ഡെറാഡൂൺ: സിസേറിയൻ ശസ്ത്രക്രിയയിലൂടെ പ്രസവം നടത്തുന്നത് ഒഴിവാക്കാൻ സ്ത്രീകൾ ഉത്തരാഖണ്ഡിലെ ഗരുഡ് ഗംഗ നദിയിലെ വെള്ളം കുടിച്ചാൽ മതിയെന്ന് ഉത്തരാഖണ്ഡ് ബി.ജെ.പി അദ്ധ്യക്ഷനും എം.പിയുമായ അജയ് ഭട്ട്. ലോക്സഭയിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഭട്ട് ഈ പ്രസ്താവന നടത്തിയത്. ചുരുക്കം ചിലയാൾക്കാർക്ക് മാത്രമേ ഗരുഡ് ഗംഗ നദിയിലെ ജലത്തിന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് അറിയുള്ളൂ എന്നും, പാമ്പുകടിയേറ്റവരെ രക്ഷിക്കാൻ ഈ നദിയിലെ കല്ലുകൾ ഉരച്ച് ചേർത്ത വെള്ളം നൽകിയാൽ മതിയെന്നും അജയ് ഭട്ട് പറഞ്ഞു.
പ്രസവത്തെ തുടർന്നുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്ത്രീകൾ ഈ നദിയിലെ ജലം കുടിക്കുന്നത് അത്യുത്തമമാണെന്നും, നദീജലത്തിന്റെ ഗുണങ്ങൾ വിശദീകരിക്കവേ ഭട്ട് ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട ഒരു കഥയും അജയ് ഭട്ട് ലോക്സഭാ എം.പിമാർക്കായി വിശദീകരിച്ചു. പണ്ട്, ഇവിടെയൊരു വീട്ടിൽ വീട്ടിൽ ഒരു സർപ്പം കയറി ഒളിച്ചിരുന്നുവെന്നും ഭയന്ന് പുറത്തിറങ്ങിയ ഗൃഹനാഥന് ഈ നദീതീരത്തുള്ള ഒരു സന്യാസി നദിയിലെ കല്ല് നൽകിയെന്നും ഇതുമായി വീട്ടിൽ പ്രവേശിക്കാൻ പറഞ്ഞുവെന്നും ഭട്ട് ലോക്സഭയിൽ പറഞ്ഞു. ഗൃഹനാഥൻ കല്ലുമായി വീട്ടിൽ കയറിയ ഉടനെ ഒളിച്ചിരുന്ന പാമ്പ് പുറത്തേക്ക് ഇറങ്ങിപ്പോയെന്നും ഭട്ട് പറയുന്നു.
സ്വാമി വിവേകാനന്ദൻ ഗരുഡ് ഗംഗ നദിയുടെ അടുത്തുള്ള കക്ക്ഡിഘട്ടിൽ ധ്യാനിക്കാനിരുന്നു എന്ന് പറയപ്പെടുന്നു.സെൻട്രൽ കൗൺസിൽ ഹോമിയോപതി ബിൽ ഭേദഗതി ചെയ്യുന്ന ചർച്ചയ്ക്കിടെയാണ് ഭട്ട് ഇക്കാര്യങ്ങൾ പറയുന്നത്. ഭട്ടിന്റെ പ്രസ്താവനയ്‌ക്കെതിരെ നിരവധി അലോപ്പതി ഡോക്ടർമാർ രംഗത്ത് വന്നിട്ടുണ്ട്. അജയ് ഭട്ടിന്റെ ഈ നിർദ്ദേശം ഒട്ടും ശാസ്ത്രീയമല്ല എന്നാണു അവർ പറയുന്നത്.