തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്നു മത്സ്യബന്ധനത്തിനു പോയ നാല് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ ഏഴുപേരെ കാണാതായി. പുതിയതുറയിൽ നിന്നുള്ള ലൂയിസ്, ബെന്നി പുല്ലുവിളയിൽ നിന്നുള്ള ആന്റണി, യേശുദാസൻ എന്നിവരെയാണ് കാണാതായത്. ബുധനാഴ്ച വൈകിട്ട് സിന്ധു യാത്രമാതാ എന്ന ബോട്ടിൽ ആഴക്കടലിൽ പോയ ഇവർ ഇന്നലെ രാവിലെ തിരിച്ചെത്തേണ്ടതായിരുന്നു. കോസ്റ്റ് ഗാർഡും നേവിയും തിരച്ചിൽ തുടരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. അതേ സമയം മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി തെരച്ചിൽ നടത്തണമെന്ന ആവശ്യം നിരാകരിച്ചതായി എം.വിൻസന്റ് എം.എൽ.എ ആരോപിച്ചു
കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധനത്തിന് പോയ തമിഴ്നാട്ടിൽ നിന്നുള്ള മൂന്നുപേരെയും വള്ളം തകർന്നു കാണാതായിട്ടുണ്ട്. രണ്ടുപേർ നീന്തി രക്ഷപെട്ടു. കടലിൽ കാണാതായവർക്കായുള്ള തെരച്ചിലിന് നാവികസേനയുടെ സഹായം തേടി.
കന്യാകുമാരി നിരോടിൽ നിന്നുള്ള സൈലത് മാത എന്ന വള്ളമാണ് അപകടത്തിൽപെട്ടത്. ശക്തമായ കാറ്റും മഴയും തിരയും തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. തിരച്ചിലിന് ജില്ലാ ഭരണകൂടം നാവികസേനയുടെ സഹായം തേടി. നീന്തി രക്ഷപെട്ട വള്ളത്തിന്റെ ഉടമ സ്റ്റാലിനെയും തൊഴിലാളി നിക്കോളാസിനെയും കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപെട്ടവരെല്ലാം കന്യാകുമാരി നിരോടിൽ നിന്നുള്ളവരാണ്. തകർന്ന വള്ളം നീണ്ടകര ഹാർബറിന് സമീപം തീരത്തടിഞ്ഞു.