കോട്ടയം: 'പ്രസിഡന്റ് സ്ഥാനം എനിക്ക് വെറും പുല്ലാണെടാ....പുല്ല്...' എന്ന് പൊതുനിരത്തിൽ നിന്ന് വീമ്പിളക്കിയ പഞ്ചായത്ത് പ്രസിഡന്റിന് 24 മണിക്കൂറിനകം പദവി നഷ്ടമായി. സി.പി.ഐ പ്രാദേശിക നേതാവുകൂടിയായ കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രാജുവിനാണ് പാർട്ടി നിർദ്ദേശപ്രകാരം ഇന്നലെ രാജിവെയ്ക്കേണ്ടിവന്നത്. പട്ടാപ്പകൽ നടുറോഡിൽ നിന്ന് ഡി.വൈ. എഫ്. ഐ. പ്രവർത്തകനെ അസഭ്യം പറയുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതാണ് രാജുവിന് പാരയായത്. തനിക്കെതിരെ പെൺവിഷയത്തിൽ അപവാദം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് നടുറോഡിൽ നിന്ന് പരിസരബോധമില്ലാതെ തെറിവിളിച്ചത്.
'എന്നെ എന്തിനാ ചേട്ടാ തെറിവിളിക്കുന്നത്' എന്ന് ഡി.വൈ.എഫ് ഐ പ്രവർത്തകൻ ചോദിച്ചെങ്കിലും, 'നീ പൊലീസിനെ വിളിയെടാ.... അടിച്ച് ചെപ്പക്കുറ്റി പറിക്കും, കാലേവാരി അലക്കും" എന്നൊക്കെ പറഞ്ഞായിരുന്നു രാജുവിന്റെ ആക്രോശം. അതിനിടെ സ്ഥലത്തെത്തിയ ചിലർ, പദവിക്ക് ചേരാത്ത പ്രവൃത്തിയാണെന്ന് പറഞ്ഞ് ഉപദേശിച്ചാണ് പ്രസിഡന്റിനെ പിന്തിരിപ്പിച്ചത്. അതുവരെ നേരിട്ട് പ്രതികരിക്കാതിരുന്ന ഡിവൈ.എഫ്.ഐ പ്രവർത്തകനാകട്ടെ എല്ലാം മൊബൈൽ ഫോണിൽ പകർത്തി സമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റുചെയ്ത് പകരം വീട്ടി.
സംഭവം വിവാദമായതോടെ സി.പി ഐ. നേതൃത്വം അടിയന്തരയോഗം ചേർന്ന് രാജുവിനോട് രാജി ആവശ്യപ്പെടുകയായിരുന്നു. രാജുവിന്റെ പ്രകടനം പാർട്ടിയുടെ പ്രതിച്ഛായ മോശമാക്കിയെന്നു വിലയിരുത്തിയാണ് രാജി ആവശ്യപ്പെട്ടതെന്ന് സി.പി.ഐ. മണ്ഡലം സെക്രട്ടറി കെ.ടി. പ്രമദ് പറഞ്ഞു.