തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്നുമുതൽ ചൊവ്വാഴ്ച വരെ വിവിധ ജില്ലകളിൾ റെഡ്, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ പാംബ്ല, കല്ലാർകുട്ടി, മലങ്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്താനും നിർദേശം നൽകി.
പത്തനംതിട്ട ജില്ലയിലെ ഏഴ് താലൂക്കുകളിലും 24 മണിക്കൂർ കൺട്രോൾ റൂമുകൾ തുടങ്ങിയിട്ടുണ്ട്. പെരിയാറിന്റെയും മൂവാറ്റുപഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇടുക്കിയില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. വാഗമൺ – തീക്കോയി റൂട്ടിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടെങ്കിലും ഗതാഗതം പുനസ്ഥാപിച്ചു.
പത്തനംതിട്ടയിൽ കനത്ത മഴ തുടരുകയാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് വെള്ളിയാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ 24 മണിക്കൂറിൽ 204 മില്ലീ മീറ്ററില്‍ കൂടുതൽ മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂർ നഗരത്തിൽ നൂറിലധികം വീടുകൾ വെള്ളത്തിനടിയിലായി. കോഴിക്കോട് കടൽക്ഷോഭവും വെള്ളക്കെട്ടും രൂക്ഷമായതിനെ തുടർന്ന് ഇരുപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. താവക്കര കേന്ദ്രമായുള്ള കണ്ണൂർ യൂണിവേഴ്സിറ്റിയും വെള്ളത്തിനടിയിലായിട്ടുണ്ട്.
ജൂലൈ 21ന് മലപ്പുറം, കണ്ണൂർ ജില്ലകളിലും ജൂലൈ 22ന് കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളിലും, ജൂലൈ 23ന് കണ്ണൂർ എന്നി ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.