മുംബയ്: വെസ്റ്രിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്ര് ടീമിനെക്കുറിച്ചുള്ള സസ്പെൻസ് നീളുന്നു. ടീമിനെ വെള്ളിയാഴ്ച തിരഞ്ഞെടുക്കുമെന്ന് നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും ബി.സി.സി.ഐയിലെ ആശയക്കുഴപ്പം മൂലം വ്യാഴാഴ്ച വൈകിട്ട് തീരുമാനം മാറ്റുകയായിരുന്നു. തുടർന്ന് സെലക്ഷൻ കമ്മിറ്റി നാളെ നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
ലോകകപ്പിനു ശേഷം താരങ്ങളുടെ കായികക്ഷമത പരിശോധിച്ചതിന്റെ റിപ്പോർട്ട് ലഭിക്കാൻ വൈകിയെന്നായിരുന്നു യോഗം മാറ്റിയതിനു കാരണമായി ബി.സി.സി.ഐ. അറിയിച്ചത്. എന്നാൽ സെലക്ഷൻ കമ്മിറ്രിയോഗത്തിൽ ആര് അദ്ധ്യക്ഷത വഹിക്കുമെന്നതിനെച്ചൊല്ലി വ്യക്തതയില്ലാതെ വന്നതാണ് യോഗം മാറ്റിവയ്ക്കാൻ കാരണമായതെന്നാണ് റിപ്പോട്ട്. സെലക്ഷൻ കമ്മിറ്റിയോഗത്തിൽ കൺവീനറായി ബി.സി.സി.ഐ സെക്രട്ടറി പങ്കെടുക്കേണ്ടതില്ല എന്ന നിയമഭേദഗതിയെത്തുടർന്നുള്ള സാങ്കേതിക പ്രശ്നങ്ങളാണ് ഇത്തരത്തിലൊരു പ്രതിസന്ധിയിലേക്ക് വഴിതെളിച്ചത്. സെലക്ഷൻ കമ്മിറ്റി യോഗത്തിൽ കൺവീനറായി ബി.സി.സി.ഐ സെക്രട്ടറി പങ്കെടുക്കേണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച താത്കാലിക ഭരണസമിതിയാണ് നിയമഭേദഗതി വരുത്തിയത്. ലോധ കമ്മിഷൻ ശുപാർശ പ്രകാരമാണ് നിയമഭേദഗതി. ഇത് ഇതുവരെ നടപ്പാക്കിയിരുന്നില്ല.
ബി.സി.സി.ഐയിലെ ഉന്നതർ സെലക് ഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കരുതെന്നായിരുന്നു നിർദ്ദേശം. എന്നാൽ പകരം ആര് എന്നതിൽ വ്യക്തത വരുത്തിയിരുന്നില്ല.
ഇതേത്തുടർന്നാണ് യോഗം മാറ്റിയത്. പിന്നീട് ഇന്നലെ ബി.സി.സി.ഐ. അധികൃതർ യോഗം ചേർന്നു മുഖ്യ സെലക്ടർ എം.എസ്.കെ. പ്രസാദ് തന്നെ അധ്യക്ഷത വഹിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. നാളെ സെലക് ഷൻ കമ്മിറ്റി യോഗം ചേർന്ന് ടീം തെരഞ്ഞെടുക്കും. ശേഷം ടീം ലിസ്റ്റ് ബി.സി.സി.ഐ. സെക്രട്ടറിയുടെ അനുമതിക്ക് അയയ്ക്കും. ഇതിനു ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം നടത്തുക.
ധോണിയുണ്ടാകുമോ
എം.എസ്.ധോണി വെസ്റ്റിൻഡീസ് പര്യടനത്തിനുണ്ടോകുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം. ധോണി യുവതാരങ്ങൾക്ക് വഴിമാറിക്കൊടുക്കണമെന്ന് മുൻകാല താരങ്ങൾ ഉൾപ്പെടെ ഒളിഞ്ഞും തെളിഞ്ഞും പറയുന്നുണ്ടെങ്കിലും വിരമിക്കലിനെക്കുറിച്ച് ധോണി ഇതുവരെ മനസു തുറന്നിട്ടില്ല. അതേസമയം ധോണി ഇപ്പോൾ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് പറഞ്ഞതായി ഇന്നലെ വാർത്തകൾ വന്നു. ഇതിനിടെ സെലക്ഷൻ മീറ്റിംഗിന് മുൻപ് സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ ധോണിയുമായി ചർച്ച നടത്തിയേക്കുെമന്നും വിവരമുണ്ട്.
ഇന്ത്യയ്ക്ക് വിവിധ ഫോർമാറ്റുകളിൽ വ്യത്യസ്ത ക്യാപ്ടൻമാർ വന്നേക്കുമെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നാണ് റിപ്പോർട്ട്. എല്ലാ ഫോർമാറ്രിലും ക്യാപ്ടനായി കൊഹ്ലി തന്നെ തുടരുമെന്ന് ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദ് പറഞ്ഞതായി ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏതു ഫോർമാറ്റിലും ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് കൊഹ്ലി. അദ്ദേഹം തന്നെ ഇന്ത്യയെ നയിക്കുന്നതാണ് ഉചിതമെന്നാണ് സെലക്ഷൻ കമ്മിറ്റിയുടെ നിലപാട്. 2016ലാണ് ഇതിനു മുമ്പ് ഇന്ത്യക്ക് വ്യത്യസ്ത ഫോർമാറ്റുകളിൽ വ്യത്യസ്ത നായകന്മാരുണ്ടായിരുന്നത്. അന്ന് ഏകദിനങ്ങളിൽ മഹേന്ദ്ര സിങ് ധോണി ഇന്ത്യയെ നയിച്ചപ്പോൾ ടെസ്റ്റ് മത്സരങ്ങളിൽ കൊഹ്ലിയായിരുന്നു നായകൻ. ആസ്ട്രേലിയൻ പര്യടനത്തിനിടെ അപ്രതീക്ഷിതമായി ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെയായിരുന്നു ഇത്തരമൊരു സാഹചര്യം ഉണ്ടായത്.
ധോണിക്കെതിരെ ഗംഭീർ
ന്യൂഡൽഹി: ധോണി വിരമിക്കാൻ സമയമായെന്ന് പരോക്ഷമായി ഒളിയമ്പെറിഞ്ഞ് മുൻ താരവും ബി.ജെ.പി. എം.പിയുമായ ഗൗതം ഗംഭീർ രംഗത്ത്. പ്രായോഗികതയുടെ വക്താവായ ധോണി അദ്ദേഹത്തിന്റെ പഴയ നിലപാടിൽ ഉറച്ച് നിന്ന് യുവതാരങ്ങൾക്കായി വഴിമാറിക്കൊടുക്കണമെന്ന് ഗംഭീർ പറഞ്ഞു.
നേരത്തേ ആസ്ട്രേലിയയിൽവച്ച്, എനിക്കും സച്ചിനും സേവാഗിനും സി.ബി. ടൂർണമെന്റിൽ ഒരുമിച്ച് അവസരം നൽകാൻ സാധിക്കില്ലെന്ന് ധോണി പറഞ്ഞത് ഓർക്കുന്നു. ഗ്രൗണ്ട് വലുതാണ് എന്നതായിരുന്നു കാരണം. ലോകകപ്പിൽ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകണമെന്നായിരുന്നു അന്ന് ധോണിയുടെ നിലപാട്. ഇപ്പോൾ അതേപോലെ തീരുമാനമെടുക്കേണ്ട സാഹചര്യമാണ്. ഇത് യുവതാരങ്ങളെ വളർത്തിയെടുക്കേണ്ട സമയമാണ്. അത് ഋഷഭ് പന്തോ, സഞ്ജു സാംസണോ, ഇഷാൻ കിഷനോ ഇവരൊന്നുമല്ലാതെ മറ്റൊരു വിക്കറ്റ് കീപ്പറോ ആകാം. ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പറാകാൻ കഴിവുണ്ടെന്ന് കരുതുന്ന ആരായാലും അവസരം ഉറപ്പാക്കണം - ഗംഭീർ പറഞ്ഞു. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്ടൻമാരിൽ ഒരാളാണ് ധോണിയെന്ന് സമ്മതിച്ച ഗംഭീർ, ഇന്ത്യ നേടിയ എല്ലാ വിജയങ്ങൾക്കും ധോണിക്കു മാത്രം ക്രെഡിറ്റ് നൽകുന്നത് ശരിയായ രീതിയില്ലെന്നും അഭിപ്രായപ്പെട്ടു.