കൂത്തുപറമ്പ്: കോട്ടയം പൊയിലിനടുത്ത ആറാംമൈലിലുണ്ടായ വാഹനാപകടത്തിൽ ആർ.എസ്.എസ് പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് വത്സൻ തില്ലങ്കേരിക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലര മണിയോടെ അദ്ദേഹം സഞ്ചരിച്ച ബൊലേറോ ജീപ്പ് മറിഞ്ഞാണ് അപകടം. തലയ്ക്ക് പരിക്കേറ്റ തില്ലങ്കേരിയെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗൺമാൻ അരുണിനും പരിക്കേറ്റിട്ടുണ്ട്. പരിക്ക് സാരമുള്ളതല്ലെന്നാണ് അറിയുന്നത്.
കൊല്ലത്തേക്ക് പോകുന്നതിന് വേണ്ടി തലശ്ശേരി റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുന്നതിനിടയിലായിരുന്നു അപകടം. ശക്തമായ മഴയിൽ വാഹനം റോഡിൽ നിന്നും തെന്നിയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. കൂത്തുപറമ്പ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ റോഡിൽ നിന്നും വാഹനം നീക്കം ചെയ്തു. കതിരൂർ പൊലീസും സ്ഥലത്തെത്തി.