karnatka

ബെംഗളുരു : കർണാടകയിൽ ഇന്ന് വൈകിട്ട് ആറുമണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവർണർ വാജുഭായി വാലയുടെ നിർദ്ദേശവും സർക്കാർ തള്ളി. ഇതോടെ കർണാടകയിൽ ഇന്നും വിശ്വാസവോട്ടെടുപ്പ് നടന്നില്ല. തുടർന്ന് നിയമ സഭ ഇന്നത്തേക്ക് പിരിഞ്ഞു. വിശ്വാസ പ്രമേയത്തിലുള്ള നടപടികൾ തിങ്കളാഴ്ച പൂർത്തിയാക്കണമെന്ന് സ്പീക്കർ കെ.ആർ|.രമേഷ് കുമാർ ആവശ്യപ്പെട്ടു. വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നേരത്തെ അറിയിച്ചിരുന്നു. ആറുമണിക്കുമുൻുപ് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

വിശ്വാസ വോട്ടെടുപ്പ് അധികം വൈകിപ്പിക്കരുതെന്ന് സ്പീക്കർ കെ.ആർ.രമേഷ്‌കുമാർ പറഞ്ഞു. ചർച്ച വലിച്ചുനീട്ടാൻ ആഗ്രഹമില്ലെന്നും നടപടിക്രമങ്ങൾ അനുസരിച്ചുമാത്രമാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം സഭയെ അറിയിച്ചു. തുടർന്നാണ് ഇന്നത്തേക്ക് സഭ പിരിഞ്ഞതും തിങ്കളാഴ്ച നടപടികൾ പൂർത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതും

അതേസമയം മുഖ്യമന്ത്രി കുമാര സ്വാമിയും പി.സി.സി അദ്ധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവുവും വിപ്പ് സംബന്ധിച്ച് വ്യക്തതത തേടി സുപ്രീകോടതിയിൽ ഹർജി നൽകി. ഹർജി നല്‍കി. പതിനഞ്ച് വിമത എം.എൽ.എമാരെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ നിർബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. വിപ്പ് ബാധകമല്ലെന്ന വ്യാഖ്യാനത്തിന് ഇത് കാരണമാകുന്നതായി ഹർജിയിൽ പറയുന്നു.

ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം അംഗങ്ങൾക്ക് വിപ്പ് നല്‍കാനുള്ള അവകാശം രാഷ്ട്രീയപ്പാർട്ടികൾക്കുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന ഈ അവകാശത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കോടതിക്ക് കഴിയില്ല. കോൺഗ്രസ് നിയമസഭ കക്ഷിനേതാവിന്റെ വാദം പോലും കേൾക്കാതെയാണ് കോടതി ഇത്തരത്തിലൊരു ഉത്തരവ് ഇറക്കിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.