priyanka-

ലക്‌ നൗ: സോൻഭദ്ര കൂട്ടക്കൊലയിൽ മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിക്കാതെ മടങ്ങില്ലെന്ന നിലപാടെടുത്ത എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് കരുതൽ തടങ്കലിലാക്കി. സന്ദർശനാനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് തടഞ്ഞു വെച്ചിരിക്കുന്ന ചുനാർ ഗസ്റ്റ് ഹൗസിലും ധർണ തുടരുകയാണ് പ്രിയങ്ക. രാത്രി മുഴുവൻ പ്രതിഷേധിക്കാനാണ് പ്രിയങ്കയുടെ തീരുമാനം.

ഇന്ന് ഉച്ചയ്‍ക്ക് പന്ത്രണ്ട് മണിയോടെയാണ് പ്രിയങ്കയുടെ പ്രതിഷേധം തുടങ്ങിയത്. ഭൂമിതർക്കത്തെ തുടർന്ന് ഉത്തർപ്രദേശിലെ സോൻഭദ്രയയിൽ കൊല്ലപ്പെട്ട 10 ആദിവാസികളുടെ ബന്ധുക്കളെ കാണാനെത്തിയതായിരുന്നു പ്രിയങ്ക.

എന്നാൽ പ്രിയങ്കയുടെ സന്ദർശനത്തിന് തൊട്ട് മുമ്പ് സോൻഭദ്രയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. തുടർന്ന് മിർസാപ്പൂരിൽ വച്ച് പ്രിയങ്കയെ പൊലീസ് തടഞ്ഞു. താനുൾപ്പടെ നാലുപേര്‍ മാത്രമേ സോൻഭദ്രയിലേക്ക് പോകുകയുള്ളൂവെന്നും, നിരോധനാജ്ഞ ലംഘിക്കില്ലെന്നും പ്രിയങ്ക ഉറപ്പുനല്‍കിയെങ്കിലും പൊലീസ് അനുവാദം നല്‍കിയില്ല. തുടർന്ന് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പ്രിയങ്ക റോഡിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

സോൻഭദ്രക്ക് പിന്നാലെ മിർസാപ്പൂരിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത് മിർസാപ്പൂർ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പ്രിയങ്കയുടെ നേതൃത്വത്തിൽ ഗസ്റ്റ് ഹൗസിലും പ്രതിഷേധം തുടർന്നിരുന്നു. അറസ്റ്റിൽ പ്രതിഷേധമറിയിച്ച രാഹുൽ ഗാന്ധി ആദിത്യനാഥ് സർക്കാരിന്റെ അരക്ഷിത ബോധമാണ് പ്രിയങ്കയെ തടഞ്ഞതിലൂടെ വ്യക്തമായതെന്ന് ട്വീറ്റ് ചെയ്തു.

പ്രിയങ്കക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. സോൻഭദ്രയിൽ സ്ത്രീകളുൾപ്പടെ 10 ആദിവാസികളെ ഗ്രാമത്തലവനും കൂട്ടാളികളും കഴിഞ്ഞ ബുധനാഴ്ചയാണ് വെടിവച്ചു കൊന്നത് . 23 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ വാരാണസി ആശുപത്രിയിൽ സന്ദർശിച്ച ശേഷമാണ് മരിച്ചവരുടെ ബന്ധുക്കളെ കാണാൻ പ്രിയങ്ക സോൻഭദ്രക്ക് തിരിച്ചത്.