ഗാനഗന്ധർവന്റെ ചിത്രീകരണം പൂർത്തിയാക്കി മെഗാതാരം മമ്മൂട്ടി ദുബായിലേക്ക് പറക്കാനൊരുങ്ങുന്നു. പതിനെട്ടിനാണ് രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവൻ മമ്മൂട്ടി അഭിനയിച്ച് പൂർത്തിയാക്കിയത് തൃശൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം 27 ന് പായ്ക്കപ്പ് ആകും.
ജൂലായ് 23 നാണ് മമ്മൂട്ടി ദുബായിലേക്ക് പറക്കുന്നത്. ദുബായിൽ നിന്ന് യൂറോപ്പിലേക്ക് പോകുന്ന മമ്മൂട്ടി ആഗസ്റ്റ് പത്തിന് തിരിച്ചെത്തും. പന്ത്രണ്ടുമുതൽ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിൽ മമ്മൂട്ടി അഭിനയിച്ചു തുടങ്ങും. തൃശൂരുകാരനായ ഒരു കൊള്ളപ്പലിശക്കാരന്റെ വേഷമാണ് ഷൈലോക്കിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.
തമിഴ് താരം രാജ് കിരണും, മീനയുമാണ് ഷൈലോക്കിന്റെ മറ്റ് പ്രധാനതാരങ്ങൾ. കാൽനൂറ്റാണ്ടുമുമ്പ് എൻ രാസാവിൻ മനസിലെ എന്ന ചിത്രത്തിലൂടെ തന്നെ നായികയായി അവതരിപ്പിച്ച രാജ് കിരണിനൊപ്പം മീന വീണ്ടും ജോഡിചേരുന്ന ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിൽ മമ്മൂട്ടിക്ക് നായികയില്ല. ഗുഡ്്വിൽ എന്റർടെയ്ൻമെൻസിന്റെ ബാനറിൽ ജോബി ജോർജാണ് ഷൈലോക്ക് നിർമ്മിക്കുന്നത്.
അതേസമയം സ്വകാര്യാവശ്യത്തിനായി ദിലീപ് ദുബായിലേക്ക് പോയതിനെത്തുടർന്ന് എസ്.എൽ. പുരം ജയസൂര്യ രചനയും സംവിധാനവും നിർവഹിക്കുന്ന ജാക്ക് ഡാനിയേൽ ഷെഡ്യൂൾ പായ്ക്കപ്പായി.
പതിനേഴാം തീയതി ദുബായിയിലേക്ക് പറന്ന ദിലീപ്ഇരുപത്തിയാറിന് തിരിച്ചെത്തും. ഇരുപത്തിയേഴിന് വീണ്ടും ജാക്ക് ഡാനിയേലിന്റെ ചിത്രീകരണം പുനരാരംഭിക്കും. ഇനി രണ്ടാഴ്ചത്തെ ചിത്രീകരണമാണ് ചിത്രത്തിന് അവശേഷിക്കുന്നത്.
ദിലീപിനോടൊപ്പം തമിഴ് താരം അർജുനും തുല്യപ്രാധാന്യമുള്ള വേഷം അവതരിപ്പിക്കുന്ന ജാക്ക് ഡാനിയേലിൽ അഞ്ജുകുര്യനാണ് നായിക. തമിൻസ് ഫിലിംസിന്റെ ബാനറിന്റെ ഷിബു തമിൻസാണ് ചിത്രം നിർമ്മിക്കുന്നത്.
സുഗീത് സംവിധാനം ചെയ്യുന്ന മൈ സാന്റ, നാദിർഷാ സംവിധാനം ചെയ്യുന്ന കേശു ഇൗ വീടിന്റെ നാഥൻ എന്നീ ചിത്രങ്ങളിലാണ് ദിലീപ് ഇനി അഭിനയിക്കുന്നത്.