തിരുവനന്തപുരം: പ്രേംനസീർ സി.ഐ.ഡിയായി അഭിനയിച്ച കറുത്തകൈ എന്ന സിനിമ. 1964ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ നായികമാരിൽ ഒരാൾ ഷീല. മലയാള സിനിമയിൽ എത്തിയിട്ട് രണ്ടു വർഷമായെങ്കിലും കഥാപാത്രത്തിന് ഷീലയുടെ ശബ്ദം ശരിയാകുമോ- നിർമ്മാതാവ് പി. സുബ്രഹ്മണ്യത്തിന് സംശയം. അങ്ങനെ ഡബ്ബ് ചെയ്യാനായി സി.എസ്. സുഭദ്രാമ്മയെ വിളിച്ചു. ആ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു സിനിമ.
64 ആഗസ്റ്റ് 14നാണ് കറുത്തകൈ പുറത്തിറങ്ങിയത്. അതേ വർഷം നവംബർ 22ന് അന്ന് തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ചിത്രം ഭാർഗവിനിലയം റിലീസ് ചെയ്തു. നായികയായ വിജയനിർമ്മലയ്ക്ക് ശബ്ദമായി വീണ്ടും സുഭദ്രാമ്മ. ഞായറാഴ്ച വിജയനിർമ്മലയെ സ്മരിക്കാനായി പ്രേംനസീർ സുഹൃദ് സമിതി ചടങ്ങ് സംഘടിപ്പിക്കുമ്പോൾ ആദരിക്കപ്പെടുന്നത് സുഭദ്രാമ്മയാണ്.
നാല്പതിൽപരം ചിത്രങ്ങളിൽ സുഭദ്രാമ്മ ശബ്ദം നൽകിയിട്ടുണ്ട്. രാജമല്ലിയിൽ ശാരദയ്ക്ക് ശബ്ദം നൽകി. കാട്ടുപൂക്കളിൽ ദേവികയ്ക്കാണ് ശബ്ദം നൽകിയത്. പൂത്താലി, ക്രിസ്മസ് രാത്രി, ഭക്തകുചേല, സ്നാപക യോഹന്നാൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ശേഷമാണ് ഡബ്ബിംഗ് മേഖലയിലേക്കും സുഭദ്രാമ്മ കടന്നത്. ക്രിസ്മസ് രാത്രിയിൽ ഭർത്താവ് കെ.ജി. പരമേശ്വരൻ നായരും സുഭദ്രാമ്മയ്ക്കൊപ്പം അഭിനയിച്ചു. വിവാഹത്തിനു മുമ്പായിരുന്നു അത്.
നാളെ വൈകിട്ട് 5ന് നടക്കുന്ന ആദരവ് ചടങ്ങിൽ കേരളകൗമുദിയുടെ പ്രത്യേക ലേഖകനായിരുന്ന കെ.ജി. പരമേശ്വരൻ നായരെയും ആദരിക്കുന്നുണ്ട്. ആകാശവാണിയിൽ 30 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച എസ്. രാജശേഖരനെയും ചടങ്ങിൽ ആദരിക്കും. എം. വിൻസെന്റ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും.