. കൂടെ കിട്ടുണ്ണിയുടെ കുരയും.
'''പെട്ടന്നു ബോട്ടിലേക്കു കയറൂ. നിങ്ങള് എത്ര പേരുണ്ട്.""
വിവരങ്ങൾ കേട്ടറിഞ്ഞതോടെ ദൈന്യതയിൽ കഴിക്കാനായി ബ്രഡും ഒരു കുപ്പിവെള്ളവും തന്നു. ബ്രഡ് കിട്ടുണ്ണിയ്ക്ക് കൊടുത്തു.
''ഞങ്ങൾ ഗവണ്മെന്റ് ഓഫീസേഴ്സിനെ അറിയിക്കാം. പൂർണമായ വിലാസവും വിവരങ്ങളും നിങ്ങൾ തരീൻ.""
എകദേശം മൂന്നു മണി കഴിഞ്ഞപ്പോൾ ചെവിപൊട്ടുന്ന ശബ്ദത്തോടെ ഒരു ഹെലികോപ്റ്റർ വട്ടമിട്ടു പറക്കുന്നു.
''ജോസ് സാർ ആദ്യം താഴെ ഇറങ്ങിക്കോളൂ.""
തിരുവനന്തപുരം വിമാനത്താവളത്തിലെ ദുരിതാശ്വാസ ക്യാമ്പിനടുത്തായി നിലത്തിറക്കിയ ഹെലികോപ്റ്ററിൽ നിന്നും ഇറങ്ങുവാൻ സൈനികർ സഹായിച്ചു. കിട്ടുണ്ണിയും മുട്ടിയുരുമ്മി കൂടെയുണ്ട്. ദൃശ്യമാദ്ധ്യമങ്ങളിൽ മാത്രം കണ്ടിട്ടുള്ള കളക്ടർ കർണകിയുടെ നേതൃത്വത്തിൽ കുറെപ്പേർ കാത്തുനിൽക്കുന്നു. കോളേജിലെ സഹാദ്ധ്യാപകർ ആരൊക്കെയോ കൂടെയുണ്ട്.
''ഒറ്റയ്ക്കാക്കി ടീച്ചർ പോയി...""
തങ്കപ്പൻസാർ മുന്നോട്ടെത്തി കെട്ടിപ്പിടിച്ചു കരഞ്ഞു. കണ്ണുതുറന്നതും കളക്ടർ കർണകി കൈകൂപ്പി നില്ക്കുന്നു.
''ടീച്ചറിന്റെ ഡെഡ്ബോഡി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. പിന്നെ ഇന്നു വൈകിട്ടുതന്നെ തിരുവനന്തപുരത്തെ പള്ളി സെമിത്തേരിയിൽ ഫ്യൂണറലിനുള്ള അറേഞ്ച്മെന്റ്സും ചെയ്തിട്ടുണ്ട്.""
കളക്ടർ നിർവികാരയായി പറഞ്ഞു.
''എന്റെ ടീച്ചറിന്റെ ശരീരം പോസ്റ്റുമാർട്ടം ചെയ്തു കീറിമുറിക്കരുതേ... എന്റെ അപേക്ഷയാണ്. കൂടാതെ, ടീച്ചറിനെ തൈക്കാട് വൈദ്യുതിശ്മശാനത്തിൽ അടക്കിയാൽ മതി. അല്ലാതെ പള്ളിപുരയിടത്തിലെ മണ്ണിരയ്ക്ക് തീറ്റയാകുവൻ ഞാൻ ടീച്ചറിനെ വിട്ടുതരില്ല.""
വിതുമ്പലോടെ തങ്കപ്പൻസർ അരികിലുണ്ട് . അടുത്തേക്കുവന്ന ഏതോ ടിവി ചാനലുകാരെ കളക്ടറുടെ നിർദ്ദേശപ്രകാരം ദൂരേയ്ക്ക് മാറ്റിനിർത്തുവാൻ പാടുപെടുന്ന പോലീസുകാർ.
''ഇറ്റ്സ് ഒഫിഷ്യൽ പ്രൊസീജിയഴ്സ് ഒൺലി.""
കളക്ടർ കൂട്ടി ചേർത്തു. രണ്ടു സഹജോലിക്കാരെ കാര്യങ്ങൾ നോക്കുവാനേല്പിച്ചിട്ട് കർണകി അടുത്ത യഞ്ജത്തിലേക്ക് ഓടിക്കയറി.
തണുത്തു മരവിച്ച നെറുകയിൽ തഴുകി. ആരൊക്കെയോ പൂക്കൾ വിതറി. നിമിഷങ്ങൾക്കുള്ളിൽ തീ കനലുകൾ എന്റെ ജീവനെ ചാരമാക്കി. കിട്ടുണ്ണി കാലിൽ മുട്ടിയുരുമ്മി നിന്നു. സ്ഥലകാലബോധമില്ലാത്ത കരച്ചിൽ അടക്കിവയ്ക്കുവാൻ കഴിഞ്ഞില്ല. ആരൊക്കെയോ സമാധാനിപ്പിക്കാൻ ശ്രമിച്ചു. വേദനകൾക്കിടയിൽ ഒരു തണലായിരുന്ന ടീച്ചർ ഒരു പിടി ചാരമായി. നഷ്ടപ്പെടലിന്റെ കയ്പ്പ് അനുഭവിച്ചു മനസിന് തഴമ്പായി.
തിരിച്ചു വരുന്നവഴി തങ്കപ്പൻസാറിന്റെ കൂടെ ശംഖുമുഖം കടൽ തീരത്ത് കാർ നിറുത്തി. കയ്യിലുണ്ടായിരുന്ന മൺകുടം കടലിലേക്കെറിഞ്ഞു.
''ഇന്നിവിടെ കിടക്കാം. നാളെ നമുക്കു രണ്ടുപേർക്കും കൂടി ഫ്ളാറ്റിലേക്കു പോകാം.""
ചാരുകസേരയിലിരുന്നു തങ്കപ്പൻസാർ എന്നോടായി പറഞ്ഞു.
''താനൊന്നു കുളിച്ചു ഫ്രഷാക്... ഉത്തര എല്ലാം മുകളിലത്തെ മുറിയിൽ ഒരിക്കിയിട്ടുണ്ട്. ആ സമയം കൊണ്ടു കിട്ടുണ്ണിയ്ക്കുള്ള ആഹാരം ഞാൻ വാങ്ങി വരാം.""
''തന്റെ പഴയ ബ്രാൻഡുണ്ട്, ouzo 12. Original Greece പണ്ടു താനതും കഴിച്ചിട്ട് എന്നെയും ഉണ്ണിത്താൻ സാറിനെയുമൊക്കെ അനുകരിച്ചത് ഓർമ്മയുണ്ടോ. കല്ലു കാടു കാഞ്ഞിരകുറ്റി മുതൽ മുള്ളു മൂടു മൂർഖൻ പാമ്പുവരെ ചവിട്ടി മെതിച്ചിട്ടല്ലേ........രാമൻ...... അതൊക്കെയൊരു കാലം.""
തങ്കപ്പൻസാർ പഴയകാലം അയവിറക്കി.
''റാണിടീച്ചറിന്റെ അവസാനരാത്രിയിൽ കർണ്ണനോടൊത്ത് എസ്റ്റേറ്റിൽ ഒത്തിരി സന്തോഷിച്ചതായി സ്വപ്നം കണ്ടിരുന്നു. നാളെ തന്നെ ഇടുക്കിയിലേക്കു പോകണം.""
സ്വയം പറഞ്ഞു.
വിശപ്പ് ആളിക്കത്തുന്നു. ഉത്തര ടീച്ചറിന്റെ സ്വാദിഷ്ടമായ ഭക്ഷണം ഒത്തിരി തവണ ആസ്വദിച്ചിട്ടുണ്ട്. ജീവിതത്തിൽ എല്ലാം നഷ്ടപെട്ട് ഒറ്റയ്ക്കായപ്പോൾ എല്ലാത്തിനോടും വിരക്തി. ജീവിക്കണമെന്നാഗ്രഹമുണ്ട്..
സാഹചര്യം... മനസിൽ ശൂന്യത. വേദനകൾ സഹിക്കുവാനായി മാത്രം ഒരു മനുഷ്യ ജന്മം എന്തിന്.
സ്വയം വെറുക്കുന്നു... ഈ ജന്മത്തെ... വികാരവിചാരങ്ങൾ ചത്തൊടുങ്ങിയ അവസ്ഥ. കണ്ണുതുറന്നാൽ, ചതഞ്ഞരഞ്ഞ ഓർമ്മകൾ ആർത്തിയോടെ രക്തം വലിച്ചു കുടിച്ചു മനസിനെ മരവിപ്പിക്കുന്നു. ഏതോ യാമത്തിൽ മദ്യം നിദ്രയ്ക്ക് വഴിയൊരുക്കി.
രാവിലെ തങ്കപ്പൻസാറിനൊപ്പം ഫ്ലാറ്റിലേക്ക്. കിട്ടുണ്ണിയ്ക്ക് സുപരിചിതമായ സ്ഥലം. എങ്ങും റാണി ടീച്ചറിന്റെ സാമീപ്യം ദുഃഖം അണപൊട്ടിക്കുന്നു.
''എന്റെ അഭിപ്രായത്തിൽ വെള്ളപ്പൊക്കമൊക്കെ മാറിയിട്ട് ഇടുക്കിയിലേക്കു പോയാൽപോരേ. പിന്നെ... എല്ലാം തന്റെ ഇഷ്ടം.""
തങ്കപ്പൻസാർ വ്യസനത്തോടെ പറഞ്ഞു.
''എന്റെ ഈ യാത്ര ആരോടും പറയേണ്ടാ. ആരു ചോദിച്ചാലും ഒരു ദേശാചാരത്തിലാണന്നു പറയുക. കിട്ടുണ്ണിയെ ഞാൻ കൂട്ടുന്നില്ല. സാറിനെ എല്പിക്കുന്നു.""
കിട്ടുണ്ണിയോടും തങ്കപ്പനൻസാറിനോടും ഒന്നും പറയാനാകാതെ യാത്ര തിരിച്ചു. മനുഷ്യരേക്കാളും സ്നേഹം തന്നവനാണു കിട്ടുണ്ണി. പക്ഷേ കിട്ടുണ്ണി തങ്കപ്പൻസാറിന്റെ കൈയ്യിൽ നിന്നും കുതറിമാറി അടുക്കലേക്ക് വന്നു. അവസാനം അവനേയും കൂട്ടിയുള്ള യാത്ര.കഴിഞ്ഞദിവസങ്ങളിൽ മഴ കുറവായിരുന്നതിനാൽ യാത്ര ഒരറ്റം വരെ സുഗമമായിരുന്നു. മണിക്കൂറുകൾ നടന്നും പലരുടെയും സഹായത്താലും വൈകിട്ടോടെ എസ്റ്റേറ്റിൽ എത്തിയ എന്നെ ആശ്ചര്യത്തോടെ മുഹമ്മദും കുടുംബവും സ്വീകരിച്ചു. പത്തുവർഷം മുമ്പ് കോളേജിലെ ഫിലോസഫി ഡിപ്പാർട്ട്മെന്റിലെ വിനീത ടീച്ചറാണ് മുഹമ്മദിനെ പരിചയപ്പെടുത്തിയത്. സ്വന്തം മോനെപ്പോലെ വളർത്തി, ഇപ്പോൾ അവൻ എസ്റ്റേറ്റ് നോക്കി നടത്തുന്നു.
''ഞാനൊരു ദീർഘയാത്ര പോവുകയാണ്. നേരം പുലരുന്നതിനു മുമ്പേ യാത്രതിരിക്കും.""
മുഹമ്മദും കുടുംബവും തന്നതെന്തോ കഴിച്ചു വിശപ്പടക്കി. ഓർമ്മകളുടെ തേരോട്ടം മനസ്സിനെ വീണ്ടും അലട്ടിക്കൊണ്ടേയിരുന്നു. കിഴക്ക് വെള്ളകീറുന്നതിനു മുമ്പേയിറങ്ങി നടത്തം തുടങ്ങി. കുറ്റാകുറ്റിരുട്ട്. ക്ഷീണിച്ചപ്പോൾ ഒരു മരച്ചുവട്ടിൽ ഇരുന്നു. എസ്റ്റേറ്റിന്റെ കിഴക്കേ അതിര് കഴിഞ്ഞാൽ പിന്നെ ഘോരവനമാണ്.
അരികിലൂടെ നടന്നാൽ കഴുകൻ മലയുടെ മുകളിലെത്താം. കഴുകന്മാരുടെ കൂട്ടം കൂടുകൂട്ടിയിരിക്കുന്ന മലയാണ് കഴുകൻമല. ശരീരം മുഴുവൻ കാട്ടുമുള്ളും വള്ളികളും തട്ടി നീറിപ്പുകയുന്നു. ക്ഷീണിച്ചവശനായെങ്കിലും കടപുഴകിയ മരങ്ങൾക്കിടയിലൂടെ നടത്തം തുടർന്നു. മലയുടെ മുകളിലെത്തി കണ്ണടച്ചു കുറെ നേരം നിന്നു. കണ്ണെത്താദൂരത്തിനു താഴെ നിബിഡവനം. കണ്ണുതുറന്നതും റാണിടീച്ചറും കർണനും ശില്പയും ഓടിയടുത്തേക്കു വന്നു.
''കിട്ടുണ്ണി എവിടെ. അവനെ ഒറ്റയ്ക്കാക്കിയാൽ അവൻ വിഷമിക്കില്ലേ?""
റാണി ടീച്ചറിന്റെ ചോദ്യവും മുഖഭാവവും മനസ്സിനെ കൂടുതൽ ഭ്രാന്തമാക്കി. എനിക്കു കൂട്ടായി കിട്ടുണ്ണിയില്ലേ. തിരിച്ചു നടക്കുവാന് വലിയൊരുശക്തി പ്രേരിപ്പിക്കുന്നു. കാലൻ കഴുകന്മാരുടെ ചിറകടിശബ്ദം കുറഞ്ഞുകുറഞ്ഞു വന്നു. ചുറ്റും വെള്ളിവെളിച്ചം മാത്രം. പ്രത്യാശയും സ്നേഹവുമുള്ള മുഖവുമായി ബംഗ്ലാവിന്റെ മുറ്റത്തു കാത്തുനില്ക്കുന്ന കിട്ടുണ്ണിയും മുഹമ്മദും.