food

തിരുവനന്തപുരത്തെ തട്ടുകടകൾ പ്രസിദ്ധമാണെങ്കിലും ഇവിടം ഭക്ഷണത്തിന് അത്ര പേര് കേട്ട ഒരു പ്രദേശമല്ല. ആ ഖ്യാതി ലഭിച്ചിരിക്കുന്നത് കോഴിക്കോടിനാണ്. പക്ഷെ എന്നുവച്ച് നല്ല ഭക്ഷണം ഇവിടെ കിട്ടാറില്ല എന്നൊന്നും അർത്ഥമില്ല. തിരുവനന്തപുറത്തെ ഏറ്റവും നല്ല ഭക്ഷണ സാധനങ്ങളെ കുറിച്ച് അറിയണമെങ്കിൽ അജിത്തിനോടും താരയോടും ചോദിച്ചാൽ മതി. കാരണം ഈ ദമ്പതികൾ നഗരത്തിലെ മിക്ക ഭക്ഷണശാലകളും കയറിയിറങ്ങി വീഡിയോ റിവ്യൂകൾ തയാറാക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഏറ്റവും നല്ല സദ്യയും, ഏറ്റവും നല്ല ബിരിയാണിയും, ഏറ്റവും നല്ല കൊത്ത് പറോട്ടയും എവിടെയാണ് ലഭിക്കുക എന്ന് ഇവർക്ക് കൃത്യമായി അറിയാം. ഇരുവരും എങ്ങനെയാണ് ഫുഡ് റിവ്യൂവേഴ്സ് ആകുന്നതെന്ന് അറിയാമോ? തടി കുറയ്ക്കാൻ ഇറങ്ങി തിരിച്ചവർ ഭക്ഷണ നിരൂപണം ഇറക്കുന്ന സംഭവം അധികമൊന്നും നമ്മൾ കേട്ടിട്ടില്ല. എന്നാൽ ഇവരുടെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ അതാണ് സംഭവിച്ചത്.

വിവാഹം കഴിക്കുമ്പോൾ താരയ്ക്കും, അജിത്തിനും 30 മുതൽ 40 വരെ അധിക ഭാരമുണ്ടായിരുന്നു. ഇത് കുറയ്ക്കുന്നതിനായുള്ള കഠിന ശ്രമത്തിലായിരുന്ന ഇവർ ഒരിക്കൽ വെള്ളയമ്പലം വഴിയൊന്ന് പോയി. നിരനിരയായി നിൽക്കുന്ന റെസ്റ്റോറന്റുകളിൽ നിന്നും മൂക്കിലേക്കെത്തിയ അൽ ഫഹമിന്റെ മണം ഇവരെ പിടിച്ചുനിർത്തി. ഡയറ്റിങ് അടുത്തുള്ള കുപ്പത്തൊട്ടിയിലേക്കിട്ട് ഇവർ നേരെ അൽഫാം കഴിക്കാൻ കയറി. ഈ കഥ ഇവർ സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അവരാണ് ഫുഡ് റിവ്യൂ എന്ന ആശയം ഇരുവരുടെയും തലയിൽ കയറ്റിയത്. അപ്പോഴേക്കും താരയുടെയും അജിത്തിന്റെയും ഭാരം 20,25 കിലോ കുറഞ്ഞിരുന്നു. അങ്ങനെ സുഹൃത്തുക്കളുടെ നിർബന്ധവും ഭക്ഷണത്തോടുള്ള പ്രേമവും കൂടിയായപ്പോഴാണ് ഇരുവരും വീണ്ടും ഭക്ഷണത്തിന്റെ ലോകത്തേക്ക് ഇറങ്ങാൻ തീരുമാനിക്കുനത്.

അജിത്ത് ഒരു ഭക്ഷണ കുറ്റാന്വേഷകനാണ്. ഭക്ഷണത്തിന്റെ ഓരോ കുറ്റവും കുറവും തന്റെ രസമുകുളങ്ങൾ കൊണ്ട് നിമിഷനേരം കൊണ്ട് അജിത് മനസിലാക്കിയെടുക്കും. താരയും അതുപോലെതന്നെ. തങ്ങൾ കഴിച്ച ഭക്ഷണത്തിന്റെ കൊതിപ്പിക്കുന്ന വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഇവർ ഫേസ്ബുക്കിനെയാണ് ആശ്രയിക്കുന്നത്. 'കൗച്ച് പൊട്ടെറ്റോസ്' എന്ന പേരിൽ പ്രസിദ്ധമായ ഒരു ഫേസ്ബുക്ക് പേജും ഇവ നോക്കി നടത്തുന്നുണ്ട്. ചെല്ലുന്ന ഓരോ റെസ്റ്റോറന്റിലും കടകളിലും ഭക്ഷണം ഓർഡർ ചെയ്ത ശേഷം വീഡിയോ ഷൂട്ട് ചെയ്താണ് ഇവർ കഴിക്കാൻ തുടങ്ങുക. തിരുവനന്തപുരത്തെ മാത്രമല്ല ഡൽഹിയിലേയും ചെന്നൈയിലേയും ഭക്ഷണവും ഇവർ റിവ്യൂ ചെയ്യും.

ഇങ്ങനെ ഷൂട്ട് ചെയ്ത വീഡിയോകൾ ഫേസ്ബുക്കിലിട്ട് ഭക്ഷണപ്രേമികളുടെ വായിൽ വെള്ളം നിറച്ചുകൊണ്ടാണ് ഇവർ ലൈക്കുകളും ഷെയറുകളും നേടുന്നത്. പേജ് ആരംഭിച്ച് നാല് വർഷത്തിനുള്ളിൽ 20 വീഡിയോകളാണ് ഇവർ പോസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് പേജ് കൂടാതെ 'ഇൻസൈഡ് എ പൊട്ടെറ്റോ' എന്ന പേരിൽ ഒരു പോഡ്‌കാസ്റ്റും ഇവർ നടത്തുന്നുണ്ട്. ഭക്ഷണ റിവ്യൂ മാത്രമല്ല സിനിമ റിവ്യൂവും പോഡ്‌കാസ്റ്റിൽ ഇവർ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമവിദ്യാർത്ഥിയായ താര അടുത്ത് തന്നെ അഭിഭാഷകയായി എൻറോൾ ചെയ്യും. അജിത് ഫ്രീലാൻസ് എഴുത്തുകാരനാണ്.

അജിത്തും താരയും കണ്ടെത്തിയ തിരുവനന്തപുരത്തെ ഏറ്റവും നല്ല ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങൾ:

മട്ടൻ ബിരിയാണി - അജ്‌വ റെസ്റ്റോറന്റ്
കൊത്ത് പറോട്ട - സൽവ ഡൈൻ
ചിക്കൻ പെരട്ട് - നാരായണ ഭവൻ
ഗീ പറോട്ട - കിങ്സ് റെസ്റ്റോറന്റ്
സദ്യ(കേരള സ്പെഷ്യൽ) - മദേഴ്‌സ് പ്ലാസ
അച്ചായൻസ് സദ്യ - എടനേരം(ഞായറാഴ്ച മാത്രം)
ബീഫ് + ചുക്കപ്പം - വാഴത്തോപ്പിൽ, കഫേ ഗ്രീൻ