തിരുവനന്തപുരം: ആനി മസ്ക്രിൻ എന്ന പേര് ഓർമ്മയുണ്ടോ? കേരള രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട പേരുകളിലൊന്നാണ് ആനി മസ്ക്രിൻ. വേറെ ആര് മറന്നാലും മലയാളികൾ, പ്രത്യേകിച്ച് തിരുവനന്തപുരത്തുകാർ മറന്നുപോകാൻ പാടില്ലാത്ത പേരാണത്. മലയാളത്തിന്റെ അഭിമാനമായ പേരുകളിലൊന്ന്. 1951ലെ ലോക്സഭയിലേക്ക് തിരുകൊച്ചി മലബാറിൽ നിന്നു ജയിച്ച ഏക വനിത. പിന്നെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഒരു വനിതയും സംസ്ഥാനത്ത് നിന്ന് ലോക്സഭയുടെ പടികയറിയിട്ടില്ല. എന്നാൽ ഈ ധീരവനിതയെ രാഷ്ട്രീയകേരളം എവിടെയും ഓർക്കുന്നില്ല, ആദരിക്കുന്നുമില്ല. അഞ്ച് വർഷങ്ങൾക്ക് മുമ്പ് വഴുതക്കാട്ട് ആനി മസ്ക്രിൻ സ്ക്വയർ എന്ന പേരിൽ ഒരു റൗണ്ട് എബൗട്ട് ഉണ്ടാക്കി അവിടെ ആനി മസ്ക്രിന്റെ പ്രതിമ സ്ഥാപിച്ചതാണ് ആകെ നൽകിയ ആദരം. ആനി മസ്ക്രിന്റെ 57-ാം ചരമവാർഷികത്തോട് അനുബന്ധിച്ച് ആനിയെ മറന്നവർക്കായി ഒരു ഓർമപ്പെടുത്തൽ ഇതാ...
അല്പം ചരിത്രം
പാർലമെന്റ് മണ്ഡലത്തിന്റെ ചരിത്രത്തിൽ ജ്വലിക്കുന്ന പേരാണ് ആനി മസ്ക്രിൻ. ലോക്സഭയിൽ തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിച്ച ആദ്യ വ്യക്തി തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെട്ടിരുന്ന ഈ സ്വാതന്ത്ര്യസമര പോരാളിയാണ്.
തെക്കേ ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ വനിതാ പാർലമെന്റംഗവുമായിരുന്നു ആനി മസ്ക്രിൻ. അതിനു ശേഷം വനിതകളാരും തന്നെ തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടില്ലെന്നു മാത്രമല്ല, മത്സരിച്ചത് പോലും കുറവാണ്. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ, വമ്പന്മാരോട് പൊരുതിയാണ് 1951ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ആനി വിജയം കൊയ്തത്.
കേരളത്തിലെ ആദ്യ വനിതാ മന്ത്രി, മന്ത്രിസഭയിൽനിന്നു രാജിവച്ച ആദ്യ വനിത, നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത, ഭരണഘടനയുടെ കരടുരേഖയിൽ ഒപ്പുവച്ച വനിത തുടങ്ങി ഒട്ടേറെ റെക്കാഡുകളുടെ ഉടമയായിരുന്നു അവർ.
തിരുവിതാംകൂർ ദിവാന്റെ ഡഫേദാർ ആയിരുന്ന ഗബ്രിയേൽ മസ്ക്രിനിന്റെ മകളായി 1902ൽ ആണു ജനനം. വക്കീലായി പ്രാക്ടീസ് ചെയ്യുന്നതിനിടയിലാണു സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നത്.
പട്ടം താണുപിള്ള അദ്ധ്യക്ഷനായി 1938ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകരിച്ചപ്പോൾ വർക്കിംഗ് കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ്. സ്വാതന്ത്യ്രസമരത്തിൽ മുഴുകിയപ്പോൾ ദിവാൻ സി.പി. രാമസ്വാമി അയ്യർ അവരുടെ സ്വത്തുവകകളും പണവും മല്ലൻമാരെ ഉപയോഗിച്ച് എടുത്തുകൊണ്ടുപോയി. നിസഹകരണ പ്രസ്ഥാനത്തിന്റെ നേതാവായ ആനി മസ്ക്രിനിനെ 1938 ഏപ്രിൽ 26ന് അറസ്റ്റ് ചെയ്തു.
ചിറയിൻകീഴിലും കാട്ടാക്കടയിലും പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചു ചെങ്ങന്നൂരിൽ 1938 നവംബർ 13നു വീണ്ടും അറസ്റ്റ് ചെയ്തു ജയിലിലടച്ചു. 1941ൽ വാർധയിൽ മഹാത്മാഗാന്ധിയോടൊപ്പം ഏഴ് മാസം താമസിച്ചു സ്വാതന്ത്യ്ര പ്രക്ഷോഭത്തിൽ മുഴുകി. 1942 ആഗസ്റ്റ് 30ന് അറസ്റ്റ് ചെയ്തു. രണ്ടു വർഷത്തെ കഠിനതടവ് കഴിഞ്ഞിറങ്ങിയ ആനി 1944 സെപ്തംബർ 9ന് സ്റ്റേറ്റ് കോൺഗ്രസിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
1946 നവംബർ 9ന് പുന്നപ്ര വയലാർ സമരത്തെ സർക്കാർ ചോരയിൽ മുക്കുന്നതിനെതിരെ നടത്തിയ പ്രസിദ്ധമായ പ്രസംഗത്തെത്തുടർന്ന് സർക്കാരിനെ അട്ടിമറിക്കുന്നുവെന്നാരോപിച്ച് വീണ്ടും ജയിലിലടച്ചു. സ്വാതന്ത്യ്രാനന്തരം 1948 - 49ൽ തിരുവനന്തപുരത്തുനിന്നു നിയമസഭാ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായി. ഇന്ത്യൻ ഭരണഘടന നിർമാണ സമിതിയിലേക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ടി.കെ. നാരായണപിള്ളയുടെ മന്ത്രിസഭയിൽ ആരോഗ്യ, ഊർജ വകുപ്പു മന്ത്രിയുമായി.
തെറ്റുകളെ തുറന്നെതിർത്ത് 1950 ജനുവരി മൂന്നിന് മന്ത്രിപദം രാജിവച്ചു. അവിവാഹിതയായി കഴിഞ്ഞ ആനി 1957ൽ രാഷ്ട്രീയം ഉപേക്ഷിച്ചു. വഴുതക്കാട്ടെ കുടുംബവീട്ടിൽ 62-ാം വയസിൽ 1963 ജൂലായ് 19ന് അന്തരിച്ചു.