ന്യൂഡൽഹി: പാകിസ്ഥാനിലെ മുസ്‌ലിം ലീഗിന്റെ മാതൃകയിൽ നക്ഷത്രം, ചന്ദ്രക്കല തുടങ്ങിയ ചിഹ്നങ്ങൾ വച്ചുകൊണ്ടുള്ള പച്ച നിറത്തിലുള്ള കൊടികൾ നിരോധിക്കണമെന്ന ഹർജിയിൽ മറുപടി നൽകാൻ കേന്ദ്രത്തിന് കൂടുതൽ സമയം സുപ്രീം കോടതി അനുവദിച്ചു. ഇക്കാര്യത്തിൽ രണ്ടാഴ്ച കൂടി അധികം സമയമാണ് സുപ്രീം കോടതി കേന്ദ്രത്തിന് നൽകിയത്. ഇത്തരം പതാകൾ ഉയർത്തുന്നത് തടയണമെന്നും ഹർജിയിൽ പറയുന്നു. ഇക്കാര്യം കാണിച്ച് കഴിഞ്ഞ വർഷം തന്നെ കോടതി കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഉത്തർ പ്രദേശിലെ സെൻട്രൽ ഷിയാ വഖഫ് ബോർഡ് ചെയർമാൻ സയീദ് വസീം റസ്‌വിയാണ് കോടതിയിൽ ഹർജി നൽകിയത്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടങ്ങിയ സുപ്രീംകോടതി ബഞ്ചാണ് ഹർജി പരിഗണിച്ചത്. ഇത്തരം പതാകകൾ ഉയർത്തുന്നത് അനിസ്‌ലാമികമാണെന്നാണ് സയീദ് വസീം തന്റെ ഹർജിയിൽ പറയുന്നത്. ഇത്തരം പതാകകൾ ഹിന്ദു, മുസ്ലിം സ്പർദ്ദ ഉണ്ടാകുന്നതിലേക്ക് നയിക്കുമെന്നും സയീദ് ഹർജിയിൽ പറയുന്നുണ്ട്. മുംബയിലെ ഒട്ടേറെ കെട്ടിടങ്ങളിലും ആരാധനാലയങ്ങളിലും ഇത്തരത്തിലുള്ള പതാകകൾ സ്ഥാപിച്ചിട്ടുണ്ടെന്നും സയീദ് ചൂണ്ടിക്കാട്ടി.
പാകിസ്ഥാൻ രാഷ്ട്രപിതാവായ മുഹമ്മദലി ജിന്നയും, നവാസ് വഖാർ ഉൾ മാലിക്കും ചേർന്നാണ് 1906ൽ മുസ്ളീം ലീഗ് സ്ഥാപിക്കുന്നത്. ഈ പഴയ മുസ്ലിം ലീഗിന്റെ കൊടിയിലാണ് ചന്ദ്രക്കലയും, നക്ഷത്രവും, പച്ച നിറവും ഉള്ളത്. ഈ കൊടിയുംചിഹ്നങ്ങളും ഇസ്‌ലാമികമാണെന്നാണ് ഇന്ത്യൻ മുസ്ലീങ്ങൾ വിശ്വസിച്ച് പോരുന്നുവെന്നും സയീദ് വസീം ഹർജിയിൽ പറയുന്നു. പല ഇസ്‌ലാമിക മേഖലകളിലും ഈ പതാക ഉയർത്തുന്നുണ്ടെന്നും ഇതിന് ഇസ്‌ലാമുമായോ അതിനുള്ളിലെ ആചാരങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്നും സയീദ് തന്റെ ഹർജിയിൽ വാദിക്കുന്നു.