hafiz-saeed

വാഷിംങ്ടൺ: ​2001ലെ പാർലമെന്റ് ആക്രമണത്തിന്റെയും 2008 മുംബയ് ഭീകരാക്രമണത്തിൻറെയും മുഖ്യസൂത്രധാരനും ലഷ്കർ ഇ തൊയ്ബ തലവനുമായ ഹാഫിസ് സയിദിനെ അറസ്റ്റ് ചെയ്യാനുണ്ടായ പാകിസ്ഥാൻറെ ഉദ്ദേശത്തിൽ സംശയം പ്രകടിപ്പിച്ച് അമേരിക്ക. മുമ്പത്തെ അറസ്റ്റുകൾ ഇയാളുടെ പ്രവർത്തനങ്ങളിലോ ലഷ്കർ ഇ തൊയ്ബയിലോ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്ന് അമേരിക്കൻ ഭരണകൂടം വ്യക്തമാക്കി.

'മുമ്പും ഇത്തരത്തിലുള്ള നടപടികൾ കണ്ടു. പുകമറ സൃഷ്ടിക്കലല്ല,​ ദൃഢവും സുസ്ഥിരവുമായ നടപടികളാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.' പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ അടുത്തയാഴ്ച അമേരിക്ക സന്ദർശിക്കുന്നതിന് മുന്നോടിയായി യു.എസ് വക്താക്കൾ വെള്ളിയാഴ്ച മാദ്ധ്യമങ്ങളോട് പറഞ്ഞു.

'ബുധനാഴ്ചയാണ് ഹാഫിസ് സയിദ് അറസ്റ്റിലാകുന്നത്. 2001 ഡിസംബറിന് ശേഷമുള്ള ഏഴാമത്തെ അറസ്റ്റാണിത്. ഞാൻ നിങ്ങളെ ഓർമിപ്പിക്കട്ടെ, ഇവിടുത്തെ ചരിത്രത്തെക്കുറിച്ച് ഞങ്ങൾക്ക് വ്യക്തമായ ബോധമുണ്ട്. . പാകിസ്ഥാന്റെ സൈനിക രഹസ്യാന്വേഷണ സേവനങ്ങളിൽ നിന്ന് ഈ ഗ്രൂപ്പുകൾക്ക് ലഭിക്കുന്ന പിന്തുണയെക്കുറിച്ച് ഞങ്ങൾക്ക് അബദ്ധധാരണയില്ല. ഞങ്ങൾ ശക്തമായ നടപടികളാണ് ആഗ്രഹിക്കുന്നത്.'തീവ്രവാദ ഗ്രൂപ്പിനെതിരെ പാകിസ്ഥാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും യുഎസ് അവയിൽ വിശ്വസിക്കുന്നുണ്ടോ എന്നും ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഉദ്യോഗസ്ഥർ.

' ഭീകര സംഘടനകളിൽപ്പെട്ട ചിലരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത്പോലുള്ള പ്രാരംഭ നടപടികൾ പാകിസ്ഥാൻ സ്വീകരിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു. എന്നാൽ 2001ലെ പാർലമെൻറ് അറ്റാക്കിന് ശേഷം ഏഴാം തവണയാണ് ഹാഫിസ് സയിദ് അറസ്റ്റിലാകുന്നത്. ഇതിന് മുമ്പും നിരവധി തവണ അയാളെ അറസ്റ്റ് ചെയ്യുകയും തൊട്ടുപിന്നാലെ മോചിപ്പിക്കുകയും ചെയ്തു.

പാകിസ്ഥാൻ ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണം മുമ്പത്തെ അറസ്റ്റുകൾ ഇയാളിൽ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. ജെയ്ഷ ഇ മുഹമ്മത്,​ ലഷ്ക‌‌ർ ഇ തൊയ്ബയും പോലുള്ള ഭീകര സംഘടനകൾ പാകിസ്ഥാനിൽ തുടർച്ചയായി പ്രവർത്തിക്കുന്നതിനെപ്പറ്റി ഞങ്ങൾക്ക് ഉത്കണ്ഠയുണ്ട്. അതോടൊപ്പം പാകിസ്ഥാൻ രഹസ്യാന്വോണ വിഭാഗവും ഇത്തരം ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും ഞങ്ങൾക്ക് ആശങ്കയുണ്ട്. അത് രഹസ്യമായ കാര്യമല്ല.'- ഉദ്യോഗസ്ഥർ പറഞ്ഞു.