ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ ഐ.സി.സി വെള്ളിയാഴ്ച ഹാൾ ഓഫ് ഫെയിം നൽകി ആദരിച്ചിരുന്നു.. എന്നാൽ ഇതിനു പിന്നാലെ ഐ.സി.സി ചോദിച്ച ഒരു ചോദ്യമാണ് ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു.
സച്ചിനൊപ്പം ദക്ഷിണാഫ്രിക്കൻ താരം അലൻ ഡൊണാൾഡ്, ഓസീസ് വനിതാ താരം കാതറീൻ ഫിറ്റ്‌സ്പാട്രിക്ക് എന്നിവരെയും ഐ.സി.സി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഐ.സി.സിയുടെ ചോദ്യം. സച്ചിനെ അഭിനന്ദിച്ചുള്ള ട്വീറ്റിലായിരുന്നു സച്ചിനാണോ എക്കാലത്തെയും മഹാനായ താരം? എന്ന് ഐ.സി.സി ചോദ്യം ഉന്നയിച്ചത്.
എന്നാൽ ഇത്തരത്തിൽ ഒരു ചോദ്യം ചോദിക്കാൻ ഐ.സി.സിക്ക് എങ്ങനെ തോന്നിയെന്നാണ് സച്ചിന്റെ ആരാധകരുടെ ചോദ്യം.
വസീം അക്രം, വഖാർ യൂനിസ്, ഗ്ലെൻ മക്‌ഗ്രാത്ത്, ബ്രെറ്റ് ലീ, ഷുഹൈബ് അക്തർ, ഷെയ്ൻ വോൺ, മുത്തയ്യ മുരളീധരൻ, ചാമിന്ദ വാസ്, ഷെയ്ൻ ബോണ്ട്, കോട്‌നി വാൽഷ്, കർട്ലി ആംബ്രോസ് എന്നീ വ്യഖ്യാത ബൗളർമാർ കളിച്ച കാലത്ത് 100 സെഞ്ചുറികൾ നേടിയ താരത്തെ എന്തുകൊണ്ടും മഹാനെന്ന് പറയാമെന്നാണ് ആരാധകരിൽ ഒരാളു
ടെ മറുപടി. എന്തിനാണ് ഇത്തരമൊരു മണ്ടൻ ചോദ്യമെന്നും ഇവർ പറയുന്നു.
ഐ.സി.സിയുടെ ഈ ആദരവ് സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് സച്ചിൻ. ബിഷൻ സിംഗ് ബേദി, കപിൽ ദേവ്, സുനിൽ ഗവാസ്‌കർ, അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ് എന്നിവരാണ് സച്ചിനു മുൻപ് ഐ.സി.സിയുടെ ഹാൾ ഓഫ് ഫെയിം പട്ടികയിലെത്തിയ ഇന്ത്യക്കാർ