തിരുവനന്തപുരം: സംസ്ഥാനത്താകമാനം കനത്ത മഴ തുടരുന്നു. കടലാക്രമണം ശക്തമായതും നദികളിലുൾപ്പെടെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതും തീരദേശങ്ങളിൽ ജനജീവിതം ദുസഹമാക്കി. ചൊവ്വാഴ്ചവരെ അതിശക്തമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. എല്ലാ ജില്ലകളും ജാഗ്രതപാലിക്കാൻ കേന്ദ്രകാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.
മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയുള്ള കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുളളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്ത് നെയ്യാറ്റിൽ ചൂണ്ടയിട്ടുകൊണ്ടിരുന്ന ചെങ്കൽ തെക്കെകാട്ടിലുവിള തിന്നവിള വീട്ടിൽ സ്റ്റീഫൻ (55) ആറ്റിൽ വീണ് മരിച്ചു. ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം.പിരായംമൂട് കടവിൽ കാണാതായ സ്റ്റീഫന്റെ മൃതദേഹം തിരച്ചിലിനിടെ ഇന്ന് രാവിലെ പാലക്കടവിനു സമീപത്തുനിന്നാണ് കണ്ടെത്തിയത്.
ഫോർട്ട് കൊച്ചിയിൽ കടലിലിറങ്ങിയ യുവാവിനെയും തിരയിൽപ്പെട്ട് കാണാതായി. മട്ടാഞ്ചേരി സ്വദേശി റെനീഷിനെയാണ് കാണാതായത്. അതേസമയം, മത്സ്യബന്ധനത്തിനിടെ ബുധനാഴ്ച വിഴിഞ്ഞം ഭാഗത്ത് നിന്ന് കാണാതായ പല്ലുവിള കൊച്ചുപള്ളി പെള്ളികെട്ടിയ പുരയിടത്തിൽ യേശുദാസൻ(55), കൊച്ചുപള്ളി പുതിയതുറ പുരയിടത്തിൽ ആന്റണി(50), പുതിയതുറ കിണറുവിള പുരയിടത്തിൽ ലൂയിസ് (53), നെടിയവിളാകം പുരയിടത്തിൽ ബെന്നി(33) എന്നിവരെ കണ്ടെത്തി.
ശക്തമായ കടൽക്ഷോഭവും മണിക്കൂറിൽ 45 കി.മീ വേഗത്തിൽ ഉൾക്കടലിൽ നിന്ന് കരയിലേക്ക് അടിക്കുന്ന ശക്തമായ കാറ്റും തെരച്ചിൽ പ്രവർത്തനങ്ങൾക്ക് തടസമായിരിക്കുകയാണ്. കാറ്റ് ശക്തമായതിനാൽ ഹെലികോപ്റ്റർ താഴ്ന്ന് പറന്നുള്ള തെരച്ചിൽ സാദ്ധ്യമല്ലെന്ന് വ്യോമസേന ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനാൽ ഡോണിയർ വിമാനം ഉപയോഗിച്ചുള്ള തെരച്ചിലും സാദ്ധ്യമായിട്ടില്ല. കൊച്ചിയിൽ നിന്നും മുട്ടത്ത് നിന്നുമെത്തിയ കോസ്റ്റ് ഗാഡിന്റെ രണ്ട് കപ്പലുകളാണ് നിലവിൽ മുഴുവൻ സമയതെരച്ചിലിൽ ഏർപ്പെട്ടിട്ടുള്ളത്. മുംബയ് ആസ്ഥാനമായ മാരിടൈൻ എമർജൻസി ബോർഡിന്റെ സഹായവും ജില്ലാ ഭരണകൂടം തെരച്ചിലിനായി തേടിയിട്ടുണ്ട്. കപ്പൽ ചാൽവഴി പോകുന്ന യാത്രാ കപ്പലുകൾക്കും ചരക്ക് കപ്പലുകൾക്കും കാണാതായ മത്സ്യതൊഴിലാളികളെ സംബന്ധിച്ച വിവരങ്ങൾ കൈമാറും. കടലിൽ എവിടെയെങ്കിലും ഇവരെ കണ്ടെത്തിയാൽ രക്ഷിക്കുന്നതിനും വിവരം കോസ്റ്റ് ഗാർഡിനെ അറിയിക്കാനുമാണ് നിർദേശം.
റവന്യൂ, ജില്ലാ ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥർ വിഴിഞ്ഞത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നുണ്ട്. മത്സ്യതൊഴിലാളികൾ സ്വന്തം നിലയ്ക്ക് തെരച്ചിലിനിറങ്ങുമെന്ന് പ്രഖ്യാപിച്ചെങ്കിലും കടൽ പ്രക്ഷുബ്ദമായതിനാൽ പൊലീസും റവന്യൂ അധികൃതരും ഇവരെ പിന്തിരിപ്പിച്ചിരിക്കുകയാണ്.വലിയതുറയിൽ ശക്തമായ കടലാക്രമണത്തിൽ മൂന്ന് വീടുകൾ തകർന്നു. കുടുംബങ്ങളെ വലിയതുറയിലെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി. തെരച്ചിൽ കാര്യക്ഷമമല്ലെന്നാരോപിച്ച് വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു. കാണാതായവരുടെ വീടുകളിൽ ഉമ്മൻചാണ്ടി സന്ദർശിച്ചു.
കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാം ഷട്ടർ തുറന്നു. കരമനയാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജലഅതോറിറ്റി മുന്നറിയിപ്പ്
നൽകിയിട്ടുണ്ട്.ഉയർന്ന പ്രദേശങ്ങളിലും മണ്ണെടുത്ത് ദുർബലമായ മലയോരങ്ങളിലും മണ്ണിടിച്ചിലിനു സാധ്യതയുണ്ട്. മൂന്നു ദിവസം കൂടി മഴ ഇതേ നിലയിൽ തുടർന്നാൽ ഏകദേശം 40 സെമീ വരെ മഴ ലഭിക്കും. ഇതോടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന കാലവർഷത്തിലെ 48 ശതമാനം കുറവ് ഏറെക്കുറെ പരിഹരിക്കപ്പെടും.
ജലനിരപ്പ് 10 ശതമാനത്തിലും താഴേക്കു പോയ ഇടുക്കി, ശബരിഗിരി ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാനപ്പെട്ട അണക്കെട്ടുകളിലേക്കു ഒരാഴ്ച വരെ നീരൊഴുക്ക് ശക്തമാക്കും. താഴ്ന്നുകൊണ്ടിരുന്ന ഭൂഗർഭ ജലനിരപ്പും മെച്ചപ്പെടും.
കൊല്ലത്തും തെരച്ചിൽ
കടലിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ കോസ്‌റ്ര് ഗാർഡും മറൈൻ എൻഫോഴ്സ് മെന്റും സംയുക്ത തെരച്ചിൽ തുടങ്ങി.തമിഴ്‌നാട് കൊല്ലങ്കോട് നീരോടി സ്വദേശികളായ രാജു, ജോൺ ബോസ്‌ക്കോ, സഹായ രാജു എന്നിവരെയാണ് ഇന്നലെ നീണ്ടകരയിൽ കാണാതായത്. ഇവർക്കൊപ്പമുണ്ടായിരുന്ന സ്‌റ്റാലിൻ (45), നിക്കോളാസ് (40) എന്നിവർ നീന്തി രക്ഷപ്പെട്ടു. നാവിക സേനയുടെ ഹെലികോപ‌്‌ടർ തെരച്ചിലിന് ഇറക്കാൻ തീരുമാനിച്ചെങ്കിലും ശക്തമായ കാറ്റ് തടസമായി.
കൊച്ചിയിൽ യെല്ലോ അലർട്ട്
ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലങ്കര, ഭൂതത്താൻകെട്ട് ഡാമുകളുടെ ഷട്ടറുകൾ തുറന്നു. കടലാക്രമണത്തിൽ ചെല്ലാനത്ത് നിരവധി വീടുകളിൽ വെള്ളം കയറി. മഴ ശക്തമായതോടെ മലങ്കരഡാമിന്റെ രണ്ടും ഭൂതത്താൻ കെട്ട് ഡാമിന്റെ 9ഉം ഷട്ടറുകൾ തുറന്നു. കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിനടിയിലായി. ഉറയംപെട്ടി, വെള്ളാരംകുന്ന് ആദിവാസി കോളനികൾ ഒറ്റപ്പെട്ടു. പെരിയാറിന്റെതീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാഭരണകൂടം നിർദ്ദേശിച്ചു.