തെലുങ്ക് സൂപ്പർതാരം നാഗാർജുനയ്ക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. നാളെ മുതൽ സ്റ്റാർ മാ ചാനലിൽ ആരംഭിക്കുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസ് 3 യുടെ അവതാരക സ്ഥാനത്തുനിന്ന് പിന്മാറിയില്ലെങ്കിൽ നാഗാർജുനയുടെ വീട് ഉപരോധിക്കുമെന്ന ഒസ്മാനിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഭീഷണിയെത്തുടർന്നാണ് പൊലീസ് നടപടി.
ഹൈദരാബാദിലെ ബൻജാര ഹിൽസിലുള്ള നാഗാർജുനയുടെ വീടിനാണ് പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് കോൺസ്റ്റബിൾമാരെയാണ് സുരക്ഷാച്ചുമതലയ്ക്ക് നിയോഗിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന, അധമസംസ്കാരം പ്രോത്സാഹിപ്പിക്കുന്ന ഷോയിൽ നിന്ന് നാഗാർജുന പിന്മാറണമെന്നാണ് ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുടെ ആവശ്യം.
വിവാദത്തെത്തുടർന്ന് നാഗാർജുന ബിഗ് ബോസിൽ പങ്കെടുക്കുന്ന വിവരം പ്രഖ്യാപിക്കാനിരുന്ന പത്രസമ്മേളനം റദ്ദ് ചെയ്തിരുന്നു. ഒരു അഭിനേത്രിയും ടിവി അവതാരകയും തങ്ങളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ബിഗ് ബോസ് ടീമിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
നാഗാർജുന ആദ്യമായാണ് ബിഗ്ബോസിന്റെ അവതാരകനാകുന്നത്.