aluva

ആലുവ: തിരുവിതാംകൂർ രാജാവ് ആരംഭിച്ച ആലുവ തുരുത്തിലെ വിത്തുൽപാദന കേന്ദ്രം നൂറിന്റെ നിറവിലാണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദിയാഘോഷങ്ങൾ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ മഹാരാജവിന്റെ വേനൽക്കാല വസതിയായ ആലുവ കൊട്ടാരത്തിന് അഭിമുഖമായി പെരിയാറിന്റെ മറുകരയിലെ തുരുത്തിലാണ് കൃഷി പാഠശാല സ്ഥാപിച്ചത്. സ്വാതന്ത്ര്യാനന്തരം പാഠശാല വിത്തുൽപാദന കേന്ദ്രമായി.

13 ഏക്കറിലാണ് രാജ്യത്തെ ആദ്യ സമ്പൂർണ്ണ ജൈവ വിത്തുൽപ്പാദന കേന്ദ്രം. തേനീച്ച മുതൽ കാസർകോഡ് കുള്ളൻ എന്ന നാടൻ പശുവിനം വരെ ഇവിടെ വളരുന്നു. താറാവ്, മുയൽ, മലബാറി ആട്, മത്സ്യം, കോഴി, ഗിനി തുടങ്ങി ഓരോ ജീവിയുടേയും ജീവിതം കേന്ദ്രത്തിന് തുണയാണ്. ചാണകം, ഗോമൂത്രം എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന ജൈവ കീടനാശിനികളാണ് ഉപയോഗിക്കുന്നത്.1997ൽ ജില്ല പഞ്ചായത്ത് വിത്തുൽപാദന കേന്ദ്രം ഏറ്റെടുത്തതോടെയാണ് വികസന പ്രവർത്തനങ്ങളെത്തിയത്.

പെരിയാറിന് അഭിമുഖമായി ശതാബ്ദി കവാടത്തിന്റെ നിർമ്മാണം പൂർത്തിയായി. ആലുവ പാലസിൽ നിന്നും അദ്വൈതാശ്രമത്തിലും നിന്നും കാണാം. ബോട്ട് മാർഗം എത്തുന്നവർക്ക് മാത്രമാണ് കവാടം സ്വാഗതമരുളുന്നത്.

കവാടത്തിൽ നിന്ന് വള്ളി പന്തലിന് താഴെ കയർ ഭൂവസ്ത്രം വിരിച്ച നടവരമ്പിലൂടെ പാടത്തിനരികിലൂടെ നടന്ന് വിത്തുൽപാദന കേന്ദ്രത്തിലെത്താം.

കേരള കാർഷിക സർവ്വകലാശാലയുമായി സഹകരിച്ച് ജൈവ കൃഷിയ്ക്ക് 'പാക്കേജ് ഒഫ് പ്രാക്ടീസിന്' രൂപം കൊടുത്തിട്ടുണ്ട്. ഫാമിനെ മാതൃക സംയോജിത ജൈവകൃഷി പാഠശാലയാക്കും. നെല്ല് കൃഷി മ്യൂസിയം തയ്യാറാക്കുക, ലഭ്യമായ എല്ലാ നെൽവിത്തിനങ്ങളുടേയും സാമ്പിൾ ശേഖരിച്ച് പ്രദർശിപ്പിക്കുക എന്നത് ശതാബ്ദി വർഷത്തിന്റെ പ്രവർത്തനമാണ്. പെരിയാറിന്റെ തീരത്ത് വിശ്രമിക്കുന്നതിനായി ചെറു കൂടാരങ്ങൾ, ഏറുമാടം എന്നിവ തീർത്തിട്ടുണ്ട്. ഫാമിലേയ്ക്ക് പുതിയ യാത്രാ ബോട്ട്, പെരിയാറിനും തൂമ്പാതോടിനും ഇടയിൽ ഫ്‌ളോട്ടിങ് ജെട്ടികൾ, ദേശം ഭാഗത്ത് നിന്ന് പുതിയ പാലം എന്നിവയും ഒരുക്കും.


ഒരു വർഷത്തെ ശതാബ്ദിയാഘോഷം ജൂലായ് 22ന് ആരംഭിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഉച്ചയ്ക്ക് രണ്ട് മണിക്ക് അന്യം നിന്നു പോകുന്ന നാടൻ നെല്ലിനങ്ങളെക്കുറിച്ച് സെമിനാർ.

വൈകീട്ട് മൂന്നിന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യും. ശതാബ്ദി കവാടം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ശ്രീനിവാസൻ ലോഗോ പ്രകാശനം ചെയ്യും. ആലുവ നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം പൈതൃക നെൽ വിത്തിനങ്ങളുടെ ശേഖരം കൈമാറും. ഫാമിന്റെ വൈവിധ്യ ഉത്പ്പന സമാഹര സമ്മർപ്പണം ജില്ല കൃഷി ഓഫീസർ ലേഖ കാർത്തി നിർവ്വഹിക്കും.


ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലീബ്, സ്ഥിരം സമിതി അധ്യക്ഷ സരള മോഹനൻ, ജില്ല കൃഷി ഓഫീസർ ലേഖ കാർത്തി, ഡെപ്യൂട്ടി ഡയറക്ടർ കെ.യു. സത്യഭാമ, കൃഷി ഓഫീസർ ലിസിമോൾ ജെ. വടക്കൂട്ട്, ഫാം കൗൺസിലംഗം എ. ഷംസുദ്ദീൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.