trinamool-congress

ലക്‌നൗ: ഗസ്റ്റ് ഹൗസിൽ യു.പി സർക്കാർ ഇരുട്ടിലാക്കിയിട്ടും ധർണ തുടർന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അതേസമയം സോൻഭദ്ര സംഭവത്തിൽ പരിക്കേറ്റവരെ സന്ദർശിക്കാൻ പശ്ചിമ ബംഗാളിലെ തൃണമൂൽ എം.പിമാരുടെ സംഘം യു.പിയിലേക്ക് എത്തുന്നു. തൃണമൂൽ നേതാവായ ഡെറിക്ക് ഒബ്രയാന്റെ നേതൃത്വത്തിലാണ് നാല് എം.പിമാർ അടങ്ങുന്ന സംഘം യു.പിയിലേക്ക് എത്തുന്നത്. ബംഗാളിലെ അക്രമസംഭവങ്ങളെ വിമർശിച്ച ബി.ജെ.പിക്കും യോഗി ആദിത്യനാഥിനും അതെ നാണയത്തിൽ തന്നെ മറുപടി നൽകാനാണ് എം.പിമാരുടെ സംഘം എത്തുന്നത്.

പ്രിയങ്ക ഗാന്ധിയെ ഇന്നലെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ വച്ചിരുന്ന ഗസ്റ്റ്ഹൗസിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇതുമൂലം പ്രിയങ്ക ഗാന്ധി മെഴുകുതിരി വെട്ടത്തിലാണ് പ്രവർത്തകരോടൊപ്പം ഗസ്റ്റ്ഹൗസിൽ കഴിഞ്ഞത്. ഇതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ തോറ്റ് കൊടുക്കാൻ കൂട്ടാക്കാത്ത പ്രിയങ്ക ഗാന്ധി രാത്രി മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ പ്രവർത്തകരുമായി ചർച്ച നടത്തുകയും ഗസ്റ്റ് ഹൗസിനുള്ളിലും ധർണ നടത്തുകയും ചെയ്തു. പ്രവർത്തകരോടൊപ്പം പ്രിയങ്ക ഗാന്ധി സെൽഫികൾ എടുക്കുകയും ചെയ്തു.

ഉത്തർപ്രദേശിലെ സോൻഭദ്രയിൽ പത്ത് പേര് വെടിയേറ്റ് മരിച്ച സംഭവത്തിൽ സ്ഥലം സന്ദർശിക്കാൻ എത്തിയ പ്രിയങ്ക ഗാന്ധിയെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ വയ്ക്കുകയായിരുന്നു. സോൻഭദ്രയിലേക്ക് പോകുന്ന വഴിയിലുള്ള വാരണാസി, മിർസാപൂർ അതിർത്തിയിൽ വച്ചാണ് പൊലീസ് പ്രിയങ്കയെ തടയുന്നത്. സോൻഭദ്ര, ഗോരാവാലിൽ ഗ്രാമുഖ്യന്റെ അനുയായികളും ഗോണ്ട ആദിവാസികളുമായുള്ള സംഘർഷത്തിലാണ് പത്ത് പേർ കൊല്ലപ്പെടുന്നത്. ഗ്രാമമുഖ്യന്റെ അനുയായികൾ നടത്തിയ വെടിവയ്പ്പിൽ പത്ത് പേർ മരിക്കുകയായിരുന്നു. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരെ സന്ദർശിക്കാനായാണ് പ്രിയങ്ക ഗാന്ധി അവിടേക്ക് തിരിച്ചത്.

പ്രിയങ്കയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഉത്തർ പ്രദേശ് സർക്കാർ ജനാധിപത്യത്തെ തകർത്തുവെന്നും കോൺഗ്രസ് നേതാവും പ്രിയങ്കയുടെ സഹോദരനുമായ രാഹുൽ ഗാന്ധി ആരോപിച്ചു. എന്നാൽ തങ്ങൾ പ്രിയങ്കയെ കരുതൽ തടങ്കലിൽ വയ്ക്കുക മാത്രമായിരുന്നു എന്നാണ് ഉത്തർ പ്രദേശ് പൊലീസ് പറയുന്നത്. സോൻഭദ്ര സംഭവത്തിൽ ഗ്രാമമുഖ്യനായ യജ്ഞ ദത്ത് അടക്കം 29 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ബഞ്ചിനോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു.

Mirzapur: Priyanka Gandhi Vadra,Congress Gen Secy for UP(East)&party workers continue to sit on dharna at Chunar Guest House.She was detained in Narayanpur by police earlier today while she was on her way to meet victims of Sonbhadra's firing case. pic.twitter.com/VBFjJ29upL

— ANI UP (@ANINewsUP) July 19, 2019