പത്തനംതിട്ട : പതിവ് തെറ്റിക്കാതെ ഇക്കുറിയും പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഫെയ്ത്ത് ഇന്ത്യ സ്‌കൂളിലെ കുട്ടികൾ അയ്യപ്പദർശനത്തിനായി ശബരിമല സന്നിധിയിൽ എത്തി. ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളാണ് ഫെയ്ത്ത് ഇന്ത്യ സ്‌കൂളിൽ ഉള്ളത്. എല്ലാവർഷവും മാസപൂജക്ക് ശബരിമല നട തുറക്കുന്ന സമയത്താണ് സ്‌കൂളിലെ കുട്ടികളുമായി അദ്ധ്യാപകരും രക്ഷിതാക്കളും ശബരിമലയിൽ എത്തുക. സ്‌കൂളിലെ 45 കുട്ടികളാണ് ഇന്ന് ശബരിമലയിൽ തൊഴുത് മടങ്ങിയത്.ദർശനത്തിനായി കാത്ത് നിന്നപ്പോൾ അയ്യപ്പഭക്തൻമാരുടെ ശരണം വിളി കുട്ടികളിൽ ചിലർ ഏറ്റുവിളിക്കുന്നുണ്ടായിരുന്നു.ഉദയാസ്തമന പൂജ കണ്ട് തൊഴുത കുട്ടികൾക്ക് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരര് പ്രസാദവും വിതരണം ചെയ്തു.
മാളികപ്പുറത്തമ്മയേയും ഉപദേവതകളെയും പ്രാർത്ഥിച്ച് പിന്നെ ശബരിമലയിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിലും അവർ പങ്കാളികളായി. പുണ്യം പങ്കാവനത്തിന്റെ ഭാഗമായി മഴയെ പോലും മറന്നാണ് കുട്ടികൾ സന്നിധാനത്തും മാളികപ്പുറത്തും ശുചീകരണം നടത്തിയത്. എല്ലാവർഷവും പ്രത്യേക ബസിലാണ് കുട്ടികളെ പാലക്കാട് നിന്നും ശബരിമലയിലേക്ക് കൊണ്ടുവരുന്നത്. മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് മാത്രമായുള്ള ഫെയ്ത്ത് ഇന്ത്യ സ്‌കൂളിൽ ഏകദേശം 200ലധികം കുട്ടികൾ പഠിക്കുന്നുണ്ട്.