വിഴിഞ്ഞം: മത്സ്യ ബന്ധനത്തിനിടെ കടലിൽ കാണാതായ തൊഴിലാളികൾക്കു വേണ്ടിയുള്ള തെരച്ചിൽ പ്രഹസനമെന്നാക്ഷേപം. വിഴിഞ്ഞത്തെത്തിയ ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണന് മുന്നിൽ മത്സ്യത്തൊഴിലാളികൾ രോഷാകുലരായി. പരാതികൾ കേട്ട കളക്ടർ അവരെ അനുനയിപ്പിച്ചു.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 3.30 ഓടെ മത്സ്യ ബന്ധനത്തിനു പോയ പല്ലുവിള കൊച്ചുപള്ളി പള്ളികെട്ടിയ പുരയിടത്തിൽ യേശുദാസൻ (55), പല്ലുവിള കൊച്ചുപള്ളി പുതിയതുറ പുരയിടത്തിൽ ആന്റണി (50), പുതിയതുറ കിണറുവിള പുരയിടത്തിൽ ലൂയിസ് (53), പുതിയതുറ നെടിയവിളാകം പുരയിടത്തിൽ ബെന്നി (33) എന്നിവരെയാണ് കാണാതായത്. വിഴിഞ്ഞം സ്വദേശി പുഷ്പരാജന്റെ വള്ളത്തിലാണ് ഇവർ മത്സ്യ ബന്ധനത്തിന് പോയത്. കാണാതായവർക്ക് വേണ്ടി വിഴിഞ്ഞത്തെ മറൈൻ എൻഫോഴ്സ്മെന്റും തീരസംരക്ഷണ സേനയുടെ വലിയ കപ്പലും തെരച്ചിൽ നടത്തുകയാണ്. അതേസമയം തീരസംരക്ഷണസേനയുടെ ചെറു കപ്പലുകൾ തെരച്ചിലിനിറങ്ങുന്നില്ലെന്നു പറഞ്ഞാണ് മത്സ്യത്തൊഴിലാളികളും കാണാതായവരുടെ ബന്ധുക്കളും പ്രതിഷേധിച്ചത്. വ്യാഴാഴ്ച നാവിക സേനയുടെ ഡോണിയർ വിമാനം തെരച്ചിലിന് എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ തെരച്ചിൽ നടത്താൻ കഴിഞ്ഞില്ല. സംഭവമറിഞ്ഞ് ഇന്നലെ വൈകിട്ട് വിഴിഞ്ഞത്ത് എത്തിയ ജില്ലാ കളക്ടറോട് മത്സ്യത്തൊഴിലാളികൾ പ്രതിഷേധമറിയിച്ചു. കളക്ടർ വിഴിഞ്ഞത്തെ തീരസംരക്ഷണസേനാധികൃതരുമായി ബന്ധപ്പെട്ട് വിവരം ധരിപ്പിച്ചതിനെ തുടർന്ന് വൈകിട്ടോടെ ഡോണിയർ വിമാനവും എയർ ക്രാഫ്റ്റും തെരച്ചിലിനെത്തുമെന്ന് ഉറപ്പ് നൽകിയതോടെയാണ് മത്സ്യത്തൊഴിലാളികൾ ശാന്തരായത്. തെരച്ചിലിന് പോകുന്ന തീരസംരക്ഷണസേനയുടെ ബോട്ടിൽ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തുന്നത്തിന് കളക്ടറോട് ആവശ്യമുയർന്നു. അതിനു വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതരോട് ചർച്ച നടത്താമെന്ന് കളക്ടർ തൊഴിലാളികളെ അറിയിച്ചു. കാണാതായ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾ രാവിലെ മുതൽ വിഴിഞ്ഞത്തെ പഴയ പള്ളിയിൽ പ്രാർത്ഥനയുമായി കഴിയുകയാണ്. എം. വിൻസെന്റ് എം.എൽ.എയും പുല്ലുവിള, വിഴിഞ്ഞം ഇടവകകളിലെ വികാരിമാരും കളക്ടറുമായിചർച്ച നടത്തി.

Box.

തങ്ങളുടെ പരാതികൾക്ക് പരിഹാരമായില്ലെങ്കിൽ കളക്ടറെ തടഞ്ഞുവയ്ക്കുമെന്ന് മത്സ്യത്തൊഴിലാളി സ്ത്രീകൾ. തനിക്ക് പേടിയില്ലെന്നും ഭക്ഷണവും ഇരിക്കാൻ സ്ഥലവും തന്നാൽ താൻ എവിടെയും തങ്ങാൻ തയ്യാറാണെന്നും കളക്ടർ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. താനും സാധാരണക്കാരനാണെന്നും ഇപ്പോൾ ക്ഷോഭിച്ചിട്ട് കാര്യമില്ലെന്നും കാണാതായവരെ കണ്ടെത്തുന്നതിനാണ് മുൻഗണനയെന്നും കളക്ടർ പറഞ്ഞു.

ഫോട്ടോ: മത്സ്യത്തൊഴിലാളികളെ കാണാതായതിനെ തുടർന്ന് കളക്ടർ വിഴിഞ്ഞത്ത് എത്തിയപ്പോൾ

2. കളക്ടർ വിഴിഞ്ഞത്ത് കാണാതായവരുടെ ബന്ധുക്കളുമായി സംസാരിക്കുന്നു