വൈക്കം: ആമചാടി തേവൻ...ബ്രിട്ടീഷ് പാർലമെന്റിൽ പോലും വൈക്കത്തിന്റെ സാന്നിദ്ധ്യമറിയിച്ച സമരേതിഹാസത്തിലെ മുന്നണി പോരാളി. അമ്മയുടെ താരാട്ടിന് പകരം വയലേലകളിലെ കാവൽമാടങ്ങളിൽ ഞാറ്റുപാട്ടിന്റെ ഈണം കേട്ടുവളർന്ന അദ്ധ്വാനവർഗ്ഗത്തിന്റെ പ്രതീകം. വൈക്കം സത്യഗ്രഹ സമരത്തിന് ആവേശം പകരാനെത്തിയ ഗാന്ധിജിയുടെ സ്‌നേഹവാത്സല്യങ്ങൾ പോലും ഏറ്റുവാങ്ങിയ സമരസേനാനിയായിരുന്ന തേവന്റെ വീടും കല്ലറയും പിൻമുറക്കാർക്ക് പ്രവേശിക്കാൻ പോലുമാകാതെ അന്യാധീനപ്പെട്ട് നശിക്കുന്നു.
വേമ്പനാട്ടുകായലിൽ പൂത്തോട്ടയ്ക്ക് സമീപമുള്ള ആമചാടി തുരുത്തിലാണ് തേവന്റെ വീട്. പട്ടികജാതിക്കാരനായ തേവന് വളരെ ചെറുപ്പത്തിലേ അച്ഛനമ്മമാരെ നഷ്ടമായതാണ്. പെരുമ്പളം ദ്വീപിലെ കണ്ണേഴത്ത് വീട്ടിൽ അച്ചുക്കുട്ടിയമ്മ തന്റെ മക്കൾക്കൊപ്പം തേവനെ വളർത്തി. ടി.കെ.മാധവനാണ് തേവനിലെ പോരാളിയെ തിരിച്ചറിഞ്ഞത്. തൃപ്പൂണിത്തുറ പുത്തൻകാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്താൻ എത്തിയ ശ്രീനാരായണഗുരു തേവനെ വിശേഷിപ്പിച്ചത് ഇത് തേവനല്ല, ദേവൻ ആണെന്നായിരുന്നു. ആ വാക്കുകൾ ചരിത്രമായി. പൂത്തോട്ട ശിവക്ഷേത്രത്തിൽ തേവനെയും കൂട്ടി ദീപാരാധനക്ക് പ്രവേശിച്ച് ടി.കെ.മാധവൻ തേവന്റെയുള്ളിലെ പോരാട്ട വീര്യം ആളിക്കത്തിക്കുകയായിരുന്നു. തേവൻ പിന്നീട് വൈക്കം സത്യഗ്രഹത്തിന്റെ മുന്നണി പോരാളിയായി.
വൈക്കത്ത് ഗാന്ധിജി എത്തിയപ്പോൾ തേവനെ പരിചയപ്പെടുത്തിയത് കെ.പി.കേശവമേനോനാണ്. അധഃസ്ഥിതർക്കിടയിലെ മദ്യപാനവും അനാചരങ്ങളും ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഗാന്ധിജി തേവനോട് നിർദ്ദേശിച്ചു. ഒരിക്കൽ സത്യഗ്രഹം കഴിഞ്ഞ് ക്യാമ്പിലേക്ക് മടങ്ങുന്ന വഴിയിൽ സമരത്തെ എതിർത്തിരുന്ന സവർണരിൽ പ്രമുഖനും ജന്മിയുമായിരുന്ന ഇണ്ടതുരുത്തിമന നമ്പൂതിരിയുടെ അനുചരന്മാർ തേവന്റെയും ഒപ്പമുണ്ടായിരുന്ന സമരസേനാനികളുടെയും കണ്ണിൽ ചുണ്ണാമ്പും കമ്മട്ടിപ്പാലും കലക്കിയ മിശ്രിതം ഒഴിച്ചു. അതോടെ തേവന്റെ കാഴ്ച നഷ്ടമായി. പിൽക്കാലത്ത് ഗാന്ധിജി ഇടപെട്ട് വടക്കേ ഇന്ത്യയിൽ നിന്ന് എത്തിച്ച മരുന്ന് ഉപയോഗിച്ചാണ് കാഴ്ച ഭാഗീകമായി വീണ്ടെടുത്തത്.
സമരമുഖത്തു നിന്ന് അറസ്റ്റിലായി ജയിൽ വാസം കഴിഞ്ഞ് തിരിച്ചെത്തിയ തേവന് കിടപ്പാടം നഷ്ടമായിരുന്നു. തുടർന്ന് ടി.കെ.മാധവന്റെ ശ്രമഫലമായി തുരുത്തിൽ ഒരേക്കർ ഭൂമി അനുവദിച്ചു. അതിൽ ബാക്കിയായ 40 സെന്റിന്റെ ഉടമസ്ഥത 2005 ലെ റീ. സർവ്വേ സൂപ്രണ്ടിന്റെ ഉത്തരവ് പ്രകാരം അന്യാധീനപ്പെട്ടതായാണ് തേവന്റെ ഇളയമകൻ പ്രഭാകരന്റെ പരാതി. നാളുകളായി പ്രഭാകരൻ പരാതിയുമായി റവന്യൂ ഓഫീസുകൾ കയറിയിറങ്ങുകയാണ്. വൈക്കം സത്യഗ്രഹത്തിന്റെ അറിയപ്പെടുന്ന ഒരു സമരസേനാനിയുടെ വീടും കല്ലറയും ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വരാനിരിക്കുന്ന തലമുറകൾക്കായുള്ള അവകാശ പോരാട്ടങ്ങളിൽ ജീവിതം സമർപ്പിച്ച ഒരു പൈതൃകത്തിന്റെ പ്രതീകമാണ് ആമചാടി തേവൻ. ത്യാഗോജ്വലങ്ങളായ അത്തരം ജീവിതങ്ങൾ എല്ലാ കാലത്തും വളരുന്ന തലമുറകൾക്ക് മാതൃകയാവണം. അതിനായി ആമചാടി തേവന്റെ വീടും ശവകുടീരവുമെല്ലാം ചരിത്ര സ്മാരകമായി സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
കെ.അജിത്ത്, (വൈക്കം മുൻ എം.എൽ.എ)