തിരുവനന്തപുരം: നഗരഹൃദയത്തിൽ തലയെടുപ്പോടെ നിൽക്കുന്ന യൂണിവേഴ്സിറ്റി കോളേജ് തലസ്ഥാനത്തിന് എന്നും അഭിമാനമായിരുന്നു. ദേശീയ, അന്തർദ്ദേശീയതലത്തിൽ അതിപ്രഗല്ഭരായ നിരവധി പേരെ സംഭാവന ചെയ്ത കലാലയം, മികച്ച അദ്ധ്യാപകർ, പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കോളേജ് പുലർത്തുന്ന മികവ് എന്നിങ്ങനെ കലാലയമുത്തശ്ശിക്ക് വിശേഷണങ്ങളേറെയാണ്. അങ്ങനെ മുന്നേറുമ്പോഴാണ് കോളേജിന്റെ വിശ്വാസ്യത പോലും തകർക്കുന്ന സംഭവങ്ങളുണ്ടാകുന്നത്. സ്വന്തം പ്രവർത്തകനെ കുത്തി വീഴ്ത്തിയ എസ്.എഫ്.ഐ പ്രവർത്തകരുടെ കാടത്തം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. സ്വാതന്ത്ര്യവും ജനാധിപത്യവും മുദ്രാവാക്യങ്ങളിൽ മാത്രം ഒതുങ്ങി. പാട്ട് പാടാനോ, കോളേജിൽ സ്വതന്ത്രമായി സഞ്ചരിക്കാനോ, ലിംഗഭേദമില്ലാതെ സുഹൃത്തിനൊപ്പം ഇരിക്കാനോ അനുവദിക്കാത്ത കാടത്തമാണ് കോളേജിനുള്ളിൽ നടക്കുന്നതെന്നാണ് വിദ്യാർത്ഥികൾ പൊതുസമൂഹത്തോട് വിളിച്ച് പറഞ്ഞത്.
തുടർന്ന് പുറത്ത് വന്ന വിവരങ്ങളോരോന്നും ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങളെപ്പോലും ചോദ്യം ചെയ്യുന്നവയായിരുന്നു.
വിദ്യാർത്ഥികളുടെ അവകാശ സംരക്ഷണത്തിനായി രൂപമെടുത്ത സംഘടനകൾ തന്നെയാണ് ഇവിടെ വില്ലന്റെ സ്ഥാനത്ത്. ഇത് യൂണിവേഴ്സിറ്റി കോളേജിൽ മാത്രമാണോ നടക്കുന്നത്? നഗരത്തിലെ മറ്റു പ്രധാന, സർക്കാർ കലാലയങ്ങളിലെ വിദ്യാർത്ഥികളുടെ അവസ്ഥ എന്താണ്? കലാലയ രാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങൾ തേടി തലസ്ഥാനത്തെ സർക്കാർ കലാലയങ്ങളിലൂടെ ഒന്ന് സഞ്ചരിക്കാം.
ആർട്സ് കോളേജും മോശമല്ല
യൂണിവേഴ്സിറ്റി കോളേജിന്റെ മറ്റൊരു പതിപ്പാണ് ആർട്സ് കോളേജെന്നാണ് കോളേജിലെ വിദ്യാർത്ഥികൾ പറയുന്നത്. യൂണിയൻ ഭരിക്കുന്നത് എസ്.എഫ്.ഐയാണ്. പ്രവേശനം നേടാൻ എത്തുമ്പോൾ 150 രൂപ നൽകി എസ്.എഫ്.ഐ അംഗത്വം നിർബന്ധമായും എടുക്കണം. യൂണിറ്റ് നേതാക്കളുടെ അകമ്പടിയോടെ പ്രവർത്തകർ നടത്തുന്ന റൗണ്ട്സ് ദിവസവും ഉച്ചയ്ക്ക് കോളേജ് കാമ്പസിലൂടെ കടന്നുപോകും. മൊബൈൽ ഫോൺ ഉപയോഗം, മാന്യമായ വസ്ത്രധാരണം എന്നിവ പരിശോധിക്കും. പാലിച്ചില്ലെങ്കിൽ ഭീഷണിയും തെറി വിളിയും. കോളേജിൽ നിന്ന് വിദ്യാർത്ഥി എപ്പോൾ പുറത്ത് പോകണമെന്ന് തീരുമാനിക്കുന്നത് യൂണിറ്റിലെ നേതാക്കളാണ്. എന്നാൽ യൂണിവേഴ്സിറ്റി കോളേജിലേത് പോലെ പാട്ടുപാടിയാലോ, കാന്റീനിൽ പോയാലോ, മരച്ചുവട്ടിൽ ഇരുന്നാലോ ഒന്നും യാതൊരു പ്രശ്നവുമില്ലെന്നതാണ് ഏക ആശ്വാസം.
സംസ ്കൃത കോളേജും
കണ്ടു പഠിക്കുന്നത്...
അക്രമത്തിന്റെ കാര്യത്തിൽ യൂണിവേഴ്സിറ്റി കോളേജിനെ കണ്ടാണ് സംസ്കൃത കോളേജിലെ എസ്.എഫ്.ഐക്കാരും പഠിക്കുന്നത്. എസ്.എഫ്.ഐ തന്നെയാണ് യൂണിയൻ ഭരണം. എസ്.എഫ്.ഐ പ്രവർത്തകരെ ചോദ്യം ചെയ്താൽ അടികൊണ്ട് നടുവൊടിയും. അടിപിടി സ്ഥിരമായതിനാൽ അദ്ധ്യാപകരും ഇതൊന്നും കാര്യമായി ഗൗനിക്കാറില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. അടികൂടാനും സമരം ചെയ്യാനും അടക്കം എന്തിനും സംസ്കൃത കോളേജും യൂണിവേഴ്സിറ്റി കോളേജും ഒരുമിച്ച് നിൽക്കും. അഖിലിനെ ആക്രമിച്ചപ്പോഴും സംസ്കൃത കോളേജിലെ വിദ്യാർത്ഥികൾ സംഘത്തിലുണ്ടായിരുന്നുവെന്നാണ് അന്ന് വിദ്യാർത്ഥികൾ പറഞ്ഞത്.
ലാ കോളേജിൽ എല്ലാ പാർട്ടിയുമുണ്ട്...
സർക്കാർ ലാ കോളേജിൽ എസ്.എഫ്.ഐ, കെ.എസ്.യു, എ.ഐ.എസ്.എഫ് തുടങ്ങിയ സംഘടനകളുണ്ട്. എസ്.എഫ്.ഐ യൂണിയനാണ് കോളേജ് ഭരിക്കുന്നത്. പൊതുവെ സമാധാനപരമാണെങ്കിലും ഇടയ്ക്കിടെ രാഷ്ട്രീയ സംഘർഷങ്ങളുണ്ടാകുമ്പോൾ കോളേജിന്റെ മുഖം മാറും. അവകാശങ്ങളെക്കുറിച്ച് നിയമവിദ്യാർത്ഥികൾക്ക് നല്ല ധാരണയുള്ളതിനാൽ വിദ്യാർത്ഥി സ്വാതന്ത്ര്യം ഹനിക്കുന്ന യാതൊന്നും കോളേജിനുള്ളിൽ നടക്കാറില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. പാട്ട് പാടാം, കാന്റീനിൽ പോകാം, മരണത്തണലിലിരിക്കാം അങ്ങനെ മറ്റുള്ള വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താതെയുള്ള സംഘടനാ പ്രവർത്തനങ്ങളേ ഇവിടെയുള്ളു.
പെൺകൊടികൾ പുലിയാണ്....
വഴുതക്കാട് വിമെൻസ് കോളേജിൽ രാഷ്ട്രീയമുണ്ട്, പക്ഷേ അക്രമമില്ല. കോളേജിൽ എസ്.എഫ്.ഐ, കെ.എസ്.യു, എ.ഐ.എസ്.എഫ് എന്നീ സംഘടനകളുണ്ട്. കൂടാതെ സെൽഫി എന്ന പേരിൽ ഒരു സ്വതന്ത്ര സംഘടനയുമുണ്ട്. എല്ലാ സംഘടനകളും ഒത്തൊരുമയോടെ സ്വതന്ത്രമായി പ്രവർത്തനം നടത്തുന്ന നഗരത്തിലെ ഏക വനിതാ കോളേജാണിത്. കോളേജ് യൂണിയൻ എസ്.എഫ്.ഐയാണ്. ആർട്സ് ഫെസ്റ്റും യുവജനോത്സവവുമടക്കം എല്ലാം അദ്ധ്യാപകരുടെ പിന്തുണയോടെ യൂണിയൻ നടത്തും. സംഘടനാ സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും ഒരുപോലെ എല്ലാ വിദ്യാർത്ഥിനികൾക്കും ആസ്വദിക്കാം. കലാ - കായിക - പാഠ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന കേരള സർവകലാശാലയിലെ മികച്ച കലാലയങ്ങളിലൊന്നാണിത്.
എം.ജി കോളേജ് ക്ലീൻ...
അക്രമ രാഷ്ട്രീയം പടിക്ക് പുറത്ത് കടന്നപ്പോൾ തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ് അടിമുടി മാറി. 2013ൽ കോളേജിൽ ബോംബെറിഞ്ഞതടക്കമുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് ഹൈക്കോടതി കോളേജിൽ രാഷ്ട്രീയം നിരോധിച്ചിരുന്നു. ഇതോടെ എ.ബി.വി.പി അടക്കമുള്ള സംഘടനകൾ പുറത്തേക്ക്. പാർട്ടികളുടെ കൊടിമരം പൊലീസുകാർ മുറിച്ചുമാറ്റി. യൂണിറ്റ് ഓഫീസുകൾ ക്ലാസ് മുറികളാക്കി. രാഷ്ട്രീയ പ്രവർത്തനം ഗേറ്റിന് പുറത്ത് മാത്രമായി ഒതുങ്ങി. 2017ൽ കോളേജിൽ യൂണിറ്റ് സ്ഥാപിച്ചെന്ന് എസ്.എഫ്.ഐ അവകാശപ്പെടുന്നത് പോലും ഗേറ്റിന് പുറത്ത് കൊടിനാട്ടിക്കൊണ്ടാണ്. കോളേജിനുള്ളിൽ കൊടിയോ തോരണമോ പോസ്റ്രറോ ഇല്ല. കോളേജിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ കൈകോർത്താണെന്ന് വിദ്യാർത്ഥികൾ പറയുന്നു. കാമ്പസിനുള്ളിൽ ഒരുമിച്ചിരിക്കാം, പാട്ട് പാടാം, പഠിക്കാം... ആരും ആരെയും തടയില്ലത്രേ.