മുംബയ്: വിരമിക്കൽ വിവാദങ്ങൾക്കിടെ വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണി പിന്മാറി. പര്യടനത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ധോണി ബി.സി.സി.ഐയോട് ആവശ്യപ്പെട്ടു. അടുത്ത രണ്ട് മാസം ടെറിട്ടോറിയൽ ആർമിക്കൊപ്പം ചെലവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ടെറിട്ടോറിയൽ ആർമിയുടെ പാരച്യൂട്ട് റെജിമെന്റിൽ ലെഫ്റ്റനന്റ് കേണലിന്റെ ഹോണററി പദവി വഹിക്കുകയാണ് ധോണി.
വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കാൻ എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള ബി.സി.സി.ഐ സെലക്ഷൻ പാനൽ ഞായറാഴ്ച യോഗം ചേരും. ഇന്ത്യയ്ക്ക് വിവിധ ഫോർമാറ്റുകളിൽ വ്യത്യസ്ത ക്യാപ്ടൻമാർ വന്നേക്കുമെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നാണ് റിപ്പോർട്ട്. എല്ലാ ഫോർമാറ്റിലും ക്യാപ്ടനായി കൊഹ്‌ലി തന്നെ തുടരുമെന്ന് ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദ് പറഞ്ഞതായി ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊഹ്‌ലി തന്നെ ഇന്ത്യയെ നയിക്കുന്നതാണ് ഉചിതമെന്നാണ് സെലക്ഷൻ കമ്മിറ്റിയുടെ നിലപാട്.
അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ധോണിക്ക് ഉടൻ പദ്ധതിയില്ലെന്ന് അദ്ദേഹത്തിന്റെ ദീർഘകാല സുഹൃത്തും ബിസിനസ്സ് പങ്കാളിയുമായ അരുൺ പാണ്ഡെ പറഞ്ഞു. അദ്ദേഹത്തിന് ഉടനടി വിരമിക്കാനുള്ള പദ്ധതികളൊന്നുമില്ല. അദ്ദേഹത്തെപ്പോലുള്ള ഒരു മികച്ച കളിക്കാരന്റെ ഭാവിയെക്കുറിച്ചുള്ള നിരന്തരമായി ഉൗഹങ്ങൾ നടത്തുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.