vizhinjam

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ ബുധനാഴ്ച വിഴിഞ്ഞം ഭാഗത്ത് നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. പല്ലുവിള കൊച്ചുപള്ളി പെള്ളികെട്ടിയ പുരയിടത്തിൽ യേശുദാസൻ(55), കൊച്ചുപള്ളി പുതിയതുറ പുരയിടത്തിൽ ആന്റണി(50), പുതിയതുറ കിണറുവിള പുരയിടത്തിൽ ലൂയിസ് (53), നെടിയവിളാകം പുരയിടത്തിൽ ബെന്നി(33) എന്നിവരെയാണ് ഉൾക്കടലിൽ നിന്ന് കണ്ടെത്തിയത്. ഇവരെ ഇപ്പോൾ കരയിലെത്തിച്ചു.

ഇവരുടെ ബോട്ടിന്റെ എഞ്ചിൻ തകരാറായതിനെ തുടർന്ന് കടലിൽ കുടങ്ങിക്കിടക്കുകയായിരുന്നു. മൂന്ന് ദിവസമായി കടലിൽ ഭക്ഷണം കഴിക്കാതെ അവശരായ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മറൈൻ എൻഫോഴ്സ് മെന്റിന്റെയും കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ തീരത്ത് നിന്ന് 40 നോട്ടിക്കൽ മൈൽ ഇവർക്കായി തിരച്ചിൽ നടത്തിയിരുന്നു.

അതേസമയം, സംസ്ഥാനത്താകമാനം കനത്ത മഴ തുടരുന്നു. കടലാക്രമണം ശക്തമായതും നദികളിലുൾപ്പെടെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതും തീരദേശങ്ങളിൽ ജനജീവിതം ദുസഹമാക്കി. ചൊവ്വാഴ്ചവരെ അതിശക്തമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. എല്ലാ ജില്ലകളും ജാഗ്രതപാലിക്കാൻ കേന്ദ്രകാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.

മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയുള്ള കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുളളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് നെയ്യാറ്റിൽ ചൂണ്ടയിട്ടുകൊണ്ടിരുന്ന ചെങ്കൽ തെക്കെകാട്ടിലുവിള തിന്നവിള വീട്ടിൽ സ്റ്റീഫൻ (55) ആറ്റിൽ വീണ് മരിച്ചു. ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം.പിരായംമൂട് കടവിൽ കാണാതായ സ്റ്റീഫന്റെ മൃതദേഹം തിരച്ചിലിനിടെ ഇന്ന് രാവിലെ പാലക്കടവിനു സമീപത്തുനിന്നാണ് കണ്ടെത്തിയത്.