തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ചിയാൻ വിക്രം ഇന്ന് തലസ്ഥാനത്തെത്തും. വിക്രം നായകനായി ഇന്നലെ തിയേറ്ററുകളിലെത്തിയ കടാരം കൊണ്ടേൻ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാനായിട്ടാണ് താരം തിരുവനന്തപുരത്ത് എത്തുന്നത്.
രാവിലെ എട്ട് മണിക്ക് നഗരത്തിലെത്തുന്ന താരം ആരാധകരോടൊപ്പം സിനിമ കാണും. വൈകുന്നേരം ആറ് മണിക്ക് മാദ്ധ്യമപ്രവർത്തകരുമായി മുഖാമുഖം പരിപാടിയിൽ പങ്കെടുക്കും. കമലഹാസന്റെ നിർമ്മാണ കമ്പനിയായ രാജ്കമൽ ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് വിക്രം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളി താരം ലെനയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അടുത്തകാലത്തായി വൻ വിജയങ്ങൾ നേടാനാകാത്ത വിക്രമിന്റെ ശകത്മായ തിരിച്ചുവരവാണ് കടാരം കൊണ്ടെൻ. രാജേഷ് എം . സെൽവ സംവിധാനം ചെയ്ത ചിത്രം ഹൈ വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ്. ചിത്രത്തിലെ ഒരു ബൈക്ക് റൈഡിംഗും മറ്റ് ആക്ഷൻ രംഗങ്ങളും ത്രില്ലടിപ്പിക്കുന്നതാണ്.
നിരവധി ചിത്രങ്ങളാണ് വിക്രമിന്റെതായി അടുത്ത വർഷം പ്രഖ്യാപിച്ചിരിക്കുന്നത്. ഇമൈക്ക ഞൊടികൾ എന്ന ത്രില്ലർ ചിത്രത്തിന്റെ സംവിധായകൻ അജയ് ജ്ഞാനമുത്തു ഒരുക്കുന്ന ചിത്രത്തിലാണ് വിക്രം അടുത്തതായി അഭിനയിക്കുന്നത്. സംഗീതമൊരുക്കുന്നത് എ . ആർ റഹ്മാനാണ്. വയാകോം 18 സ്റ്റുഡിയോസും സെവൻ സ്ക്രീൻ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
ഗൗതം മേനോൻ വിക്രമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിരം ഇനിയും പൂർത്തിയായിട്ടില്ല. ആർ. എസ്. വിമൽ വിക്രമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന മഹാവീർ കർണ്ണയുടെ ആദ്യ ഷെഡ്യൂൾ ഹൈദരാബാദിൽ പൂർത്തിയായിരുന്നു. അടുത്ത ഷെഡ്യൂൾ ഉടൻ നേപ്പാളിൽ തുടങ്ങും.