ലണ്ടൻ: ഭരണകൂടം ക്രിക്കറ്രിലും ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടി സിംബാബ്‌വെയുടെ അംഗത്വം ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ റദ്ദാക്കി. വിലക്കേർപ്പെടുത്തിയതിനാൽ ഇനി ഐ.സി.സിയുടെ ഒരു മത്സരത്തിലും ടൂർണമെന്റുകളിലും സിംബാബ്‌വെയ്ക്ക് കളിക്കാനാകില്ല. ഐ.സി.സിയിൽ നിന്ന് ഇനി സാമ്പത്തികമുൾപ്പെടെയുള്ള ഒരു സഹായവും അവർക്ക് ലഭിക്കില്ല.
വിലക്ക് എത്രനാളത്തേക്കാണെന്ന് ഐ.സി.സി വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി ലണ്ടനിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഐ.സി.സി സിംബാബ്‌വെയ്ക്ക് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്. സിംബാബ്‌വെ ക്രിക്കറ്ര് ബോർഡിന്റെ വാദം കൂടി കേട്ട ശേഷമാണ് ഐ.സി.സിയുടെ തീരുമാനം.
വിലക്ക് വന്നതോടെ ഐ.സി.സിയുടെ പുരുഷ വനിതാ ട്വന്റി-20 ലോകകപ്പുകളുടെ യോഗ്യതാ മത്സരങ്ങൾ സിംബാബ്‌വെയ്ക്ക് നഷ്ടമാകും.
2003-04 കാലഘട്ടത്തിലാണ് സിംബ്‌ബ്‌വെ ക്രിക്കറ്റിന്റെ കഷ്ടകാലം ആരംഭിക്കുന്നത്. റോബർട്ട് മുഗാബെയുടെ ഭരണത്തിൻ കീഴിൽ രാജ്യത്തുണ്ടായ പ്രശ്നങ്ങൾ ക്രിക്കറ്റിനെയും പ്രതികൂലമായി ബാധിക്കുകയായിരുന്നു.
ഭരണകൂടം കൈകടത്തുന്നു
ഐ.സി.സിയിൽ നിന്ന് ഒരംഗത്തെ വിലക്കുകയെന്നത് കടുപ്പമേറിയ കാര്യമാണ്. സിംബാബ്‌വെ ക്രിക്കറ്റ് ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പിൽ രാജ്യത്തെ ഭരണകൂടത്തിന്റെ അനാവശ്യമായ ഇടപെടലുണ്ടായെന്നതിന് കൃത്യമായ തെളിവുകൾ കിട്ടിയതിന് ശേഷമാണ് ഐ.സി.സി കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. ഐ.സി.സിയുടെ ഭരണഘടന പ്രകാരം ക്രിക്കറ്റ് ബോർഡുകൾ സ്വതന്ത്രമായിട്ടാണ് പ്രവർത്തിക്കേണ്ടത്. രാഷ്ട്രീയമായ ഇടപെടലുകൾ ഒരുതരത്തിലും അംഗീകരിക്കാനാകില്ല.
സിംബാബ്‌വെയിൽ നടക്കുന്ന കാര്യങ്ങൾ ഐ.സി.സി ഭരണഘടനയിൽ പറയുന്ന കാര്യങ്ങൾക്ക് നേർവിപരീതമാണ്. ഇതൊരുതരത്തിലും അംഗീകരിച്ചു കൊടുക്കാനാകില്ല
വിലക്കിയ തീരുമാനം അറിയിച്ചുകൊണ്ട്
ഐ.സി.സി ചെയർമാൻ ശശാങ്ക് മനോഹർ
വിലക്ക് അപൂർവം
ഒരു സമ്പൂർണ അംഗരാജ്യത്തിന് ഐ.സി.സി വിലക്കേർപ്പെടുത്തുന്നത് ചരിത്രത്തിൽ ആദ്യം.
2015ൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് ഐ.സി.സി താക്കീത് നൽകിയിട്ടുണ്ട്.
അസസിയേറ്ര് രാജ്യമായ നേപ്പാളിന് ക്രിക്കറ്ര് ഭരണത്തിൽ രാജ്യത്തെ ഗവൺമെന്റ് ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടി വിലക്കുട്ടെങ്കിലും അവരുടെ ടീമുകൾക്ക് ഐ.സി.സി ടൂർണമെന്റിൽ പങ്കെടുക്കാൻ അനുവാദമുണ്ട്.
സങ്കടക്കടലിൽ താരങ്ങൾ
വിലക്ക് തീരുമാനമറിഞ്ഞ് ഇനി എന്തെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് സിംബാബ്‌വെ താരങ്ങൾ. ഐ.സി.സിയുടെ തീരുമാനത്തെ ഹൃദയഭേദകമെന്നായിരുന്നു സിംബാബ്‌വെ താരം സിക്കന്ദർ റാസ വിശേഷിപ്പിച്ചത്. ക്രിക്കറ്റ് കിറ്റ് കത്തിച്ചുകളഞ്ഞ് ഞങ്ങൾ മറ്റ് ജോലികൾ കണ്ടെത്തണോയെന്നും അദ്ദേഹം ചോദിക്കുന്നു.സിംബാബ്‌വെ ക്രിക്കറ്റിന്റെ വേരറക്കുന്ന തീരുമാനമാണിതെന്നും പലരുടെയും കരിയർ ഇതോടെ തീർന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്ര് ബോർഡിനെ വിലക്കിയെങ്കിലും താരങ്ങൾക്ക് ഐ.സി.സിയുടെ മത്സരങ്ങളിൽ കളിക്കനുള്ള അനുമതി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.