red-92

പോലീസുകാരുടെ വെയിറ്റിംഗ് റൂം ആയിരുന്നു അത്...

അവിടെ...

മുകളിലെ ഹുക്കിൽ നിന്ന് ഒരു പ്ളാസ്റ്റിക് കയർ കെട്ടിത്തൂക്കിയിരുന്നു. അതിൽ മുകളിലേക്ക് അല്പം ഉയർത്തിയ നിലയിൽ ബലഭദ്രന്റെ കൈകൾ കെട്ടിയിരിക്കുന്നു.

കൂടാതെ അയാളുടെ കക്ഷത്തിനടിയിലൂടെ ഒരു ലാത്തി തിരുകിക്കയറ്റിയിട്ടുണ്ട്.

ലാത്തി കൈമടക്കിൽ കുടുങ്ങിയിരിക്കുന്നു...

അതിനപ്പുറത്തു കൂടിയാണ് കൈപ്പത്തികൾ മുകളിലേക്കുയർത്തി ബന്ധിച്ചിരിക്കുന്നത്!

കൈയിലെ അസ്ഥികൾ ഒടിഞ്ഞു നുറുങ്ങുന്ന വേദനയിൽ ബലഭദ്രൻ മൂളുന്നുണ്ട്.

അയാളുടെ ശിരസ്സ് ഒടിഞ്ഞതുപോലെ നെഞ്ചിലേക്കു കുനിഞ്ഞു കിടക്കുന്നു.

ചുണ്ടുപൊട്ടിയും പല്ലിളകിയും ഒഴുകുന്ന ചോര തുപ്പൽ കലർന്ന് നൂലുപോലെ താഴേക്കുവരുന്നു...

നെഞ്ചിലും പുറത്തും ലാത്തിയടിയേറ്റ് തിണർത്ത ചുവന്ന പാടുകൾ..

കാൽപ്പത്തികളുടെ അഗ്രം മാത്രമേ തറയിൽ കുത്തിയിട്ടുള്ളൂ.

അണ്ടർവെയർ മാത്രമാണു വേഷം.

ഏതാനും സെക്കന്റുകൾ കൊണ്ട് അനന്തഭദ്രൻ എല്ലാം നോക്കി കണ്ടു. അയാളുടെ മനസ്സിൽ അഗ്നിക്കാറ്റ് വട്ടം ചുറ്റി.

''എടാ.... എന്റെ അനുജനെ നീയൊക്കെ കൊല്ലാക്കൊല ചെയ്തു അല്ലേ? അരമണിക്കൂർ കൊണ്ട്...! ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ്! ജനമൈത്രി പോലീസ് സ്റ്റേഷനിൽ!"

അനന്തഭദ്രൻ തന്റെ ഇടതു ഭാഗത്തു നിന്നിരുന്ന പോലീസുകാരന്റെ ശിരസ്സിൽ തലകൊണ്ട് ഒറ്റയിടി.

ചെമ്പുകലത്തിൽ തട്ടുന്നതുപോലെ ഒരു ശബ്ദം.

''ഹാ..."

തലയിൽ കല്ലുകൊണ്ട് ഇടിയേറ്റതുപോലെ തോന്നി പോലീസുകാരന്.

അയാൾ വേച്ചുപോയി.

അവർക്കു പിന്നാലെ രണ്ടാം നിലയിലേക്കു കയറിവന്ന സി.ഐ ഋഷികേശ് ഇത് കണ്ടു.

''അഹങ്കാരി... അവനെ ആ ബഞ്ചിൽ മലർത്തിക്കിടത്ത്." ഋഷികേശ് അലറി.

പോലീസുകാർ, അവിടെ കിടന്നിരുന്ന ഒരു ബഞ്ചിൽ അനന്തഭദ്രനെ കിടത്തി. കൈകൾ അയാൾക്കടിയിൽ ബഞ്ചിലമർന്നു.

കാലുകളിലും നെഞ്ചിലും അവർ കയർ കൊണ്ട് ബഞ്ചിനോടു ചേർത്ത് മുറുക്കി കെട്ടി.

''സഹദേവാ..." ഋഷികേശ് കൽപ്പിച്ചു. ''ഉരുട്ടിക്കൊലയുടെ വാർഷികം ആഘോഷിക്കുന്ന ഈ സമയത്ത് ഇവനൊക്കെ അറിയണം അതിന്റെ രുചി."

പെട്ടെന്ന് സഹദേവൻ ഒരു ലാത്തിയെടുത്തു.

അനന്തഭദ്രന്റെ കാൽപ്പത്തിയിൽ അടിച്ചായിരുന്നു തുടക്കം.

ആദ്യമൊക്കെ പല്ലുകടിച്ചുകിടന്നു അനന്തഭദ്രൻ.

എന്നാൽ ക്രമേണ അയാളുടെ മനോവീര്യം തകർന്നു.

കാൽപ്പത്തിക്കടിയിൽ ഏൽക്കുന്ന ഓരോ അടിയും ഞരമ്പുകളിലൂടെ തീജ്വാലകളായി അയാളുടെ ശിരസ്സിൽ ചെന്നു പിടഞ്ഞു.

''ഋഷികേശേ..." അനന്തഭദ്രൻ അലറി. ''എന്നെ തല്ലുന്ന ഓരോ നിമിഷത്തിനും നീയും നിന്റെയീ പോലീസ് ഭ്രാന്തന്മാരും മറുപടി പറയേണ്ടിവരും. ഞാൻ പറയിക്കും.

അല്ലെങ്കിൽ എന്നെയങ്ങ് കൊന്നേക്കണം."

ഋഷികേശ് ചിരിച്ചുകൊണ്ട് മുന്നോട്ടു ചെന്നു.

''രാജഭരണമായിരുന്നെങ്കിൽ നാടു വാഴേണ്ടിയിരുന്ന തമ്പുരാനെ കൊല്ലാനോ? ഒരിക്കലുമില്ല. ഇവിടെ മാത്രമല്ല, അങ്ങ് ജയിലിലും നരകയാതന അനുഭവിപ്പിച്ചിട്ട് മുട്ടിന്മേൽ ഇഴയിക്കാനുള്ളതല്ലേ... അതുകൊണ്ട് മരിക്കും എന്ന ഭയം വേണ്ടാ. "

ഋഷികേശ് ഒരു സിഗററ്റിനു തീ കൊളുത്തിക്കൊണ്ട് പുകയൂതി:

''തന്റെയൊക്കെ ജീവിതം തീർന്നെടോ.

''ഇനി കോവിലകത്താണ്, തമ്പുരാനാണ് എന്നൊക്കെ പറഞ്ഞ് നീ ചെന്നാൽ.. ജനം ചെരുപ്പു മാലയണിയിച്ച് കല്ലെറിഞ്ഞ് നഗരപ്രദക്ഷിണം നടത്തിക്കും. അത് ഞാൻ കാണും."

ഋഷികേശ് സഹദേവന്റെ നേരെ തിരിഞ്ഞു.

''ഇവിടുത്തെ സി.സി.ടിവി ഓഫ് ചെയ്തിരിക്കുകയാണല്ലോ?"

''സാർ. അതെ."

''നന്നായി. എങ്കിലിനി അടുത്ത ഘട്ടത്തിലേക്കു കടന്നോ..."

''സാർ."

അവിടെ നടക്കുന്നതൊന്നും ബലഭദ്രനും അറിയുന്നുണ്ടായിരുന്നില്ല. ഒരു ശവം കെട്ടിത്തൂക്കിയിരിക്കുന്നതുപോലെയായിരുന്നു അയാളുടെ അവസ്ഥ.

സഹദേവൻ, ലാത്തി അനന്തഭദ്രന്റെ തുടകൾക്കു മുകളിൽ വച്ചു. ഒരഗ്രത്തിൽ അയാളും മറുഭാഗത്ത് മറ്റൊരാളും ഇരുന്നു.

''ആ...."

പേശികൾ പൊട്ടിപ്പോകുന്ന വേദനയിൽ അനന്തഭദ്രൻ അലറി.

ഋഷികേശ് തന്റെ കർച്ചീഫ് എടുത്ത് ചുരുട്ടി അയാളുടെ വായിൽ കുത്തി തിരുകി.

ലാത്തിപ്പുറത്ത് ഇരുന്നവർ രണ്ടും പതുക്കെ താഴേക്ക് അത് ഉരുട്ടിത്തുടങ്ങി.

അനന്തഭദ്രൻ വേദന കൊണ്ട് ശിരസ്സ് ഇടംവലം അടിച്ചു. അയാളുടെ തുടയിലെ മസിലുകൾ ഉടയുകയായിരുന്നു.

അപ്പോൾ മറ്റൊരു അതിഥി രണ്ടാം നിലയിലേക്ക് കയറിവന്നു. എം.എൽ.എ ശ്രീനിവാസ കിടാവ്!

അനന്തഭദ്രന്റെയും ബലഭദ്രന്റെയും അവസ്ഥ കണ്ട് അയാൾ ഉള്ളു തുറന്നു ചിരിച്ചു.

''ഋഷികേശേ.. അങ്ങ് മുകളിൽ മുതൽ പിടിപാടുള്ള ആളുകളാ. കിട്ടുന്ന അത്രയും സമയം ബോറടിപ്പിക്കാതെ നോക്കണം."

''അത് പിന്നെ എനിക്കറിയത്തില്ലേ സാറേ.." സി.ഐയും ചിരിയിൽ പങ്കുചേർന്നു.

ആ സമയത്ത് സി.ഐ ഋഷികേശിന്റെ ക്വാർട്ടേഴ്സിന്റെ വാതിലിൽ ആരോ തട്ടി.

(തുടരും)