തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകന് കുത്തേൽക്കുകയും തുടർന്ന് സർവകലാശാല ഉത്തരക്കടലാസ് കുത്തുകേസ് പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തതോടെ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന കെ.എസ്.യു നഗരത്തിലെമ്പാടും ഓടിനടന്ന് കരിങ്കൊടി കാണിച്ചും മതിലുചാടിയും പ്രതിഷേധിക്കുകയാണ്
ആ വകയിൽ കേരള സർവകലാശാല വി.സിക്കും കിട്ടി കരിങ്കൊടി പ്രയോഗം. ഇന്നലെ വൈകിട്ട് നാല് മണിയോടെ ഗവർണറെ കാണാൻ രാജ്ഭവനിലെത്തി തിരികെ പോകുന്നതിനിടെയാണ് വി.സിക്ക് നേരെ അപ്രതീക്ഷിത പ്രതിഷേധമുണ്ടായത്. സർവകലാശാല സെനറ്റ് ഹാളിൽ യൂണിവേഴ്സിറ്റി യൂണിയന്റെ സത്യപ്രതിജ്ഞ കഴിഞ്ഞാണ് വി.സി വി.പി. മഹാദേവൻ പിള്ള പൊലീസ് എസ്കോട്ടോടെ രാജ്ഭവനിലെത്തിയത്. പ്രതിഷേധിക്കാനെത്തിയ കെ.എസ്.യു സംഘം രാജ്ഭവന് സമീപം ഈ സമയം കാറിൽ കാത്തിരിക്കുകയായിരുന്നു. സ്ഥലത്താകട്ടെ രാജ്ഭവനിലെ സുരക്ഷാ ഉദ്യോഗസ്ഥരല്ലാതെ മറ്റ് പൊലീസുകാരുമുണ്ടായിരുന്നില്ല. വി.സിയുടെ കാർ തിരികെ രാജ്ഭവന്റെ കവാടം പിന്നിട്ടതോടെ കരിങ്കൊടിയുമായി പ്രവർത്തകർ ചാടിവീണു. വി.സിയും കൂടെയുണ്ടായിരുന്ന പൊലീസും അമ്പരന്ന് നിൽക്കെ കെ.എസ്.യുക്കാർ മുദ്രാവാക്യം വിളിച്ച് തകർത്തു.
കരിങ്കൊടി ഉയർത്തി വി.സിയുടെ കാറിൽ ഇടിച്ച് പ്രതിഷേധിച്ച പ്രവർത്തകരെ കണ്ട് പൊലീസ് അല്പസമയത്തേക്ക് പകച്ച് നിന്നു. ശേഷം പ്രവർത്തകരെ സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും കാറിന് മുന്നിൽ പ്രവർത്തകർ കിടന്ന് പ്രതിഷേധിച്ചതോടെ സംഗതി വഷളായി. തുടർന്ന് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിന്നടക്കം കൂടുതൽ പൊലീസ് സ്ഥലത്തേക്ക് പാഞ്ഞെത്തി ഒരുവിധം വി.സിയുടെ കാർ കടത്തിവിട്ടു. ഇതോടെ സമീപത്തെ റോഡുകളിലെല്ലാം ഗതാഗതം സ്തംഭിച്ചു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചതോടെ പൊലീസിനോട് തട്ടിക്കയറി പ്രതിഷേധക്കാർ സ്ഥിതി വഷളാക്കി. പൊലീസുമായി ഉന്തും തള്ളും ബഹളവും മുദ്രാവാക്യം വിളിയും കേട്ട് സ്തംബ്ധനായി വി.സിയും കാറിലിരുന്നു. അവസാനം രണ്ട് പേരെ കസ്റ്രഡിയിലെടുത്ത് ബാക്കി പ്രവർത്തകരെ പിരിച്ച് വിട്ടാണ് പ്രശ്നം പരിഹരിച്ചത്. കഴിഞ്ഞ ദിവസം വി.സിയെ കാണാനെന്ന് പറഞ്ഞ് സർവകലാശാല ആസ്ഥാനത്തിന്റെ മുകളിൽ കയറി വനിതയുൾപ്പെടെ കെ.എസ്.യു പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.
മന്ത്രിസഭായോഗം നടക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ഒാഫീസ് പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ളോക്കിലും കെ.എസ്.യുക്കാർ മതിൽചാടിക്കടന്നുചെന്ന് പ്രതിഷേധിച്ചു. എം.എൽ.എ ബൽറാമിനെ സെക്രട്ടേറിയറ്റിൽ കയറ്റിയില്ലെന്ന് പറഞ്ഞ് സൗത്ത് ഗേറ്റിലും പ്രതിഷേധം നടത്തി. കഴിഞ്ഞദിവസം സെക്രട്ടേറിയറ്റ് അനക്സിന്റെ മതിൽചാടിക്കടന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ ഒാഫീസിന് മുന്നിലും കെ.എസ്.യുക്കാർ പ്രതിഷേധം നടത്തി പൊലീസിനെ വെട്ടിലാക്കി.
യൂണിവേഴ്സിറ്റി മതിലിലും സുരക്ഷ, എല്ലാം കെ.എസ്.യുക്കാരെ പേടിച്ച്
തിരുവനന്തപുരം: മുൻവശത്തെ പ്രധാന ഗേറ്റ് ഒഴികെ എല്ലാ ഗേറ്റുകളും അകത്ത് നിന്ന് പൂട്ടി. മുൻവശത്തെ ഗേറ്റ് ആകട്ടെ ബാരിക്കേഡുകൾ സ്ഥാപിച്ച് പൂർണമായും അടച്ചു. മുന്നിലെ ചെറിയ കിളിവാതിലിലൂടെ മാത്രം സർവകലാശാലയ്ക്കുള്ളിലേക്ക് പ്രവേശനം. അതും ''സർവകലാശാലയ്ക്കുള്ളിൽ എന്തിന് പോകുന്നു ?'' എന്ന ചോദ്യത്തിന് തെളിവ് ഹാജരാക്കുന്നവർക്ക് മാത്രം. പരിശോധനയ്ക്ക് എസ്.എഫ്.ഐ പ്രവർത്തകരും പൊലീസും. എന്തിനേറെ പറയുന്നു, കെ.എസ്.യുക്കാരുടെ മതില് ചാട്ടം പേടിച്ച് മതിലിനും സുരക്ഷ. ഇന്നലെ കേരള സർവകലാശാലയിൽ നടന്ന യൂണിയന്റെ സത്യപ്രതിജ്ഞാ ചടങ്ങിനോട് അനുബന്ധിച്ച് സർവകലാശാല ആസ്ഥാനത്ത് ഒരുക്കിയ സജ്ജീകരണങ്ങൾ ഒരുപക്ഷേ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങൊരുക്കുന്നതിലും വിപുലമായിട്ടായിരുന്നുവെന്ന് പറയാതെ വയ്യ.
ഗേറ്റ് വഴി നോ എൻട്രി
സർവകലാശാലയ്ക്കുള്ളിലേക്ക് കടക്കുന്ന പ്രധാന രണ്ട് ഗേറ്റുകളിലും പൊലീസ് രാവിലെ മുതൽ തന്നെ സുരക്ഷയൊരുക്കിയിരുന്നു. പ്രധാന ഗേറ്റ് യൂണിവേഴ്സിറ്റി കോളേജ് സംഭവത്തോട് അനുബന്ധിച്ച് തന്നെ ബാരിക്കേഡുകൾ കൊണ്ട് പൂട്ടിക്കെട്ടിയ നിലയിലാണ്. മറ്റൊരു ഗേറ്റാകട്ടെ അകത്ത് നിന്ന് പൂട്ടി പൊലീസ് സുരക്ഷയിലും. സർവകലാശാലയ്ക്കുള്ളിലേക്ക് കടക്കാനുള്ള ഏക വഴിയാകട്ടെ മുന്നിലൂടെയുള്ള കിളിവാതിൽ മാത്രം.
'രേഖ"യുണ്ടോ രേഖ
സത്യപ്രതിജ്ഞ നടന്ന ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്ന് മണി വരെ പൂർണമായും സർവകലാശാലയ്ക്കുള്ളിലേക്കുള്ള പ്രവേശനം പൊലീസ് നിറുത്തിവച്ചു. വനിതാ പൊലീസ് അടക്കം ഇരുപതോളം പൊലീസുകാരാണ് ഗേറ്റിൽ മാത്രം നിലയുറപ്പിച്ചത്. വ്യക്തമായ തെളിവുള്ളവർക്ക് മാത്രം സർവകലാശാലയ്ക്കുള്ളിലേക്ക് കടക്കാം. ഇതിൽ കെ.എസ്.യുക്കാരോ ഇതര വിദ്യാർത്ഥി രാഷ്ട്രീയപ്രവർത്തകരോ ഇല്ലെന്ന് ഉറപ്പ് വരുത്താൻ പരിശോധനയ്ക്ക് എസ്.എഫ്.ഐ പ്രവർത്തകരും പൊലീസും ഗേറ്റിലുണ്ടായിരുന്നു. ഗേറ്റിലെ പരിശോധനയ്ക്ക് ശേഷം ചേംബർ ഹാളിലേക്കുള്ള കെട്ടിടത്തിന് മുന്നിൽ പരിശോധന, ശേഷം ചേംബർ ഹാളിലേക്കുള്ള വാതിലിന് മുന്നിലും പരിശോധന. അതുകൊണ്ടാകാം സത്യപ്രതിജ്ഞയ്ക്കെത്തിയവരുടെ എണ്ണവും നൂറിൽ താഴെ മാത്രമായിരുന്നു.
മതിലിനും സുരക്ഷ
സെക്രട്ടേറിയറ്റിലും ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ വീടിന് മുന്നിലും സുരക്ഷയൊരുക്കിയിട്ടും മതില് ചാടിക്കടന്ന് കഴിഞ്ഞ രണ്ട് ദിവസവും കെ.എസ്.യു പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. അതുകൊണ്ട് കെ.എസ്.യുക്കാരുടെ 'മതില് ചാട്ടം" പേടിച്ച് ഇന്നലെ സർവകലാശാല ചുറ്റി മതിലിന് സമീപം വരെ പൊലീസ് സുരക്ഷയൊരുക്കി. ഒപ്പം സർവകലാശാലയുടെ മുക്കിലും മൂലയിലും വരെ പൊലീസുണ്ടായിരുന്നു. കെ.എസ്.യു പ്രതിഷേധത്തിൽ പൊലീസ് നെട്ടോട്ടം ഒാടുന്ന സ്ഥിതിയാണ് തലസ്ഥാനത്ത്.